ശാന്തിദൂത്
Tuesday, February 5, 2019 1:47 AM IST
ദൈവത്തിന്റെ പേരിലുള്ള വിദ്വേഷവും അക്രമങ്ങളും ഒരു വിധത്തിലും ന്യായീകരിക്കാനാകില്ലെന്നു ഫ്രാൻസിസ് മാർപാപ്പ. പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും എല്ലാവരും തയാറാകണം. പാവങ്ങളെ സഹായിക്കുന്നതിലൂടെ ആകണം ദൈവത്തിന്റെ സ്വരം കേൾക്കേണ്ടതെന്നും ഇന്നലെ അബുദാബിയിലെ മതാന്തര സമ്മേളനത്തിൽ മാർപാപ്പ പറഞ്ഞു.
ചരിത്രം കുറിച്ച യുഎഇ സന്ദർശനത്തിനിടെ, യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കാനും എല്ലാ ജനങ്ങളും തമ്മിലുള്ള ബന്ധം ഉൗട്ടിയുറപ്പിക്കാനും സമൂഹത്തിലെ ഏറ്റവും പാവങ്ങളെ സഹായിക്കാനും തീരുമാനിച്ചതായി പ്രഖ്യാപിക്കുന്ന മാനവികതാ രേഖയിൽ ഫ്രാൻസിസ് മാർപാപ്പയും ഇസ്ലാമിക സമൂഹത്തിന്റെ പ്രതിനിധിയായി ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയേബും ഒപ്പുവച്ചു. അബുദാബി ഫൗണ്ടേഴ്സ് മെമ്മോറിയലിൽ ഇന്നലെ വൈകുന്നേരം നടന്ന മതാന്തര, മാനവികതാ സമ്മേളനത്തിലാണു ഇരു മതനേതാക്കളും സംയുക്തരേഖയിൽ ഒപ്പുവച്ചത്.
അബുദാബി കിരീടാവകാശിയും യുഎഇയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാനും ലോകത്തിലെ വിവിധ മതവിഭാഗങ്ങളുടെ എഴുന്നുറോളം പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയിൽ നിന്ന് കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മുംബൈ വസായി രൂപത ആർച്ച്ബിഷപ് ഡോ. ഫെലിക്സ് മച്ചാഡോ എന്നിവരും മതാന്തര, മാനവികതാ സമ്മേളനത്തിൽ സംബന്ധിച്ചു.
ഭാവിതലമുറയ്ക്ക് മാർഗനിർദേശമാകുന്ന മാനവികതാ രേഖ വളരെ നല്ലതും സത്യസന്ധവുമായ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് വത്തിക്കാനും യുഎഇയും വിശേഷിപ്പിച്ചു.
സമാധാനം, മനുഷ്യരുടെ സഹവർത്തിത്വം എന്നിവയോടൊപ്പം അർഹരായ പാവപ്പെട്ടവരെ സഹായിക്കുകയുമാണ് രേഖയുടെ ഉദ്ദേശ്യമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ലോകത്തിനാകെ പുതുചരിത്രവും ശുഭസന്ദേശവുമാണ് അബുദാബി സമ്മേളനവും സംയുക്ത രേഖയുമെന്ന് സംഘാടകർ പറഞ്ഞു.
യുഎഇയിലെ ക്രൈസ്തവർ ന്യൂനപക്ഷമല്ല, ഈ രാജ്യത്തിന്റെ ഭാഗം തന്നെയാണെന്ന് മാർപാപ്പയ്ക്കു പിന്നാലെ പ്രസംഗിച്ച ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിലെ ഗ്രാൻഡ് ഇമാനം അഹമ്മദ് അൽ തയേബ് പറഞ്ഞു.
അബുദാബി ഗ്രാൻഡ് മോസ്ക് സന്ദർശിച്ച് മുസ്ലിം മതപണ്ഡിതരും മറ്റും അടങ്ങിയ കൗണ്‍സിൽ ഓഫ് എൽഡേഴ്സ് സമിതി അംഗങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. ഗ്രാൻഡ് മോസ്കിലെത്തിയ മാർപാപ്പയെ ഇസ്ലാമിക പുരോഹിതരും യുഎഇ മന്ത്രിമാരും അടക്കമുള്ളവരെല്ലാം ചേർന്ന് ഉൗഷ്മളമായി വരവേറ്റു.
വിജയകരമായ യുഎഇ സന്ദർശനത്തിന്റെ പരിസമാപ്തി കുറിച്ച് ഫ്രാൻസിസ് മാർപാപ്പ ഇന്ന് രാവിലെ പൊതുദിവ്യബലി അർപ്പിക്കും. വിശ്വാസികളെ പാപ്പ മൊബീലിൽ സഞ്ചരിച്ച് ആശീർവദിച്ച ശേഷമാകും തുറന്ന വലിയ സ്റ്റേജിൽ വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കുക. കുർബാനമധ്യേ പാപ്പ സന്ദേശവും നൽകും.
അബുദാബിയില്‍നിന്ന് ജോര്‍ജ് കള്ളിവയലില്‍