വീഴ്ചയിൽ മൂക്കിനു പരിക്ക് ചിത്രീകരണത്തിനിടെ താത്കാലികമായി നിർമിച്ച വീടിനു മുകളിൽ നിന്ന് വീണാണ് നടൻ ഫഹദ് ഫാസിലിന് പരിക്കേറ്റത്. പുതിയ ചിത്രമായ മലയൻകുഞ്ഞിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം ഉണ്ടായത്. മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. ഈ സമയത്താണ് താരത്തിന് വീണു പരിക്കേറ്റത്.
പരിക്കേറ്റ ഫഹദ് ഫാസിലിനെ ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു മുകളിൽനിന്നുള്ള വീഴ്ചയിൽ ഫഹദിന്റെ മൂക്കിനാണ് പരിക്കേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഫഹദിന് വീഴ്ചയുടേതായ ചെറിയ വേദനകൾ ഉണ്ടായി എന്നതൊഴിച്ചാൽ മറ്റു കുഴപ്പങ്ങളൊന്നും സംഭവിച്ചില്ലായെന്നത് ഭാഗ്യമായി കാണാം. നവാഗതനായ സജിമോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ടൊവിനോയ്ക്ക് കിട്ടിയത് ഒന്നാന്തരം ചവിട്ട്സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടൻ ടൊവിനോ തോമസിന് പരിക്കേറ്റത്. പിറവത്തിനടുത്ത് ഏഴക്കരനാട് വെട്ടിത്തറയിൽ "കള’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു അപകടം. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേൽക്കുകയായിരുന്നു. എന്നാൽ, ആ സമയത്ത് വലിയ പ്രശ്നം തോന്നാതിരുന്നതിനാൽ ബുദ്ധിമുട്ടുകൾ അവഗണിച്ച് ടൊവിനോ ഷൂട്ടിംഗ് തുടർന്നു.
വയറുവേദനയും അസ്വസ്ഥതകളും കൂടിയപ്പോഴാണ് ടൊവിനോ ആശുപത്രിയിൽ പോയത്. തീവ്രപരിശോധനാ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു. കുറച്ചുദിവസത്തെ ആശുപത്രി വാസത്തിനുശേഷം വീണ്ടും അദ്ദേഹം സിനിമയിൽ സജീവമായി.
"എടക്കാട് ബറ്റാലിയൻ’ എന്ന ചിത്രത്തിന്റെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയ്ക്ക് നേരത്തെ പൊള്ളലേറ്റിരുന്നു. ഭാഗ്യം കൊണ്ടാണ് വലിയൊരു അപകടത്തിൽനിന്ന് താരം അന്നു രക്ഷപ്പെട്ടത്.(തുടരും)
തയാറാക്കിയത്:
എൻ.എം.