യെമനിൽ സമാധാനത്തിന് ആഹ്വാനംചെയ്ത് മാർപാപ്പ
Monday, February 4, 2019 12:18 AM IST
വത്തിക്കാൻ സിറ്റി: യുദ്ധവും ക്ഷാമവും തളർത്തിയ യെമനിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ത്രിദിന സന്ദർശനത്തിനായി യുഎഇയിലേക്കു പുറപ്പെടും മുന്പ് മാർപാപ്പ നല്കിയ ആഹ്വാനത്തിന് ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്നു.
ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപ പ്രാർഥനയ്ക്കിടെയായിരുന്നു മാർപാപ്പ യെമന്റെ കാര്യം പരാമർശിച്ചത്. ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷം മൂലം ജനങ്ങൾ തളർന്നു. ഭക്ഷണവും മരുന്നുമില്ല. പട്ടിണിയിലായ കുഞ്ഞുങ്ങളുടെ നിലവിളി ദൈവത്തിന്റെ ചെവിയിലെത്തിയിരിക്കുന്നു. യുഎന്നിന്റെ മധ്യസ്ഥതയിൽ ഡിസംബറിൽ ഉണ്ടാക്കിയ ഭാഗിക സമാധാന ഉടന്പടി പാലിച്ച് ഭക്ഷണവും മരുന്നും അടിയന്തരമായി വിതരണം ചെയ്യാനുള്ള നടപടികൾ അന്താരാഷ്ട്രസമൂഹം എടുക്കണമെന്ന് മാർപാപ്പ പറഞ്ഞു.