പവർക്കട്ട് കാലംതിരുവനന്തപുരത്തെ മരുതൻകുഴിയിലെ വീട്ടിലെ പവർക്കട്ട് കാലത്ത് മെഴുകുതിരി വെളിച്ചത്തിൽ ഞാനും എന്റെ ശ്രീമതിയും ചേർന്ന് കർണാടക സംഗീത കൃതികൾ ആലപിക്കാറുണ്ട്. സംഗീതത്തിൽ നല്ല ജ്ഞാനമുണ്ട് ശ്രീമതിക്ക്. വീണയും മീട്ടാറുണ്ട്. ഏതെങ്കിലുമൊരു രാഗം തുടങ്ങി കിട്ടിയാൽ പിന്നെ ഞാൻ വിടില്ല. നിർത്താതെ പാടും.പോറ്റി സാറിന്റെ " ശ്രീരാഗവും കാനഡയും ആനന്ദഭൈരവിയുമൊക്കെ കേട്ട് കേട്ട് പാവം അയൽക്കാർ മനംനൊന്ത് പ്രാർഥിച്ചു. " ഈ പവർക്കട്ട് കാലം ഒന്ന് വേഗം കഴിയണേ '.
സുകുമാറിന്റെ കൈയിൽ കിട്ടിയ നായനാർഅമേരിക്കൻ പര്യടനത്തിനു ശേഷം മുഖ്യമന്ത്രി നായനാർ പാരിസിൽ ഇറങ്ങി. ഐഫൽഗോപുരം കാണുകയായിരുന്നു ലക്ഷ്യം. ഐഫൽ ടവർ എങ്ങനെയുണ്ട് എന്ന് അവിടെ എത്തിയ മലയാളികളായ പത്രപ്രവർത്തകർ ചോദിച്ചു. ഉടനെ നായനാർ “ഗംഭീരമെന്ന് പറഞ്ഞു, കേട്ടത് ശരി തന്നെ കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായി പോയേനെ”. ഇതൊക്കെ കേട്ട് നിന്ന ഐഫൽ ഗോപുരവും തിരിച്ച് ഇത് തന്നെ നായനാരെ കുറിച്ചു പറഞ്ഞു. “അതേ കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായി പോയേനെ...” നർമ കൈരളിയുടെ " ചിരിയരങ്ങിൽ സുകുമാർ പറഞ്ഞ ഈ നർമം അടുത്തദിവസം പത്രത്തിൽ അടിച്ചു വന്നപ്പോൾ നായനാർ തന്റെ പിഎയോട് പറഞ്ഞു - "കലക്കി'.
ചലച്ചിത്ര സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ "റോസസ് ഡേ ' യുടെ ഉദ്ഘാടന വേളയിൽ സ്പീക്കർ എം. വിജയകുമാർ ഒരുപാട്ട് പാടി. "ഇല്ലിമുളം കാടുകളിൽ ലല്ലലല്ലം പാടിവരും തെന്നലേ... തെന്നലേ...' സദസിന്റെ മുൻനിരയിൽ ഇരുന്ന നായനാർ തൊട്ടടുത്തിരുന്ന ആഭ്യന്തരമന്ത്രി ടി.കെ. രാമകൃഷ്ണനോട് ഒരു ചോദ്യം.
“ഈ വിജയകുമാറെന്തിനാ ആ തെന്നലയെ ഇങ്ങനെ പുകഴ്ത്തുന്നത് ”. നായനാർക്കു രസിച്ച ഒരു സുകുമാർ ഫലിതമായിരുന്നു ഇതും.
ലീഡറിന്റെ സ്വന്തം സുകുമാർതലസ്ഥാനത്ത് വലിയൊരു സമ്മേളനം. മുഖ്യാതിഥി നമ്മുടെ കോൺഗ്രസ് പ്രമുഖൻ തന്നെ. പതിവുപോലെ റോഡിലൂടെ ജനങ്ങളെയൊക്കെ പായിച്ചു കൊണ്ട് പ്രമുഖന്റെ കാർ ചീറി പാഞ്ഞു. സമ്മേളന വേദിയിൽ സാഹസപ്പെട്ട് നേതാവ് എത്തിയപ്പോൾ സദസിൽ നാലും മൂന്നും ഏഴുപേർ! സദസ് കണ്ട് രോഷാകുലനായ നേതാവ് സംഘാടകരോട് ഒരു ചോദ്യം. “ഞാൻ പ്രസംഗിക്കുവാൻ വരുന്ന കാര്യം ജനങ്ങളെ അറിയിച്ചില്ലേ ? സംഘാടകർ ദൈന്യമായി പറഞ്ഞു.
"" ഞങ്ങളാരോടും പറഞ്ഞില്ല.പക്ഷേ ജനം എങ്ങനെയോ നേതാവ് വരുന്നുണ്ടെന്ന് അറിഞ്ഞു...'' ഇങ്ങനെ മുനയുള്ള പ്രയോഗങ്ങൾ കൊണ്ട് എത്രയോ തവണ ലീഡർ കെ.കരുണാകരനെ സുകുമാർ പ്രഹരിച്ചിട്ടുണ്ട്. സുകുമാറിന്റെ നർമ കൂരന്പുകൾ ഏറ്റവും നേരിട്ട രാഷ്ട്രീയ പ്രമുഖനും ലീഡർ തന്നെയായിരുന്നു. ഈ സുകുമാര ഫലിതമെല്ലാം കേട്ട് പൊട്ടി ചിരിച്ചിരുന്ന കരുണാകരൻ സുകുമാറിനെ എന്നും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
എസ്.മഞ്ജുളാദേവി