ഭയാശങ്കയിൽ ഇന്നും തീരദേശം
Wednesday, November 28, 2018 10:23 AM IST
തിരുവനന്തപുരം: തെക്കൻ കേരളത്തിന്റെ തീരങ്ങളിൽ സർവനാശം വിതച്ച് ഓഖി ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്പോഴും തീരദേശം നടുക്കുന്ന ഓർമകളുടെ ഞെട്ടലിൽനിന്നു മുക്തമായിട്ടില്ല. കേരളതീരത്തുനിന്ന് 144 പേരുടെ ജീവനെടുത്ത ദുരന്തം അതിലേറെ കുടുംബങ്ങളെ അനാഥരാക്കി. തകർന്ന വള്ളങ്ങളിൽ അള്ളിപ്പിടിച്ചു ദിവസങ്ങളോളം കടലിൽ കിടന്ന് ജീവിതത്തിലേക്കു മടങ്ങിയെത്തിയവരിൽ പലരും ഇന്നും ജീവച്ഛവങ്ങളായി കഴിഞ്ഞു കൂടുന്നു.
കടലമ്മയുടെ കനിവു തേടി പ്രാർഥനയോടെ മത്സ്യബന്ധനത്തിനായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളിയുടെ ജീവൻ എന്നും അപകടത്തിലാണ്. ദുരന്തങ്ങൾക്കു മുന്പിൽ പകച്ചു പിന്മാറുന്നവരുമല്ല ഇവർ. എങ്കിലും ഒറ്റദിനം കൊണ്ട് ഇത്രയധികം പേരുടെ ജീവൻ അപഹരിച്ച ദുരന്തത്തിനു സമാനമായൊന്നു മത്സ്യത്തൊഴിലാളികളുടെ ഓർമയിലില്ല. അതു വരുത്തിവച്ച ദുരന്തത്തിന്റെയും ദുരിതത്തിന്റെയും കഥകൾ എണ്ണിയാലൊടുങ്ങില്ല. ഈ ദുരന്തം അവരെ ശരിക്കും ഭയപ്പെടുത്തിയിരിക്കുന്നു.
രക്ഷാപ്രവർത്തനത്തിൽ തുടക്കത്തിൽ പാളിച്ച
കഴിഞ്ഞ വർഷം നവംബർ 29ന് അർധരാത്രിക്കു ശേഷം ആഞ്ഞടിച്ച ഓഖിയിൽ നൂറുകണക്കിനു വള്ളങ്ങളും ബോട്ടുകളും ദിശതെറ്റി മൈലുകളോളം ഉൾക്കടലിലേക്ക് ഒഴുകി നീങ്ങിയപ്പോഴും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ ഗുരുതരമായ പിഴവാണുണ്ടായത്.
കടൽക്ഷോഭത്തിന്റെ പേരു പറഞ്ഞ് രക്ഷാപ്രവർത്തനം നീണ്ടപ്പോൾ കടലിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ. സമയത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ കുറേ ജീവനുകളെങ്കിലും രക്ഷിക്കാമായിരുന്നുവെന്നു വിലപിക്കുന്നവർ നിരവധിയുണ്ട് തീരദേശത്ത്.
ഒടുവിൽ നേവിയും വ്യോമസേനയും കോസ്റ്റ്ഗാർഡുമൊക്കെ രംഗത്തിറങ്ങി. രക്ഷാപ്രവർത്തനത്തിലെ മെല്ലെപ്പോക്കിൽ മനസ് മടുത്ത് മത്സ്യത്തൊഴിലാളികൾ ജീവൻ പണയപ്പെടുത്തി നാടൻ വള്ളങ്ങളും ബോട്ടുകളുമായി ഉൾക്കടലിലേക്കു പോയി.
തീരത്ത് വൻ പ്രതിഷേധം ഉയർന്നു. ജനങ്ങൾ റോഡുകൾ ഉപരോധിച്ചു. ദിവസങ്ങൾക്കു ശേഷം തീരത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു പോലും ജനരോഷത്തിന്റെ ശക്തി അനുഭവിച്ചറിയേണ്ടിവന്നു. തങ്ങൾക്ക് ആരുമില്ലെന്ന തിരിച്ചറിവിൽ അധികാരികളുടെ കണ്ണു തുറപ്പിക്കാനായി കടലിന്റെ മക്കൾ തലസ്ഥാനത്തേക്കെത്തി. ആയിരങ്ങൾ പങ്കെടുത്ത രാജ്ഭവൻ മാർച്ചിൽ ഉയർന്നു കേട്ടത് തീരജനതയുടെ വിലാപം കൂടിയായിരുന്നു. തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യവും സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസും വികാരി ജനറാൾ മോണ്. യൂജിൻ എച്ച്. പെരേരയും സഭാസംവിധാനവും തീരജനതയ്ക്ക് ആശ്വാസം പകർന്ന് ഒപ്പം നിന്നു.
തുടക്കത്തിലെ ആലസ്യം വിട്ടൊഴിഞ്ഞ് സർക്കാരും അധികൃതരും രംഗത്തിറങ്ങി. ദുരന്തത്തിൽ പെട്ടവർക്കായി ആശ്വാസനടപടികൾ പ്രഖ്യാപിച്ചു. പ്രഖ്യാപനങ്ങളെല്ലാം പ്രാവർത്തികമായില്ലെങ്കിലും ഏറെ നടപടികൾ ഉണ്ടായി. അതു തീരത്തിന് ആശ്വാസവുമായി.
ഓഖി ദുരന്തത്തിന് ഒരു വർഷമാകുന്പോഴും തീരത്തിന്റെ സ്ഥിതി ഒട്ടും ആശ്വാസകരമല്ല. കാലാവസ്ഥാ വ്യതിയാനവും കടക്കെണിയും ഓഖിയുടെ ബാക്കിപത്രമായി ഇന്നും അവശേഷിക്കുന്ന ഭയാശങ്കകളും തീരജനതയുടെ ജീവിതം മുന്പെന്നത്തേക്കാൾ ദുഷ്കരമാക്കിയിരിക്കുകയാണ്.
കടക്കെണിയിൽ തീരജനത
ഓഖിയിൽ മരണമടഞ്ഞവരുടെയും കാണാതായവരുടെയും കുടുംബങ്ങൾക്ക് ന്യായമായ സാന്പത്തിക സഹായം സർക്കാർ നല്കി. കുടുംബാംഗങ്ങളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ആയി പണം ബാങ്കിലിട്ടത് സദുദ്ദേശ്യപരമായിട്ടായിരുന്നു. എന്നാൽ, കടക്കെണിയിൽ പെട്ടു ജീവിതം തള്ളിനീക്കുന്ന ഇവർക്ക് ഇപ്പോൾ ലഭിക്കുന്ന പലിശകൊണ്ട് കടത്തിന്റെ പലിശ അടയ്ക്കാൻ പോലും സാധിക്കുന്നില്ല. പണത്തിന് ആവശ്യം വരുന്പോൾ സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കുന്ന തീരദേശ ജനത കടക്കെണിയിലാണു ജീവിതം മുന്നോട്ടു തള്ളിനീക്കുന്നത്. പെണ്മക്കളുടെ വിവാഹം പോലുള്ള അവസരത്തിലെങ്കിലും കുറേ പണം പിൻവലിക്കാൻ സാധിച്ചിരുന്നെങ്കിൽ ഈ തുക ഉപകാരപ്പെടുമായിരുന്നു എന്ന അഭിപ്രായമാണ് തീരത്തുള്ളത്.
കാലാവസ്ഥാ പ്രവചനം പ്രശ്നമാകുന്പോൾ
ഓഖി ദുരന്തം സംബന്ധിച്ച് സമയത്ത് മുന്നറിയിപ്പു നല്കുന്നതിൽ കാലാവസ്ഥാ സംവിധാനങ്ങൾ പരാജയപ്പെട്ടു. എന്നാൽ, അതിനു ശേഷം മാനത്ത് മഴക്കാറു കണ്ടാൽ അപ്പോൾ തന്നെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പു നല്കുന്നു എന്നാണിപ്പോൾ പരാതി. പലപ്പോഴും യാഥാർഥ്യവുമായി അടുത്തെങ്ങുമെത്താത്ത പ്രവചനങ്ങളാണു പുറത്തുവരുന്നതെന്നാണ് പരാതി. ഇക്കാര്യത്തിൽ ഫലപ്രദമായ സംവിധാനത്തിനു രൂപം നല്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം.
രക്ഷപ്പെട്ടെത്തിയവരുടെ ജീവിതം പ്രതിസന്ധിയിൽ
കടലിൽ ദിവസങ്ങളോളം കിടന്ന ശേഷം ജീവിതം തിരിച്ചു കിട്ടിയവർ നിരവധിയാണ്. ഇവരിൽ പലരും ഇനിയൊരു തൊഴിൽ ചെയ്യാനാവാത്ത വിധം ആരോഗ്യം നഷ്ടപ്പെട്ടവരാണ്. ഇവർക്ക് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. രക്ഷപ്പെടേണ്ടായിരുന്നു എന്നു കണ്ണീരോടെ പറയുന്നവർ തീരദേശത്തു നിരവധിയുണ്ട്.
ഭയപ്പാടിൽ മത്സ്യത്തൊഴിലാളികൾ
ഓഖിയുടെ ആഘാതത്തിൽനിന്നും തീരജനത ഇനിയും മുക്തരായിട്ടില്ല. മുന്പൊക്കെ കാലാവസ്ഥാ മുന്നറിയിപ്പു പോലും അവഗണിച്ച് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമായിരുന്നു. ഇപ്പോൾ ചെറിയൊരു മുന്നറിയിപ്പു വന്നാൽ കടലിൽ പോകാൻ അവർക്കു ഭയമാണ്. അതുപോലെ തന്നെ ഉൾക്കടലിൽ പോയി മത്സ്യബന്ധനം നടത്തിയിരുന്നവർ പോലും ഇപ്പോൾ ഒന്നോ രണ്ടോ കിലോമീറ്ററിനുള്ളിൽ മാത്രം പോയി മത്സ്യബന്ധനം നടത്തുന്നു. അതുകൊണ്ടു തന്നെ മത്സ്യലഭ്യതയിലും വരുമാനത്തിലും ഗണ്യമായ കുറവുണ്ടായി.
ഭവനം ഇനിയും സ്വപ്നം
ഓഖി ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്ന് കടൽ കരയിലേക്ക് ആഞ്ഞടിച്ചപ്പോൾ തീരത്തെ മൂന്നു വരി വീടുകൾ നഷ്ടപ്പെട്ടു. ഇതിനു പകരം വീടുകൾ നിർമിക്കുന്നതിൽ ഇനിയും വിജയിക്കാനായില്ല. വീടു നിർമാണത്തിന് അനാവശ്യ തടസങ്ങൾ സർക്കാർ തന്നെ സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.
സാബു ജോണ്