കൂടുതൽ സഹായവുമായി കോതമംഗലം രൂപത
Thursday, July 26, 2018 12:09 PM IST
കോതമംഗലം: പ്രളയബാധിത മേഖലകളിൽ ദുരിതമനുഭവിക്കുന്നവർക്കു കൂടുതൽ സഹായമെത്തിച്ചു കോതമംഗലം രൂപത. കഴിഞ്ഞദിവസം 5500 ലിറ്റർ കുടിവെള്ളവും 3500 പായ്ക്കറ്റ് പാലും എത്തിച്ചതിനു പുറമെ ഇന്നു രൂപതയിലെ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാലു ടണ് ജീവ റൈസ് മട്ടയരിയും ജീവ മിൽക്കിന്റെ നേതൃത്വത്തിൽ 2500 പായ്ക്കറ്റ് പാലും ജീവ വാട്ടറിന്റെ നേതൃത്വത്തിൽ 5500 ലിറ്റർ കുടിവെള്ളവും എത്തിക്കും.
ഇതിനുപുറമെ തൊടുപുഴ വിമല പബ്ലിക് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച സ്റ്റേഷനറി സാധനങ്ങളും വസ്ത്രങ്ങളും ദുരിതബാധിത മേഖലയിൽ വിതരണം ചെയ്യും. പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള രൂപതാധ്യക്ഷൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ പ്രത്യേകനിർദേശ പ്രകാരമാണു സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനം. രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സാമൂഹ്യക്ഷേമ പ്രസ്ഥാനങ്ങളാണു ജീവ മിൽക്കും ജീവ വാട്ടറും.
പരിസ്ഥിതി മലിനീകരണം ഒഴിവാക്കുന്നതിനായി ജീവ വാട്ടർ പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കി 20 ലിറ്ററിന്റെ ജാറുകളിലാക്കിയാണ് കുടിവെള്ളവിതരണം. ഇപ്രകാരം ആകെ 40,000 ലിറ്റർ കുടിവെള്ളം എത്തിക്കാനാണ് തീരുമാനം.
ആവശ്യമെങ്കിൽ വരുംദിവസങ്ങളിൽ കൂടുതൽ സഹായമെത്തിക്കുമെന്ന് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റവ. ഡോ. തോമസ് ജെ. പറയിടം, ജീവമിൽക്ക് ഡയറക്ടർ ഫാ.ജോസ് മൂർക്കാട്ടിൽ, ജീവ വാട്ടർ ഡയറക്ടർ ഫാ. ജയിംസ് ചൂരത്തൊട്ടി എന്നിവർ പറഞ്ഞു.
കാലവർഷക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന കുട്ടന്പുഴ പഞ്ചായത്തിലെ പൂയംകുട്ടി, മണികണ്ഠംചാൽ മേഖലയിലെ ആദിവാസിക്കുടികളിൽ കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ 29ന് ഒന്നര ലക്ഷം രൂപയുടെ സാധനസാമഗ്രികളും 400 ഭക്ഷ്യധാന്യ കിറ്റുകളും 200 കന്പിളിപ്പുതപ്പുകളും വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
സഹൃദയയുടെ സഹായഹസ്തം
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ സാമൂഹ്യസേവന വിഭാഗമായ സഹൃദയ കോട്ടയം ജില്ലയിലെ മഴക്കെടുതി ദുരിതബാധിത പ്രദേശങ്ങളിൽ ഭക്ഷ്യവസ്തുക്കളെത്തിച്ചു.
ചെമ്മനാകരി, തറവട്ടം, മേക്കര, പാലാംകടവ്, ഇരുന്പൂഴിക്കര എന്നിവിടങ്ങളിലാണു സഹായമെത്തിച്ചത്. ചെന്പ് സെന്റ് തോമസ് ഇടവകയുടെ സഹകരണത്തോടെയാണു മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതെന്നു സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി അറിയിച്ചു.