കാരുണ്യഹസ്തം ദീപിക -ചാസ് സംയുക്ത സഹായപദ്ധതി
Wednesday, July 25, 2018 11:41 AM IST
മഹാപ്രളയത്തിന്റെ സമാനതകളില്ലാത്ത ദുരന്തങ്ങളിൽ നെടുവീർപ്പിട്ടു കഴിയുകയാണു കുട്ടനാടൻ ജനത. അവരുടെ വീടും കൃഷിയിടങ്ങളും പ്രളയമെടുത്തു. ജീവിതം നരകതുല്യമായിരിക്കുന്നു. വീടുകൾ ഉപേക്ഷിച്ച് ആയിരക്കണക്കിനു കുടുംബങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിൽ അഭയം തേടിയിരിക്കുന്നു. സ്വന്തം വീടുകളിലേക്ക് എന്ന് മടങ്ങിപ്പോകാനാകുമെന്ന് അവർക്ക് ഒരു നിശ്ചയവുമില്ല. മഴ മാറി, വെള്ളമിറങ്ങിയാലും ഇനിയും ഏറെനാൾ ദുരിതം പെയ്തുകൊണ്ടിരിക്കും. അരനൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ പ്രളയത്തിൽ പൂർണമായും മുങ്ങിപ്പോയ കുട്ടനാട്ടിൽ സാധാരണ ജീവിതം തിരികെയെത്താൻ മാസങ്ങൾതന്നെ വേണ്ടിവരും.
സഹജീവികളുടെ ദുരിതപൂർണമായ ജീവിതത്തിന് അല്പമെങ്കിലും ആശ്വാസം പകരാൻ നമുക്കും കടമയുണ്ട്. ആ ഉത്തരവാദിത്വം ഏറ്റെടുത്ത് ദീപികയും ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ ചാസും കൈകോർത്ത് കുട്ടനാട്ടിലേക്കു കാരുണ്യഹസ്തം നീട്ടുകയാണ്.
ഇതിനായി വായനക്കാരുടെയും സുമനസുകളുടെയും സഹായം പ്രതീക്ഷിക്കുന്നു. അടിയന്തര സഹായത്തിനു ഭക്ഷ്യവസ്തുക്കളും സാധനങ്ങളും എത്തിക്കാം. അതിനായി ചങ്ങനാശേരി അതിരൂപത പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തയ്യിൽ ( ഫോൺ: 9961874186), ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിക്കൽ ( ഫോൺ: 9961077388) എന്നിവരുമായി ബന്ധപ്പെടാം. പിന്നീടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു പണവും സംഭാവനയായി നൽകാം.
പണം നൽകേണ്ട അക്കൗണ്ട് നന്പർ: 526202010000101. IFS code- UBIN0552623, Union Bank, Changan assery.