ചക്രത്തിലിരുന്നു ചായ കുടിക്കാം
ചക്രത്തിലിരുന്നു ചായ കുടിക്കാം
വൈക്കം കായലോരത്ത് കെടിഡിസി മോർട്ടൽ വളപ്പിൽ കെടിഡിസി കെഎസ്ആർടിസി യുടെ സഹകരണത്തോടെ ആരംഭിച്ച ഡബിൾ ഡക്കർ എസി ബസ് റസ്റ്ററന്‍റ് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാടിനു സമർപ്പിച്ചു.

വൈക്കത്ത് ആരംഭിച്ച ഫുഡി വീൽസ് വൈക്കത്ത് അവസാനിപ്പിക്കാതെ സംസ്ഥാനത്തെ എല്ലാ ടൂറിസം ഡെസ്റ്റിനേഷനിലേക്കും പടർത്താനാണ് ടൂറിസം - ട്രാൻസ്പോർട്ട് വകുപ്പുകൾ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

ഉപയോഗശൂന്യമായെ കെഎസ്ആർടിസി വേണാട് ബസ് നവീകരിച്ചു രൂപകൽപന ചെയ്ത ഡബിൾ ഡക്കർ ബസ് എസി റസ്റ്ററന്‍റ് നാടിനു സമർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എൺപതുകളിൽ ആരംഭിച്ച ഹൗസ് ബോട്ടുകൾക്കുശേഷം ഒരു നൂതന സംരംഭമായി ടൂറിസം വകുപ്പ് ആവിഷ്കരിച്ച "കാരവാൻ ടൂറിസം' പദ്ധതി ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞെന്നും മന്ത്രി കൂട്ടി ചേർത്തു.

തുടർന്നു മുഖ്യപ്രഭാഷണം നടത്തിയ ഗതാഗത മന്ത്രി ആന്‍റണി രാജു വൈദ്യുതി, കൃഷി, മൽസ്യവകുപ്പടക്കമുള്ളവയുമായി സംയോജിച്ച് ടൂറിസം വകുപ്പ് വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണെന്നും ഈ സഹകരണത്തിൽ കെഎസ്ആർടിസിക്കും സാമ്പത്തിക ലാഭമുണ്ടെന്നും പറഞ്ഞു.


ബേക്കൽ - കോവളം ജലപാത യാഥാർഥ്യമാകുന്നതോടെ കേരള വിനോദ സഞ്ചാര മേഖല വലിയ മുന്നേറ്റം നടത്തുെമെന്നും ആന്‍റണി രാജു അഭിപ്രായപ്പെട്ടു.

സി.കെ.ആശ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ ടി ഡി സി മാനേജിംഗ് ഡയറക്ടർ കൃഷ്ണതേജ , വൈക്കം നഗരസഭ ചെയർ പേഴ്സൺ രേണുകരതീഷ് , ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ ,പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ.രഞ്ജിത്ത്, വാർഡ് കൗൺസിലർ ബിന്ദു ഷാജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹൈമിബോബി, പി.എസ്. പുഷ്പമണി, നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, കെ ടി ഡി സി മാർക്കറ്റിംഗ് മാനേജർ ജി.എസ്. രാജ്മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

സുഭാഷ് ഗോപി വൈക്കം