കാര്യങ്ങളുടെ നിയന്ത്രണം സദാശിവന്റെ കൈയില്നിന്നും ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. റഷീദിനെ കൊലപ്പെടുത്തി അത് സദാശിവന്റെ തലയില് കെട്ടിവച്ച് സദാശിവന്റെ ബംഗളൂരുവിലെ പ്രവര്ത്തനങ്ങളെ എന്നന്നേക്കും ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണ് എതിര്പക്ഷം നടത്തിയതെന്നും സംശയിക്കാവുന്ന തെളിവുകളുണ്ടായിരുന്നു.
ഓഗസ്റ്റ് 16 ന് സന്ധ്യാ ലോഡ്ജില് നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട റഷീദ് പിന്നീട് പോലീസ് കസ്റ്റഡിയില് മരിക്കുകയായിരുന്നുവെന്നും, മൃതദേഹം പോലീസിന്റെ ഒത്താശയോടെ തമിഴ്നാട്ടിലെത്തിച്ച് റെയില്വേ ട്രാക്കില് ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് സിബിഐ അന്വേഷണത്തില് കണ്ടെത്തിയത്. ബംഗളൂരുവില് നിന്നും കേരളത്തിലേക്ക് പോകുമ്പോള് റഷീദ് ട്രെയിനില് നിന്നും വീണുമരിച്ചതാണെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു ഇത്.
അന്നത്തെ ബംഗളൂരു സെന്ട്രല് ഡെപ്യൂട്ടി പോലീസ് കമ്മീഷണറായിരുന്ന കെ. നാരായണ്, ഹൈ ഗ്രൗണ്ട്സ് സ്റ്റേഷനിലെ ഇന്സ്പെക്ടര് എം.ബി. ഉത്തപ്പ, എഎസ്ഐ മലയാളിയായ പി. കൃഷ്ണന്കുട്ടി നായര്, ഹെഡ് കോണ്സ്റ്റബിള് എന്. നാരായണപ്പ, കോണ്സ്റ്റബിള്മാരായ എ. മോഹന്, പ്രസന്ന, എം. നാഗരാജ് എന്നിവരെയാണ് സിബിഐ കേസില് പ്രതിചേര്ത്തത്.
പ്രത്യേക സിബിഐ കോടതി ഇവരെ കുറ്റക്കാരെന്നു കണ്ടെത്തുകയും വിവിധ വകുപ്പുകളിലായി തടവിനും പിഴയ്ക്കും ശിക്ഷിക്കുകയും ചെയ്തു. ജാലപ്പയെ കേസില് നേരിട്ട് ഉള്പ്പെടുത്താന് തെളിവുകളില്ലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്.
എന്നാല്, ഇതിനെതിരായി പ്രതികള് നല്കിയ അപ്പീലില് കാര്യങ്ങള് വീണ്ടും മാറിമറിഞ്ഞു. സിബിഐയുടെ കണ്ടെത്തലുകളില് പിഴവുകളുണ്ടെന്നും പോലീസുദ്യോഗസ്ഥരാണ് കുറ്റകൃത്യം ചെയ്തതെന്ന് സംശയാതീതമായി തെളിയിക്കാന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിലയിരുത്തല്.
പോലീസിനേക്കാളധികം സംശയിക്കാവുന്നത് കര്ണാടകയിലെ വിദ്യാഭ്യാസ ലോബിയുമായി ബന്ധപ്പെട്ട ക്രിമിനല് സംഘങ്ങളെയാണെന്നും ഈ ദിശയില് അധികമൊന്നും മുന്നോട്ടുപോകാന് സിബിഐ അന്വേഷണത്തിന് കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ഇതോടെ ഒരു വ്യാഴവട്ടത്തിലധികം നീണ്ട നിയമയുദ്ധത്തിനുശേഷം 2002 ജൂണ് 24 ന് എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. അധികം താമസിയാതെ ഇവരെയെല്ലാം സര്വീസില് തിരിച്ചെടുക്കുകയും ചെയ്തു.
സിബിഐ കേസില് പ്രതിചേര്ക്കാതിരുന്നതോടെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിയ ജാലപ്പ 1996 ല് ചിക്കബല്ലാപൂരില് നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ദേവഗൗഡയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്ക്കാരില് ടെക്സ്റ്റൈല്സ് മന്ത്രിയാവുകയും ചെയ്തു. അടുത്തവര്ഷം വന്ന ഐ.കെ. ഗുജ്റാള് മന്ത്രിസഭയിലും അദ്ദേഹം മന്ത്രിയായി തുടര്ന്നു.
ആ സര്ക്കാരിന്റെ പതനത്തോടെ ജനതാദള് വിട്ട് കോണ്ഗ്രസില് ചേര്ന്നു. പിന്നീട് 2009 വരെ കോണ്ഗ്രസിന്റെ ലോക്സഭാംഗമായിരുന്നു. സദാശിവനുമായുള്ള തര്ക്കത്തിന്റെ കേന്ദ്രബിന്ദുവായ കോലാറിലെ ദേവരാജ് അരശ് മെഡിക്കല് കോളജിന്റെ ചെയര്മാനായി മരണംവരെ തുടര്ന്നു. ജീവിച്ചിരിക്കുമ്പോള് തന്നെ ജാലപ്പയുടെ പേരിലും ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളും വന്നു. കോണ്ഗ്രസ് എംഎല്എയായിരുന്ന മകന് ജെ. നരസിംഹ സ്വാമി ഇപ്പോള് ബിജെപിയിലാണ്.
ഇടക്കാലത്തെ ക്ഷീണത്തിനുശേഷം കര്ണാടകയിലെ വിദ്യാഭ്യാസമേഖലയില് ശക്തനായി തിരിച്ചുവന്ന പി. സദാശിവന് 1992 ല് രാജീവ്ഗാന്ധി കോളജ് ഓഫ് ഡെന്റല് സയന്സിന് തുടക്കമിട്ടു. 2001 ല് രാജീവ്ഗാന്ധി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും 2005 ല് കമല കോളജ് ഓഫ് നഴ്സിംഗും 2015 ല് രാജീവ്ഗാന്ധി മെഡിക്കല് ഹോസ്പിറ്റലും തുടങ്ങി.
ആദ്യം സ്ഥാപിച്ച സര്. എം. വിശ്വേശ്വരയ്യ എഡ്യുക്കേഷന് ട്രസ്റ്റിനു കീഴില് തന്നെയാണ് ഈ സ്ഥാപനങ്ങളെല്ലാം തുടങ്ങിയത്. സദാശിവന്റെ നാല് മക്കളാണ് ഇപ്പോള് സ്ഥാപനങ്ങളെല്ലാം നോക്കിനടത്തുന്നത്. പ്രായാധിക്യത്തെ തുടര്ന്ന് കൊല്ലത്തേക്ക് മടങ്ങിയെങ്കിലും സ്ഥാപനങ്ങളുടെ കാര്യം അന്വേഷിക്കാന് അടുത്തകാലം വരെ മാസത്തിലൊരിക്കലെങ്കിലും സദാശിവന് ബംഗളൂരുവില് എത്തുമായിരുന്നു.
കാലപ്രവാഹത്തില് തെളിവുകളില്ലാതെ മറഞ്ഞുപോയത് അഡ്വ. എം.എ. റഷീദ് മാത്രമാണ്.
ഒരുപക്ഷേ എല്ലാ ഇരകളെയും പോലെ. ഒരു കാലഘട്ടത്തില് ഏതാനും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം കൈക്കലാക്കുന്നതിനായി സദാശിവനും ജാലപ്പയ്ക്കുമിടയില് നടന്ന മത്സരത്തിന്റെ ഇടയില് പെട്ടുപോവുകയായിരുന്നു റഷീദ് എന്നു മാത്രമാണ് ഇപ്പോള് പറയാവുന്നത്. അത് അദ്ദേഹത്തിന്റെ മാത്രം നിര്ഭാഗ്യമായിരുന്നു. ആ ജോലിക്ക് അദ്ദേഹത്തെ ചുമതലപ്പെടുത്തിയ സദാശിവനു പോലും അനിവാര്യഘട്ടത്തില് അദ്ദേഹത്തെ രക്ഷിക്കാനായില്ല.
ഇപ്പോഴും ഇതരസംസ്ഥാനങ്ങളിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്രിമിനല് സംഘങ്ങളാല് നിയന്ത്രിക്കപ്പെടുന്ന കച്ചവടസ്ഥാപനങ്ങളായി മാറുകയും അതിന് ജിഷ്ണു പ്രണോയിയെ പോലെ പുതിയ ഇരകള് സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോള് ഒരുപക്ഷേ അതിന്റെ ആദ്യത്തെ ഇരയായ റഷീദിനെ മലയാളികള്ക്കെങ്കിലും ഒരിക്കലും മറക്കാനാവില്ല.
(അവസാനിച്ചു)