കാക്കിക്കുള്ളിൽ സമ്മർദമേറുന്പോൾ
Tuesday, January 30, 2018 2:24 PM IST
പുതുവർഷത്തിലെ ആദ്യ മാസത്തിൽ കൊച്ചിയിൽമാത്രം ആത്മഹത്യ ചെയ്ത പോലീസുകാരുടെ എണ്ണം രണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്തു ജീവനൊടുക്കിയതാകട്ടെ 16 പോലീസുകാരും. പോലീസ് സേനയെ അടിമുടി ഉടച്ചുവാർക്കുന്ന പണിപ്പുരയിലാണു തങ്ങളെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിവരിക്കുന്പോഴും ഇതിലും വേഗത്തിലാണു പോലീസുകാർ ജീവനൊടുക്കുന്നത്.
നിയമപാലനമാണു ജോലിയെങ്കിലും ആത്മഹത്യക്കും കൊലയ്ക്കും ഇടയിലൂടെ പാഞ്ഞുപോവുന്ന ജീവിതമാണ് പോലീസ് ഉദ്യോഗസ്ഥരുടേത്. ചെറിയ ആരോപണമുയർന്നാലോ പ്രാദേശിക നേതാക്കൾ മീശ പിരിച്ചാലോ പോലും തെറിക്കുന്ന കസേരയാണ് ഉദ്യോഗസ്ഥരുടേത്. ഇതെല്ലാം തരണം ചെയ്തു മുന്നേറുന്ന പോലീസ് സേനയ്ക്ക് ആവശ്യത്തിന് അംഗബലം പോലുമില്ലെന്നതാണു സത്യം. കൊച്ചിയിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈയിടെ അരങ്ങേറുന്നതു സമീപകാലത്തൊന്നും ഉണ്ടാകാത്ത തരത്തിലുള്ള കൊള്ളയും കൊലപാതകങ്ങളുമാണ്.
ദിനംപ്രതിയുള്ള ഷെഡ്യൂളുകൾക്കു പുറമെ പുതിയ സംഭവവികാസങ്ങളുടെ പിന്നാലെയും ഓടേണ്ടിവരുന്നത് ഉദ്യോഗസ്ഥരെ തളർത്തുന്നുണ്ട്. ആഴ്ചകളായി സ്വന്തം വീട്ടിൽ എത്താത്ത എത്രയോ ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നു. നാട്ടുകാരുടെ ഏതൊരാവശ്യത്തിനും യഥാസമയം ഓടിയെത്തിയില്ലെങ്കിൽ പഴികേൾക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക വിഷമങ്ങളും കാണേണ്ടതായുണ്ട്. കുറ്റം ചെയ്യാത്തവനെയും പ്രതിയാക്കുന്ന ഒരു വിഭാഗത്തെ ഒഴിച്ചുനിർത്തിയാൽ നമ്മുടെ പോലീസ് സേന എല്ലാ മേഖലയിലും മികവുറ്റതുതന്നെയാണ്.
പ്രൊബേഷണറി എസ്ഐയുടെ ആത്മഹത്യ
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐയെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണു സംസ്ഥാനത്തു പോലീസ് സേനയിൽ ഏറ്റവും അവസാനമുണ്ടായ ആത്മഹത്യ. തിരുവനന്തപുരം ഗോവിന്ദമംഗലം മേലെതട്ടൻവിള വിജയഭവനിൽ ടി. ഗോപകുമാർ(39)നെയാണു കഴിഞ്ഞ ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്തെ സിൽവർ സ്പൈസ് ലോഡ്ജിലെ 107 ാം നന്പർ മുറിയിലാണു ഗോപകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്നും പോലീസ് ഒരു കുറിപ്പ് കണ്ടെത്തിയിരുന്നു. തൊഴിൽപരമായ സമ്മർദ്ദത്തെത്തുടർന്നാണു ജീവനൊടുക്കുന്നതെന്നും ഇതിനു പിന്നിൽ നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസറും നോർത്ത് എസ്ഐയുമാണെന്നും കുറിപ്പിൽ പറയുന്നു. സംഭവത്തിൽ ഡിസിപി എ.ആർ. പ്രേംകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ വർഷം മേയിലാണ് എസ്ഐ സെലക്ഷൻ ലഭിച്ച് ഗോപകുമാർ നോർത്ത് സ്റ്റേഷനിൽ പ്രൊബേഷണറി എസ്ഐയായി എത്തിയത്. ഇതിന് മുന്പ് എക്സൈസ് പ്രിവന്റീവ് ഓഫീസറായിരുന്നു.
പ്രൊബേഷന്റെ ഭാഗമായി ഒരാഴ്ചയായി ഗോപകുമാറിനു തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ട്രെയിനിംഗായിരുന്നു. തൃപ്പൂണിത്തുറയിലെ പരിശീലന ക്ലാസിനു ശഷം എല്ലാ ദിവസവും അഞ്ചുമണിയോടെ നോർത്ത് സ്റ്റേഷനിൽ ഗോപകുമാർ എത്താറുണ്ടായിരുന്നു. എന്നാൽ, ജനുവരി 21ന് എത്തിയില്ല. ഡ്യൂട്ടിക്കുശേഷം റൂമിലേക്കു പോയെന്നാണു സഹപ്രവർത്തകർ കരുതിയത്. 22നും പരിശീലനമുണ്ടായിരുന്നതിനാൽ തൃപ്പൂണിത്തുറയിലെ ഓഫീസിലേക്കു പോയെന്നു കരുതി. പിന്നീട് ഫോണിൽ വിളിച്ചിട്ട് കിട്ടാതായി.
ഇതിനിടെ ഗോപകുമാറിനെ വീട്ടുകാർ ഫോണിൽ വിളിച്ചെങ്കിലും എടുത്തിരുന്നില്ല. തുടർന്ന് നോർത്ത് സ്റ്റേഷനിൽ വിളിച്ച് അന്വേഷിച്ചു. സ്റ്റേഷനിൽ നിന്നു വിളിച്ചിട്ടും ഫോണ് എടുക്കാത്തതിനാൽ രണ്ടു പോലീസുകാർ ലോഡ്ജിൽ അന്വേഷിച്ചു ചെല്ലുകയായിരുന്നു. വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നി മുറിയുടെ പിറകുവശത്തെ ജനലിന്റെ ചില്ലു തകർത്തു നോക്കിയപ്പോഴാണു ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്.
ലോഡ്ജിലെ സിസിടിവിയിൽനിന്നും ലഭിച്ച ദൃശ്യങ്ങളിൽ നിന്നും ജനുവരി 21ന് ഉച്ചയ്ക്ക് 2.30 ഓടെ ഗോപകുമാർ ലോഡ്ജിൽ എത്തിയതായി വ്യക്തമാണ്. തുടർന്ന് രാത്രി ഏഴുമണിക്കുള്ളിൽ മരണം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്. ആറു മാസത്തിലധികമായി ഈ ലോഡ്ജിലാണു ഗോപകുമാർ താമസിച്ചിരുന്നത്.
ഇതിനു മുന്പ് എഎസ്ഐ
ഈ സംഭവത്തിന് ഏതാനും നാൾ മുന്പ് കൃത്യമായി പറഞ്ഞാൽ ജനുവരി മൂന്നിനാണു കൊച്ചിയിൽ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയത്. വിജിലൻസ് കേസിൽ പ്രതിയായ എഎസ്ഐയെ പോലീസ് സ്റ്റേഷൻ വളപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കടവന്ത്ര പോലീസ് സ്റ്റേഷനിലെ എഎസ്ഐ വല്ലാർപാടം പള്ളിക്കവീട്ടിൽ പി.എം. തോമസ് (52) ആണു മരിച്ചത്. സ്റ്റേഷനു പിന്നിലെ പാർക്കിംഗ് ഏരിയയിലാണു മൃതദേഹം കണ്ടെത്തിയത്. തോമസിന്റെ പേരിൽ വർഷങ്ങൾക്കു മുന്പുള്ള വിജിലൻസ് കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യ.
കേസുമായി ബന്ധപ്പെട്ടുള്ള മാനസിക സംഘർഷമാകാം ആത്മഹത്യക്കുള്ള കാരണമെന്നു വ്യക്തമാക്കിയ പോലീസ് ഈ സംഭവത്തിലും വിശദമായ അന്വേഷണം നടത്തിവരികയാണെന്നാണു പറയുന്നത്. തോമസിന്റെ മൃതദേഹത്തിൽനിന്ന് ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഷർട്ടിന്റെ പോക്കറ്റിൽനിന്നു ലഭിച്ച രണ്ടു കത്തുകളിൽ ഒന്ന് വീട്ടുകാർക്കും സുഹൃത്തുക്കൾക്കും രണ്ടാമത്തേത് സ്റ്റേഷനിലെ സഹപ്രവർത്തകർക്കുള്ളതുമായിരുന്നു. മരണത്തിനുള്ള കാരണവും കത്തിൽ സൂചിപ്പിച്ചിരുന്നു. ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും തലേന്നു വൈകുന്നേരത്തോടെ തോമസ് സ്റ്റേഷനിലെത്തിയിരുന്നു.
കഴിഞ്ഞ ജൂലൈ മാസത്തിലാണു കടവന്ത്ര പോലീസ് സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചത്. അതിനുമുന്പ് എറണാകുളം കണ്ട്രോൾ റൂമിലായിരുന്നു സേവനം ചെയ്തിരുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥൻ വഞ്ചിച്ചതിനെത്തുടർന്നാണു തോമസിന്റെ പേരിൽ വിജിലൻസ് അന്വേഷണം നടന്നതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
മേലുദ്യോഗസ്ഥരുടെ സമീപനവും തൊഴിൽ സമ്മർദവും ചർച്ചയാകുന്നു
പോലീസ് ഉദ്യോഗസ്ഥരുടെ മരണത്തോടെ പോലീസ് സേനയ്ക്കുള്ളിലെ മേലുദ്യോഗസ്ഥരുടെ സമീപനവും തൊഴിൽ സമ്മർദ്ദവും ചർച്ചയാകുകയാണ്. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ ഗോപകുമാറിന്റെ മരണത്തിൽ ലോഡ്ജ് മുറിയിൽനിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പിൽ ജോലിയിൽ മേലുദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് ആത്മഹത്യക്കു പിന്നിലെന്നു വ്യക്തമാക്കിയിരുന്നു. മരണത്തിനു കാരണക്കാരായ മേലുദ്യോഗസ്ഥരുടെ പേരും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. ഇക്കാര്യം മുതിർന്ന ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ജോലി സ്ഥലത്ത് മേലുദ്യോഗസ്ഥരുടെ സമ്മർദമുണ്ടായിരുന്നെന്നു ഗോപകുമാർ പറയാറുണ്ടായിരുന്നെന്നു ബന്ധുക്കളും ആരോപിക്കുന്നു. ഒരു വർഷത്തിലധികമായി ഗോപകുമാറിന് എസ്ഐ സെലക്ഷൻ ലഭിച്ചിട്ട്. വിവിധ കാരണങ്ങൾ പറഞ്ഞ് ഗോപകുമാറിന്റെ പ്രൊബേഷൻ കാലാവധി നീട്ടിക്കൊണ്ടു പോകുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പ്രൊബേഷൻ ആയിരുന്നതിനാൽ സ്റ്റൈപൻഡ് മാത്രമാണു ഗോപകുമാറിനു ലഭിച്ചിരുന്നത്. ഇതു ഗോപകുമാറിനെ സമ്മർദ്ദത്തിലാക്കിയിരുന്നതായാണു ബന്ധുക്കൾ പറയുന്നത്.
കടവന്ത്ര പോലീസ് സ്റ്റേഷനിലെ എഎസ്ഐ പി.എം. തോമസിന്റെ ബന്ധുക്കളും മേലുദ്യോഗസ്ഥർക്കെതിരേ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരുന്നത്. കൂടാതെ, തോമസിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നു ലഭിച്ച ആത്മഹത്യാ കുറിപ്പിലും മരണത്തിനു പിന്നിൽ പോലീസിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരാണെന്നു വ്യക്തമാക്കിയിരുന്നു. മറ്റൊരു പോലീസുകാരനെ രക്ഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ തന്നെ കുരുക്കുകയായിരുന്നുവെന്നാണ് പോലീസുകാരുടെ പേരു സഹിതം കുറിപ്പിൽ പറഞ്ഞിരുന്നത്. തുടർന്നാണ് ആത്മഹത്യക്കു പിന്നിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയത്. കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആത്മഹത്യക്കു പിന്നിലെ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.
നല്ല തൊഴിൽ സാഹചര്യം ഒരുക്കണം
പോലീസ് സംവിധാനത്തെ ഉടച്ചുവാർക്കണമെന്നാണു സേനയിൽനിന്ന് ഉയരുന്ന ആവശ്യം. ജനസംഖ്യയും കുറ്റകൃത്യവും പെരുകുന്നതിന് ആനുപാതികമായി പോലീസുകാരുടെ എണ്ണം വർധിപ്പിച്ചിട്ടില്ല. നല്ല തൊഴിൽ സാഹചര്യമൊരുക്കുന്നതിനു പുറമെ ജോലി സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. മുൻകാലങ്ങളിൽനിന്നു വിപരീതമായി ഇത്തരത്തിലുള്ള ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
റോബിൻ ജോർജ്