ആർദ്രതയോടെ കാരുണ്യയും കരുണയോടെ റബർ വിലസ്ഥിരതാ ഫണ്ടും
Wednesday, April 10, 2019 12:11 PM IST
തിരുവനന്തപുരം: മാരകരോഗങ്ങൾ ബാധിച്ച നിരവധി പേർ സഹായം തേടി കെ.എം. മാണിയുടെ അടുത്തെത്തുമായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുൾപ്പെടെ സർക്കാരിൽ നിന്നു കിട്ടാവുന്ന നാമമാത്രമായ സഹായം ഒന്നിനും തികയുമായിരുന്നില്ല. ഇതിനൊരു പരിഹാരം കാണണമെന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിൽ നിന്നു പിറന്നുവീണതാണ് കാരുണ്യ പദ്ധതി എന്ന ആശയം.
രാഷ്ട്രീയ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ രൂപം കൊടുത്ത കാരുണ്യ ബെനവലന്റ് ഫണ്ടും ചികിത്സാ പദ്ധതിയും തന്റെ സുദീർഘമായ പൊതുപ്രവർത്തന കാലഘട്ടത്തിലെ ഏറ്റവും വിലപ്പെട്ട സംഭാവനയായാണു കെ.എം. മാണി കണ്ടിരുന്നത്. കാരുണ്യയെ സമഗ്ര ആരോഗ്യ പദ്ധതിയിൽ ലയിപ്പിക്കാൻ ഇടതുസർക്കാർ തീരുമാനിച്ചപ്പോൾ കാരുണ്യ എന്റെ കുഞ്ഞാണ്, അതിനെ കൊല്ലരുതേ എന്നാണു മാണി പല തവണ നിയമസഭയിൽ പറഞ്ഞത്.
2012 ലെ ബജറ്റ് പ്രസംഗത്തിലാണ് കെ.എം. മാണി കാരുണ്യ പദ്ധതി പ്രഖ്യാപിച്ചത്. മഹത്തായ ഉദ്ദേശ്യത്തോടെ തുടങ്ങിയ കാരുണ്യ ലോട്ടറി കേരളീയർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ലോട്ടറിയിൽ നിന്നുള്ള മുഴുവൻ വരുമാനവും ചികിത്സാ ചെലവിനായി നൽകുന്നതായിരുന്നു പദ്ധതി. യുഡിഎഫ് സർക്കാരിന്റെ കാലയളവിൽ തന്നെ ഒരു ലക്ഷത്തിലേറെ പേർക്ക് കാരുണ്യയിലൂടെ സഹായം ലഭിച്ചു. 1500 കോടിയിലേറെ രൂപയാണ് ഇത്രയും പേരുടെ ചികിത്സയ്ക്കായി വിതരണം ചെയ്തത്. നൂലാമാലകളൊന്നുമില്ലാതെ എളുപ്പത്തിൽ പണം ലഭ്യമാക്കുന്ന സംവിധാനമായിരുന്നു തയാറാക്കിയിരുന്നത്.
ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നം ശ്രദ്ധയിൽ പെട്ടാൽ അതിനു പരിഹാരം കണ്ടെത്തുന്നതിൽ മാണിക്കു പ്രത്യേക കഴിവുണ്ടായിരുന്നു. നിയമപരമായ കുരുക്കകളായാലും ചട്ടങ്ങളുടെ തടസങ്ങളായാലും അതെല്ലാം മറികടന്ന് പ്രായോഗിക പരിഹാരം കണ്ടെത്താൻ അദ്ദേഹം പ്രത്യേകമായ സിദ്ധിയാണു പ്രകടിപ്പിച്ചിരുന്നത്. അതിനൊരു മാണി ടച്ച് കൂടി നൽകി അവതരിപ്പിക്കാനുള്ള പ്രത്യേക കഴിവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. കാരുണ്യ അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ്.
തുടക്കത്തിൽ രണ്ടു ലക്ഷം രൂപ പരിധി നിശ്ചയിച്ചാണ് ധനസഹായം നൽകിവന്നത്. എന്നാൽ. തുടർചികിത്സ ആവശ്യമായ രോഗങ്ങളുള്ളവരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടപ്പോൾ അവർക്കു പരിധിയില്ലാത്ത ധനസഹായം നൽകുന്നതിനുള്ള വ്യവസ്ഥകളും പദ്ധതിയിൽ ഉൾപ്പെടുത്തി.
കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നപ്പോൾ കെ.എം. മാണി അഭിമുഖീകരിച്ച മറ്റൊരു പ്രതിസന്ധി റബറിന്റെ വിലത്തകർച്ചയായിരുന്നു. കേരള കോണ്ഗ്രസിന്റെ അടിത്തറയായ കർഷകരുടെ പ്രശ്നം യുഡിഎഫിനും മാണിക്കു തന്നെയും വലിയ പ്രശ്നമായി മാറി. അപ്പോഴാണ് വില സ്ഥിരതാ ഫണ്ട് എന്ന ആശയം മാണി മുന്നോട്ടുവച്ചത്. റബറിനു കിലോഗ്രാമിന് 150 രൂപ ഉറപ്പാക്കുന്ന പദ്ധതി പ്രകാരം വിപണി വിലയിൽ നിന്നുള്ള വിടവ് സർക്കാർ നികത്തിക്കൊടുക്കും. കർഷകരുടെ അക്കൗണ്ടിൽ നേരിട്ടു പണമെത്തിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയത്. ലക്ഷക്കണക്കിനു റബർ കർഷകരെ പദ്ധതിയിൽ രജിസ്റ്റർ ചെയ്യിച്ച് പദ്ധതി വിജയകരമായി നടപ്പിലാക്കാനായതു മാണിയുടെ ഭരണമികവു കൊണ്ടു തന്നെയാണ്.
റബർ കർഷകർക്കു വലിയൊരു പരിധി വരെ ഈ പദ്ധതി ആശ്വാസകരമായി. ആദ്യവർഷം തന്നെ 500 കോടി രൂപ ഇതിനായി വകയിരുത്തുകയും ചെയ്തു. പുതുതായി വന്ന ഇടതുസർക്കാരും ഈ പദ്ധതി തുടർന്നു കൊണ്ടു പോകുകയാണ്.
ആദ്യമായി കർഷക തൊഴിലാളി പെൻഷൻ പ്രഖ്യാപിച്ചും വെളിച്ച വിപ്ലവം നടപ്പിലാക്കിയും പിന്നീടു കർഷക പെൻഷൻ പ്രഖ്യാപിച്ചും രാജ്യത്തിന്റെ ശ്രദ്ധ തന്നെ പിടിച്ചു പറ്റിയ മാണി പക്ഷേ നെഞ്ചോടു ചേർത്ത പദ്ധതി കാരുണ്യ ആയിരുന്നു. പലപ്പോഴും അദ്ദേഹം അതു പറഞ്ഞിട്ടുമുണ്ട്. ലക്ഷക്കണക്കിനു പാവപ്പെട്ടവർക്കു ചികിത്സയ്ക്കുള്ള മാർഗം തെളിച്ചു കൊടുക്കാൻ സാധിച്ചത് അദ്ദേഹത്തിന് അത്രയേറെ ആത്മസംതൃപ്തി നൽകിയിരുന്നു.
സാബു ജോണ്