പേഴ്സണല്‍ സെക്രട്ടറിയുടെ ഒഴിവാണെന്നും നല്ല സ്ഥാപനമാണെന്നും ഉടന്‍ ബയോഡാറ്റയും ഫുള്‍സൈസ് ഫോട്ടോയും അയയ്ക്കാനും ഫോണ്‍ എടുത്ത യുവതി പറഞ്ഞു.
അതുപ്രകാരം നവ്യ ബയോഡാറ്റ അയച്ചു. പിറ്റേന്നു തന്നെ വിളിയെത്തി. നാളെത്തന്നെ ഇന്റര്‍വ്യൂവിന് എത്താനായിരുന്നു നിർദേശം. തുടര്‍ന്ന് ഇടപ്പള്ളിയിലെ ഡിഫ്ളോറ സ്പാ എന്ന സ്ഥാപനത്തിന്റെ ലൊക്കേഷനും അയച്ചു. തൃശൂര്‍ സ്വദേശിനിയായ യുവതി എട്ടിന് എറണാകുളത്തേക്കു പുറപ്പെട്ടു. ഇടപ്പള്ളിയിലെത്തിയിട്ട് വിളിക്കാനായിരുന്നു നിര്‍ദേശം.
യുവതി അവിടെയെത്തി വിളിച്ചപ്പോള്‍ ബുള്ളറ്റിലെത്തിയ യുവാവ് യുവതിയെ ഇടപ്പള്ളി ടോളിലെ ഒരു സ്പായിലാണ് എത്തിച്ചത്. ലൊക്കേഷന്‍ ഇതല്ലല്ലോ അയച്ചതെന്നു നവ്യ ചോദിച്ചപ്പോള്‍ ഇതും നമ്മുടെ സ്ഥാപനംതന്നെയാണ്, കൊച്ചിയില്‍ എട്ടോളം സ്ഥാപനങ്ങള്‍ ഉണ്ടെന്നുമായിരുന്നു മറുപടി. ഇന്റര്‍വ്യൂ കഴിഞ്ഞ് നാളെ മുതല്‍ ജോലിക്ക് വന്നോളു എന്നു പറഞ്ഞു പറഞ്ഞയച്ചു.
രാവിലെ പത്തു മുതല്‍ വൈകുന്നേരം ആറര വരെയായിരുന്നു ജോലി സമയം. 15,000 രൂപയാണ് ശമ്പളം വാഗ്ദാനം ചെയ്തത്. അവിടെ വേറെ പെണ്‍കുട്ടികളും ഉണ്ടായിരുന്നു. സംശയാസ്പദമായി നവ്യയ്ക്ക് ഒന്നും തന്നെ തോന്നിയില്ല.
പിറ്റേന്ന് രാവിലെ പത്തരയ്ക്ക് യുവതി സ്പായില്‍ ജോലിക്കെത്തി. അന്ന് കമ്പനിയുടെ വിവിധ സ്പാകള്‍ പരിചയപ്പെടുത്തുന്നതിനായി പെണ്‍കുട്ടിയുമായി നിഥിന് എന്ന യുവാവ് പോയി. സ്പായുടെ സഹ ഉടമയാണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. വൈകുന്നേരത്തോടെ ഇടപ്പള്ളിയിലെ സ്പായില്‍ തിരിച്ചെത്തിയ യുവതി അന്ന് വീട്ടിലേക്കു മടങ്ങി.
രാത്രി വന്ന മെസേജ്നിഥിന്റെ മെസേജ് അന്ന് രാത്രി പെണ്കുട്ടിക്കെത്തി. നാളെ രാവിലെ ഇടപ്പള്ളിയിലെ സ്പായിലേക്കാണ് വരേണ്ടത്. അവിടെ മറ്റൊരു യുവതി ഉണ്ടാകും എന്നായിരുന്നു സന്ദേശം. അതുപ്രകാരം അവിടെയെത്തിയ പെണ്‍കുട്ടി ഏറെനേരം കാത്തിരുന്നിട്ടും ആരെയും കാണാത്തത്തിനെത്തുടര്‍ന്ന് നിഥിനെ ഫോണില്‍ വിളിച്ചു. വെയ്റ്റു ചെയ്യു, ഞാന്‍ ഉടനെയെത്താം എന്ന് അയാള്‍ മറുപടി നല്കി.
നിമിഷങ്ങള്‍ക്കകം അവിടെയെത്തിയ നിഥിന് യുവതിയോട് സ്പായിലെ നിലവിളിക്കില്‍ ദീപം കൊളുത്താന്‍ പറഞ്ഞു. ആ സമയം അവിടെ കസ്റ്റമേഴ്സും എത്തിത്തുടങ്ങി. അതിനുശേഷം നവ്യ പ്രഭാത ഭക്ഷണം കഴിച്ചോയെന്നു നിഥിന് അന്വേഷിച്ചു. ഭക്ഷണം ഇവിടെനിന്ന് കിട്ടുമെന്നല്ലേ പറഞ്ഞത്, അതുകൊണ്ടു ഭക്ഷണം ഒന്നും കഴിച്ചില്ലെന്നായിരുന്നു നവ്യയുടെ മറുപടി.
തുടര്‍ന്ന് അയാള്‍ ഭക്ഷണം വാങ്ങി നല്കാന് നവ്യയുമായി കാറില്‍ പുറത്തേക്കിറങ്ങി. അതിനിടയ്ക്ക് അവിടെ കസ്റ്റമേഴ്സിന്റെ എണ്ണം കൂടാന്‍ തുടങ്ങി. നവ്യ മറ്റൊന്നും സംശയിക്കാതെ അയാള്‍ക്കൊപ്പം പുറത്തേക്കു പോയി.
(തുടരും)
സീമ മോഹന്‍ലാല്‍