ആശ്വാസദൂതുമായ്...
Thursday, July 26, 2018 12:13 PM IST
ആലപ്പുഴ: കുത്തിയൊലിച്ചു വരുന്ന മലവെള്ളത്തെ വെറുംചെളികൊണ്ടു മടകെട്ടി ഒരു ജനതയ്ക്കു വേണ്ട ധാന്യം വിളയിച്ച കുട്ടനാടൻ ജനത, ഈ പ്രളയത്തിലും തളരില്ലെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
പ്രളയം സർവനാശം വിതച്ച കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കുട്ടനാട്ടിലെ ജനങ്ങൾ പിടിച്ചു നിൽക്കുന്നത് ദൈവാശ്രായ ബോധവും മനോധൈര്യവുംകൊണ്ടുമാത്രമാണ്. ചങ്കു വെള്ളമാക്കി പണിയെടുക്കുന്ന കുട്ടനാട്ടിലെ കർഷകരുടെ സ്വപ്നങ്ങളെ ഒരു വെള്ളപ്പൊക്കത്തിനും തോൽപ്പിക്കാനാകില്ല. എന്തിനെയും സധൈര്യം നേരിടുന്ന കുട്ടനാടിന്റെ മനസാണ് ഇതിനെയും അതിജീവിക്കാൻ ഇവർക്കു പ്രേരണയായതെന്നും കുട്ടനാടൻ ജനതയെ സാക്ഷിനിർത്തി അദ്ദേഹം പറഞ്ഞു.
കൂട്ടായ്മയും യോജിപ്പുമുണ്ടെങ്കിൽ എന്തിനെയും നേരിടാം എന്ന സന്ദേശമാണ് കുട്ടനാട്ടുകാർ പങ്കുവയ്ക്കുന്നതെന്നും കർദിനാൾ പറഞ്ഞു. കർദിനാളിനൊപ്പം ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും കുട്ടനാടൻ ജനതയ്ക്ക് ആശ്വാസം പകരാൻ എത്തിയിരുന്നു. എന്തിനെയും നേരിടാനുള്ള മനക്കരുത്താണ് കുട്ടനാട്ടുകാർക്കുണ്ടാകേണ്ടതെന്നു മാർ പെരുന്തോട്ടം പറഞ്ഞു. ദുരിതത്തിൽ കൈത്താങ്ങായ ചാസിനെയും വിവിധ സംഘടനകളെയും സുമനസുകളെയും അദേഹം അഭിനന്ദിച്ചു.
ഇന്നലെ ഉച്ചയോടെ ആലപ്പുഴ മാത ജെട്ടിയിൽ നിന്നാണ് മാർ ആലഞ്ചേരിയും മാർ പെരുന്തോട്ടവും വൈദികരും കുട്ടനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി പുറപ്പെട്ടത്. പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച കൈനകരിയിലെ അറുനൂറ്റാംപാടം, കുട്ടമംഗലം പ്രദേശങ്ങളിലായിരുന്നു ആദ്യ സന്ദർശനം. അറുനൂറ്റാംപാടത്ത് കഞ്ഞിവീഴ്ത്തൽ കേന്ദ്രത്തിലെത്തിയ അവർ ദുരിതബാധിതർക്ക് അരി വിതരണം ചെയ്തു. പിന്നീട് കുട്ടമംഗലത്ത് ദുരിതബാധിത പ്രദേശങ്ങളും വെള്ളം കയറിയ കുട്ടമംഗലം സെന്റ് ജോസഫ് പള്ളിയിലും സന്ദർശനം നടത്തി. കൈനകരിയിൽ കൃഷിനശിച്ച പാടങ്ങളും കണ്ടു. വെള്ളം കയറിയ ലിറ്റിൽ ഫ്ളവർ എൽപി സ്കൂളിലും കന്യാസ്ത്രീ മഠത്തിലും അന്തേവാസികളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു, ആശ്വസിപ്പിച്ചു.
കൈനകരി സെന്റ് മേരീസ് പള്ളിയിലും കൂലിപ്പുര ലൂർദ്മാത പള്ളിയിലും കാത്തുനിന്നിരുന്ന ദുരിതബാധിതരുടെ പ്രശ്നങ്ങൾ ശ്രവിച്ചു. സർക്കാരിനോട് ഇക്കാര്യം ധരിപ്പിക്കാമെന്ന ഉറപ്പും നല്കി. ഇനിയും സഹായം ലഭിക്കാനുള്ളവർക്ക് അടിയന്തരമായി സഹായങ്ങൾ എത്തിക്കാൻ ഒപ്പമുണ്ടായിരുന്ന വൈദികർക്കു നിർദേശവും നൽകി.
പിതാക്കന്മാരെയും കാത്ത് പുളിങ്കുന്ന് പള്ളിക്കു സമീപം നിന്ന നാനാജാതിമതത്തിൽ പെട്ട നൂറുകണക്കിനാളുകൾ കരഘോഷങ്ങളോടെയാണ് ഇവരെ സ്വീകരിച്ചത്. പുളിങ്കുന്ന് പള്ളിയങ്കണത്തിൽ വെള്ളത്തിലൂടെ നടന്നെത്തിയാണ് ദുരിതബാധിതരുമായി സംഘം സംവദിച്ചത്. അടിയന്തര സഹായം എത്തിക്കുന്നതിനു സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും ഉറപ്പു നൽകി. ദുരിതബാധിതർക്കായി പ്രത്യേക പ്രാർഥനയും നടത്തിയശേഷം വൈകുന്നേരം ആറരയോടെയാണ് സംഘം കുട്ടനാട്ടിൽ നിന്നും മടങ്ങിയത്.
അന്പതു വർഷത്തിനുശേഷമുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ ദൈവത്തിന്റെ സ്വന്തം നാടായ കുട്ടനാട് അപ്പാടെ തകർന്നതായി കർദിനാൾ മാർ ആലഞ്ചേരി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ അടിയന്തര നടപടിയുണ്ടാകണം. കൃഷി ഭൂമിയും ടൂറിസം താത്പര്യങ്ങളും സംരക്ഷിച്ച് നാടിന്റെ പുരോഗതി ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചങ്ങനാശേരി അതിരൂപത പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തയ്യിൽ, ആലപ്പുഴ മാർസ്ലീവ പള്ളി ഫൊറോന വികാരി ഫാ. ജോസഫ് വാണിയപുരയ്ക്കൽ, കൈനകരി സെന്റ് മേരീസ് പള്ളി വികാരി ഫാ. ചെറിയാൻ കാരിക്കൊന്പിൽ, അറുനൂറ്റാംപാടം സേക്രട്ട് ഹാർട്ട്, കുട്ടമംഗലം സെന്റ് ജോസഫ് പള്ളികളുടെ വികാരി ഫാ. മാർട്ടിൽ കുരിശിങ്കൽ, പഴവങ്ങാടി മാർ സ്ലീവ പള്ളി അസി. വികാരിമാരായ ഫാ. തോമസ് മുട്ടേൽ, ഫാ.ജോജൻ നെല്ല്പുരയ്ക്കൽ, ഫാ. അജോ കാവാലം എന്നിവരുമുണ്ടായിരുന്നു.
ജയ്സണ് ജോയ്