സർക്കാരുകളുടെ അടിയന്തര ഇടപെടൽ വേണം
Thursday, July 26, 2018 12:05 PM IST
ആലപ്പുഴ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ വേണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും ആവശ്യപ്പെട്ടു.
പാടശേഖരങ്ങളിലെ മടവീഴ്ചയാണ് വീടുകൾ വെള്ളത്തിലാകുന്നതിനു മുഖ്യകാരണമായത്. വീടുകൾ വാസയോഗ്യമാക്കാൻ ഇനിയും രണ്ടാഴ്ചകൂടിയെങ്കിലും എടുക്കും. കൈനകരി ഭാഗത്ത് 24-ൽ 20 പാടശേഖരങ്ങളിലും മടവീണു. ഇൗ പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ച് എത്രയും വേഗം കൃഷി ഇറക്കാനുള്ള നടപടി സ്വീകരിക്കണം. പാടശേഖരങ്ങളിൽ പന്പിംഗ് ആരംഭിച്ചാൽ മാത്രമേ വീടുകളിലെ വെള്ളം വറ്റിച്ചെടുക്കാനാകൂ. ജനജീവിതം സാധാരണ നിലയിലാകാൻ ആദ്യം ചെയ്യേണ്ടത് അതാണെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി.
കൃഷിനാശം സംഭവിച്ച കർഷകർക്ക് യാതൊരു വിവേചനവും കാണിക്കാതെ നഷ്ടപരിഹാരം നൽകണം. വീടുകളുടെ അറ്റകുറ്റപ്പണികൾക്ക് വേണ്ട സാന്പത്തിക സഹായം അടിയന്തരമായി എത്തിക്കണം. പൂർണമായും തകർന്ന വീടുകൾക്കു പകരം പുതിയവ വച്ചുകൊടുക്കണം. കുട്ടനാട്ടിലെ ഭവന പുനർനിർമാണത്തിനു സർക്കാർ പ്രത്യേക പാക്കേജ് നടപ്പിലാക്കണം. കൃഷി നാശം സംഭവിച്ചവർക്ക് ബാങ്ക് വായ്പകളിൽ ഇളവ് അനുവദിക്കണം. എം.എസ്. സ്വാമിനാഥൻ കമ്മീഷൻ ശിപാർശ ചെയ്ത കുട്ടനാട് പാക്കേജ് പൂർണമായും നടപ്പാക്കണമെന്നും ബണ്ട് നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്നും അവർ ആവശ്യപ്പെട്ടു.