വിട, മാണിസാർ
Wednesday, April 10, 2019 12:26 PM IST
കൊച്ചി/കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായനും പ്രഗത്ഭനായ നിയമസഭാ സാമാജികനും ഭരണതന്ത്രജ്ഞനും കേരള കോണ്‍ഗ്രസ് -എം ചെയർമാനുമായ കെ.എം. മാണി അന്തരിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ഇന്നലെ വൈകുന്നേരം 4.57 -നായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഭാര്യ കുട്ടിയമ്മയും ജോസ് കെ. മാണി എംപി ഉൾപ്പെടെ മക്കളും മരുമക്കളും കൊച്ചുമക്കളും വിയോഗസമയം അരികിലുണ്ടായിരുന്നു.
കെ.എം. മാണിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര എറണാകുളം മരട് ലേക്ഷോർ ആശുപത്രിയിൽനിന്നു ലോ ഫ്ളോർ ബസിൽ ഇന്നു രാവിലെ 9.30ന് പുറപ്പെടും. തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറന്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ വഴി കോട്ടയത്തെത്തിച്ച് 12ന് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലും 12.30ന് തിരുനക്കര മൈതാനത്തും പൊതുദർശനം. 2.30ന് തിരുനക്കരയിൽനിന്നു ശാസ്ത്രി റോഡ് വഴി കളക്ടറേറ്റ്, മണർകാട്, അയർക്കുന്നം, കിടങ്ങൂർ, കടപ്ലാമറ്റം വഴി സ്വദേശമായ മരങ്ങാട്ടുപിള്ളിയിൽ എത്തിക്കും. 3.30 വരെ ജന്മനാടായ മരങ്ങാട്ടുപിള്ളിയിൽ അന്തിമോപചാരം. തുടർന്നു പാലാ മുനിസിപ്പൽ ടൗണ്‍ ഹാളിൽ 4.30വരെ പൊതുദർശനം. ആറിനു പാലായിലെ കരിങ്ങോഴയ്ക്കൽ വസതിയിലെത്തിക്കും.
സംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 2.30ന് വസതിയിൽ ആരംഭിച്ച് ഒൗദ്യോഗിക ബഹുമതികളോടെ പാലാ സെന്റ് തോമസ് കത്തീഡ്രലിൽ സംസ്കരിക്കും. തുടർന്ന് അനുശോചന സമ്മേളനം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥിനിർണയം വരെ രാഷ്ട്രീയത്തിലും പാർട്ടിയിലും സജീവമായിരുന്നു. ശ്വാസതടസത്തെത്തുടർന്ന് മാർച്ച് 13ന് എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ചികിത്സ തേടി. 27ന് പാലായിലേക്കു മടങ്ങിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ ആശുപത്രിയിലേക്കു മടങ്ങേണ്ടിവന്നു. ഇന്നലെ ഉച്ചയോടെ രക്തസമ്മർദവും ഹൃദയമിടിപ്പും താഴുകയും ആന്തരാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. ശ്വാസകോശരോഗ വിദഗ്ധൻ ഡോ. ഹരിലക്ഷ്മണനാണു വിയോഗവിവരം 5.20ന് മാധ്യമങ്ങളെ അറിയിച്ചത്.
പാലാ നിയോജകമണ്ഡലത്തിൽനിന്നു നിയമസഭയിലേക്കു തുടർച്ചയായി 13 വിജയങ്ങൾ മാണി നേടി. 1965ൽ 33-ാം വയസിൽ പാലായിൽ ആദ്യവിജയം. തുടർന്ന് 54 വർഷം നിയമസഭാംഗമായിരിക്കെ 11 മന്ത്രിസഭകളിലായി കാൽ നൂറ്റാണ്ട് മന്ത്രിയുമായിരുന്നു. 1975ലെ സി. അച്യുതമേനോൻ മന്ത്രിസഭയിലാണ് ധനകാര്യ ചുമതലയിൽ ആദ്യം മന്ത്രിയായത്. വിവിധ മന്ത്രിസഭകളിൽ 13 ബജറ്റുകൾ അവതരിപ്പിച്ചു. ധനകാര്യം, ആഭ്യന്തരം, റവന്യു, വൈദ്യുതി, നിയമം, ജലസേചനം തുടങ്ങി പ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചു.
ജനലക്ഷങ്ങൾക്ക് ആശ്വാസവും ജീവിതമാർഗവും പകർന്ന ഒട്ടനവധി ക്ഷേമപദ്ധതികളുടെ ഉപജ്ഞാതാവാണ് മാണി. കാരുണ്യ ചികിത്സാ സഹായ പദ്ധതി, കർഷകത്തൊഴിലാളി പെൻഷൻ, കർഷക പെൻഷൻ, വെളിച്ചവിപ്ലവം, റബർ വിലസ്ഥിരതാ പദ്ധതി തുടങ്ങിയവ ചിലതു മാത്രം.
പാലാ മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ തൊമ്മൻ മാണിയുടെയും തറപ്പിൽ തോണിപ്പാറ ഏലിയാമ്മയുടെയും പുത്രനായി 1933 ജനുവരി 30നു കെ.എം. മാണി ജനിച്ചു. തേവര സേക്രഡ് ഹാർട്ട് കോളജ്, തൃശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജ്, മദ്രാസ് ലോ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസത്തിനുശേഷം 1955ൽ കോഴിക്കോട്ടും തുടർന്ന് പാലായിലും കോട്ടയത്തും അഭിഭാഷകനായി. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ മരങ്ങാട്ടുപിള്ളി വാർഡ് പ്രസിഡന്റായി രാഷ്ട്രീയജീവിതം തുടങ്ങി. 1959 -ൽ കെപിസിസി അംഗവും തുടർന്ന് കോട്ടയം ഡിസിസി സെക്രട്ടറിയുമായി. 1964- ൽ കേരള കോണ്‍ഗ്രസിന്റെ സ്ഥാപനം മുതൽ 55 വർഷം കേരള കോണ്‍ഗ്രസിന്റെയും പിൽക്കാലത്ത് ഐക്യജനാധിപത്യ മുന്നണിയുടെയും മുൻനിര നേതാവായി. കേരള കോണ്‍ഗ്രസ് പിളർന്നപ്പോഴൊക്കെ മാണി ഈ പാർട്ടിയിൽ"എം’ എന്ന പേരക്ഷരത്തിലൂടെ സ്വന്തമായ തട്ടകം ഉറപ്പിച്ചുനിറുത്തി.
വാഴൂർ ഈറ്റത്തോട്ട് തോമസ്- ക്ലാരമ്മ ദന്പതികളുടെ മകളും മുൻ ആഭ്യന്തര മന്ത്രി പി.ടി. ചാക്കോയുടെ മാതൃസഹോദരീപുത്രിയുമായ കുട്ടിയമ്മയാണ് മാണിയുടെ സഹധർമിണി. എൽസമ്മ, സാലി, ആനി, ടെസി, ജോസ് കെ. മാണി, സ്മിത എന്നിവരാണ് മക്കൾ. ഡോ. തോംസണ്‍ ജേക്കബ് കവലയ്ക്കൽ ചങ്ങനാശേരി (ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്, തിരുവല്ല), എം.പി. ജോസഫ് മേനാച്ചേരിൽ (റിട്ട. ഐഎഎസ് ഓഫീസർ, അങ്കമാലി), ഡോ. സേവ്യർ മാത്യു എടയ്ക്കാട്ടുകുടി (കോതമംഗലം), നിഷ ജോസ് കെ. മാണി നിരവത്ത് (ആലപ്പുഴ), ഡോ. സുനിൽ ജോർജ് (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്), രാജേഷ് കുരുവിത്തടം (എറണാകുളം) എന്നിവർ മരുമക്കളാണ്. സഹോദരങ്ങൾ: പരേതരായ അന്നക്കുട്ടി ജയിംസ് അടയ്ക്കാമുണ്ടയ്ക്കൽ (പള്ളിക്കത്തോട്), തോമസ് ഇമ്മാനുവൽ, റോസമ്മ ജോസഫ് പറയന്നിലം (കരിമണ്ണൂർ), കെ.എം. ചാണ്ടി.
അന്ത്യോപചാരം അർപ്പിക്കാൻ ആയിരങ്ങൾ

കൊച്ചി: കെ.എം. മാണിക്ക് അന്ത്യോപചാരമർപ്പിക്കാൻ പ്രമുഖരടക്കമുള്ളവർ ഒഴുകിയെത്തി. വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ വൈകുന്നേരം 6.45നാണു മൃതദേഹം പൊതുദർശനത്തിനു വച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി ജി. സുധാകരൻ, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, കെ.വി. തോമസ് എംപി, കേരള കോണ്‍ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, എംഎൽഎമാരായ സി.എഫ്. തോമസ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, പി.ടി. തോമസ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, എസ്. ശര്‍മ, കൊച്ചി മേയർ സൗമിനി ജെയിൻ, മുൻമന്ത്രി കെ. ബാബു, യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂർ, പി. രാജീവ്, തോമസ് ചാഴികാടൻ, ടി.യു. കുരുവിള, അറയ്ക്കൽ ബാലകൃഷ്ണപിള്ള, വി.വി. ജോഷി, സ്റ്റീഫൻ ജോർജ്, ഷിബു തെക്കുംപുറം, വിജി എം. തോമസ്, കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് വാഴയ്ക്കൻ, ഡോമിനിക് പ്രസന്റേഷൻ, ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള, ഐജി വിജയ് സാക്കറെ, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ, സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, നടൻ കുഞ്ചാക്കോ ബോബൻ, തോമസ് ഉണ്ണിയാടന്, എ.എന്‍. രാധാകൃഷ്ണന്, ഡോ. എം.കെ. മുനീര്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അർപ്പിച്ചു.