വർഷത്തിൽ ഒന്പതു മാസവും ഐലൻഡിൽ വെള്ളപ്പൊക്കം
Tuesday, August 14, 2018 11:44 AM IST
കൈനകരി: കൈനകരി സെന്റ് മേരീസ് പള്ളിക്കു സമീപമുള്ള ഐലൻഡിലെ 48 വീട്ടുകാർ അനുഭവിക്കുന്ന ദുരിതത്തിന് സമാനതകളില്ല. വർഷത്തിൽ 9 മാസവും ഇവിടെ വെള്ളപ്പൊക്കമാണ്. പാടശേഖരത്തിന്റെ ബണ്ടിനു പുറത്താണ് ഐലൻഡ്. അതുകൊണ്ട് വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷപ്പെടാൻ ബണ്ടിന്റെ സംരക്ഷണമില്ല. കുട്ടനാട് പാക്കേജിൽ ഉൾപ്പെടാത്തതിനാൽ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനുള്ള സംവിധാനവുമില്ല. കായലിലെ വേലിയേറ്റത്തിനും വേലിയിറക്കത്തിനും അനുസരിച്ച് ഐലൻഡിൽ വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യും.
കുടിവെള്ളം ഇവർക്കു കിട്ടാക്കനിയാണ്. പൈപ്പ് ലൈനുണ്ടെങ്കിലും കിട്ടുന്നത് അഴുക്കു ജലം. പലയിടത്തും പൈപ്പ് പൊട്ടിക്കിടക്കുന്നതുമൂലമാണ് അഴുക്കുജലം പൈപ്പിലൂടെ എത്തുന്നത്. വൈദ്യുതിലൈൻ വലിച്ചിട്ടുണ്ടെങ്കിലും വൈദ്യുതിയുള്ളത് വല്ലപ്പോഴും. കാടും പടർപ്പുകളും കയറി മൂടിയ ഇവിടം വിഷപാന്പുകളുടെ വിഹാരകേന്ദ്രമാണ്. ജീവിക്കാൻ നിവൃത്തിയില്ലാതെ പലരും ഐലൻഡിൽ നിന്നു വീട് ഉപേക്ഷിച്ച് പോയിക്കഴിഞ്ഞിരിക്കുന്നു.