സഹായമെത്തിച്ച് പാലാ രൂപതയും
Thursday, July 26, 2018 12:06 PM IST
പാലാ: പ്രളയദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ പള്ളിക്കൂട്ടുമ്മ, വേഴപ്ര, മണലാടി തുടങ്ങിയ സ്ഥലങ്ങള്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദര്‍ശിച്ചു. ചങ്ങനാശേരി അതിരൂപതാകേന്ദ്രത്തിലെത്തിയതിനു ശേഷമാണ് മാര്‍ കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള വൈദികരും യുവജനസംഘടനാ നേതാക്കളും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.
പാലാ രൂപതയുടെ യുവജനപ്രസ്ഥാനമായ എസ്എംവൈഎം ഒരു ദിവസംകൊണ്ടു ശേഖരിച്ച ഭക്ഷണപദാര്‍ഥങ്ങളും മറ്റ് അവശ്യസാധനങ്ങളും ദുരിതാശ്വാസകേന്ദ്രങ്ങളിലെത്തിച്ചു. വരും ദിവസങ്ങളില്‍ ചാസുമായി സഹകരിച്ചു കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുമെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ജാതിമതഭേദമെന്യേ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ച സംഘം അനേകം വ്യക്തികളുടെ സങ്കടങ്ങള്‍ കേള്‍ക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
വികാരിജനറാള്‍മാരായ മോൺ. ജോസഫ് കുഴിഞ്ഞാലിൽ, മോൺ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. തോമസ് മേനാച്ചേരി, ഫാ. ഷാജി വെള്ളമരുതുങ്കൽ, ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, ഫാ. ജോയല്‍ പണ്ടാരപ്പറമ്പിൽ, ഫാ. ജോസഫ് തോലാനിക്കൽ, ഫാ. സ്കറിയ വേകത്താനം, ഫാ. തോമസ് തയ്യിൽ, ഫാ. ജേക്കബ് പേഴത്തുങ്കല്‍ എന്നിവരും എസ്എംവൈഎം ഭാരവാഹികളും സംഘത്തിലുണ്ടായിരുന്നു.