വിഷപ്പുകയിൽ ശ്വാസംമുട്ടി നഗരം; കൊച്ചിക്ക് സംഭവിച്ചത്...
വിഷപ്പുകയിൽ ശ്വാസംമുട്ടി നഗരം; കൊച്ചിക്ക് സംഭവിച്ചത്...
കൊച്ചി നഗരം കഴിഞ്ഞ 2 ദിനങ്ങളായി വിഷപ്പുകയിൽ മുങ്ങി നിൽക്കുകയാണ്. കൊച്ചി നഗരത്തിൽ നിന്നും വളരെ യേറെ കാലങ്ങളായി സ്വീകരിച്ചു കൊണ്ടിരിക്കുന്ന ബ്രഹ്മപുരത്തുള്ള മാലിന്യ നിക്ഷേപത്തിനു തീ പിടിച്ചതാണ് ഇതിനു കാരണം. എന്താണ് ഇങ്ങനെ വലിയ തോതിൽ തീ പടരുവാൻ കാരണമെന്ന് നോക്കാം.

കാലപ്പഴക്കമുള്ള മാലിന്യ നിക്ഷേപങ്ങളിൽ അകാരണമായി തീ പടരുന്ന പ്രതിഭാസം ലോകത്ത് പലയിടത്തും കണ്ടു വരുന്നുണ്ട്. ഇതിനൊരു കാരണം അവിടങ്ങളിൽ എല്ലാം അശാസ്ത്രീയമായി നിക്ഷേപിക്കപ്പെട്ട ജൈവ മാലിന്യങ്ങൾ ആണ്.

ഈ ജൈവ മാലിന്യങ്ങളെ വായുവിന്‍റെ അസാന്നിധ്യത്തിൽ പ്രവർത്തിക്കുന്ന ബാക്ടീരിയകൾ വിഘടിക്കുകയും മീഥേൻ പോലുള്ള വാതകങ്ങൾ വൻ തോതിൽ പുറപ്പെടുവിക്കുകയും ചെയ്യുന്നു. നല്ലൊരു ഇന്ധനമായ മീഥേൻ വാതകം വേനൽക്കാലത്തെ അതി കഠിനമായ ചൂടിൽ കത്തിപ്പിടിക്കാനുള്ള സാധ്യത വളരെ അധികമാണ്.



ചൂടുപിടിച്ച ലോഹക്കഷണങ്ങളോ, സൂര്യപ്രകാശത്തെ കേന്ദ്രീകരിക്കാൻ സാധിക്കുന്ന തരത്തിലുള്ള കണ്ണാടിച്ചീളുടെയോ സാന്നിധ്യം ഇത്തരത്തിൽ തീപിടിക്കാനുള്ള സാധ്യതകൾ കൂട്ടുന്നു.. ഒരിക്കൽ തീ പടർന്നാൽ അത് കെടാതെ സൂക്ഷിക്കാൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ സഹായിക്കുന്നു. ഇത്തരം തീ മാലിന്യ നിക്ഷേപത്തിന്‍റെ വലിപ്പമനുസരിച്ചു വളരെയേറെ നാൾ കത്തിനിൽക്കുന്നതിനു കഴിവുള്ളതാണ്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തുന്നത് മൂലമുണ്ടാകുന്ന ഡയോക്സിൻ പോലുള്ള വിഷ വാതകങ്ങളും, സൂക്ഷ്മ കണികകളും അന്തരീക്ഷത്തിൽ വളരെയേറെ നാൾ തങ്ങി നിൽക്കുകയും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

വായുവിന്‍റെ ഗുണനിലവാരം ഏറ്റവും ബാധിക്കപ്പെടുന്നത് വായുചംക്രമണം കുറഞ്ഞു നിൽക്കുന്ന രാത്രികാലങ്ങളിലും, പുലർച്ചെയും ആയിരിക്കും. ഈ സമയങ്ങളിൽ ആസ്ത്‌മ, അലർജി എന്നിവയുള്ള പൊതുജനങ്ങൾ, കൊച്ചുകുട്ടികൾ, വയോജനങ്ങൾ എന്നിവർ വീട്ടിൽ തന്നെ പരമാവധി കഴിയുന്നതിനു ശ്രദ്ധിക്കേണ്ടതാണ്.




ഇത്തരം തീ പിടുത്തങ്ങൾ ഒഴിവാക്കുന്നതിനു നമുക്ക് എന്ത് ചെയ്യാൻ സാധിക്കും?

1) ബ്രഹ്മപുരത്തു കാലങ്ങളായി അശാസ്ത്രീയമായി നിക്ഷേപിക്കപെട്ട മാലിന്യങ്ങളെ എത്രയും പെട്ടന്ന് ബയോ മൈനിംഗ് പോലുള്ള രീതികൾ അവലംബിച്ചു നീക്കം ചെയ്യുക

2) ജൈവ മാലിന്യങ്ങളെ പരമാവധി ഉറവിട സംസ്കരണത്തിലൂടെ വളമാക്കി മാറ്റാനുള്ള സംവിധാനം സജ്ജീകരിക്കുക. ഒരു കാരണ വശാലും ജൈവ മാലിന്യങ്ങളെ ഡംപിംഗ് യാർഡിൽ അശ്രദ്ധമായി നിക്ഷേപിക്കേണ്ട അവസ്ഥ ഉണ്ടാവരുത്.

3)ബയോ മൈനിംഗ് കഴിഞ്ഞ് വൃത്തിയാക്കിയ ബ്രഹ്മപുരത്തെ ഇന്ത്യയ്ക്ക് തന്നെ മാതൃക ആവുന്ന വിധത്തിൽ വേസ്റ്റ് റീസൈക്ലിംഗ് പാർക്ക് ആക്കി മാറ്റുക. ഖര മാലിന്യ സംസ്കരണത്തിന്‍റെയും ദ്രവ മാലിന്യ സംസ്കരണത്തിന്‍റെയും നല്ല മാതൃകകൾ സജ്ജമാക്കുക. ഇതിനു പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ് മോഡലുകൾ ഉപയോഗിക്കാവുന്നതാണ്.

4) ബയോ മൈനിംഗ് കഴിയുന്ന വരെയെങ്കിലും മാലിന്യ നിക്ഷേപത്തിൽ നിന്നും വമിക്കുന്ന വാതകങ്ങളെ ശരിയായ രീതിയിൽ മോണിറ്റർ ചെയ്യുവാനുള്ള സംവിധാനം സജ്ജമാക്കുക.അപ്പോൾ അമിതമായി മീഥേൻ വാതകം പടരുന്നുണ്ടെങ്കിൽ മുൻകരുതൽ എടുക്കുവാൻ സാധിക്കും. മാലിന്യം നനയ്ക്കുകയോ മറ്റോ ചെയ്തു തീ പിടിക്കാതെ നോക്കാം

5) ശാസ്ത്രീയ മാലിന്യ സംസ്കരണത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക. ഒപ്പം തന്നെ ജനസാന്ദ്രത കൂടിയ കൊച്ചി പോലുള്ള നഗരങ്ങളിൽ മാലിന്യ സംസ്കരണ പ്ലാന്‍റുകൾ സ്ഥാപിക്കുമ്പോൾ തങ്ങളുടെ വീടിനടുത്തു പാടില്ല എന്ന നിലപാട് ജനങ്ങൾ മാറ്റേണ്ടതുണ്ട്. ആ ഒരു ചിന്താഗതി മാറ്റുന്നതിനു വേണ്ട ക്യാമ്പയിനുകൾ സംഘടിപ്പിക്കുക.

ഡോ. രതീഷ് മേനോൻ,
പ്രൊഫസർ, SCMS എൻജിനിയറിംഗ് കോളജ്.