പി.ഭാസ്കരന്റെ സഹധർമിണി എന്ന നിലയിൽ ദൃശ്യമാധ്യമങ്ങളിലും പൊതുവേദിയിലും എപ്പോഴും പ്രത്യക്ഷപ്പെടുമായിരുന്നില്ല ഇന്ദിര ഭാസ്കരൻ. ചുരുക്കം അഭിമുഖങ്ങളേ ഉണ്ടായിട്ടുള്ളൂ. എങ്കിലും പല ഗാനങ്ങളുടേയും പിറവി നിമിഷങ്ങളെക്കുറിച്ച് അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു.
"കായലരികത്ത് വലയെറിഞ്ഞപ്പം..., ഇന്നലെ മയങ്ങുന്പോൾ..., കരിമുകിൽ കാട്ടിലെ..., ഒരു പുഷ്പം മാത്രമെൻ...' അങ്ങനെ ധാരാളം അനശ്വരഗാനങ്ങൾ നമുക്കു സമ്മാനിച്ച ഭാസ്കരൻ മാസ്റ്ററിന്റെ പാട്ടെഴുത്തു രീതികളെക്കുറിച്ചും ഇന്ദിര പറഞ്ഞിരുന്നു. പ്രത്യേകിച്ചൊരു സമയം, സ്ഥലം, അന്തരീക്ഷം അങ്ങനെയൊന്നും മാസ്റ്ററിനു ഉണ്ടായിരുന്നില്ല.
ആവശ്യമുള്ളപ്പോൾ എല്ലാം പേപ്പറും പേനയുമെടുത്ത് എഴുതും. പാട്ടെഴുത്തിന് പ്രതിഫലം നൽകാതെ നിർമാതാക്കൾ മറയുന്പോൾ ആ വേദനയും നിരാശയും പറഞ്ഞുകൊണ്ട് ഉമ്മറത്തിരുന്ന് വീണ്ടും പാട്ടെഴുതിയിരുന്ന പി.ഭാസ്കരന്റെ ചിത്രവും ആ മനസിൽ തെളിമയോടെ എന്നും ഉണ്ടായിരുന്നു.
പി.ഭാസ്കരൻ-ഇന്ദിരാദേവിയുടെ വിവാഹത്തെക്കുറിച്ച് പെരുന്പുഴ തന്റെ ജീവചരിത്രഗ്രന്ഥത്തിൽ വിശദമായി കുറിച്ചിട്ടുണ്ട്. മേടമാസത്തിലെ ആയില്യം, കുംഭമാസത്തിലെ തിരുവോണം നല്ല പൊരുത്തമുള്ള നാളുകളാണ് എന്ന് വീട്ടിലെല്ലാവരും പറയുന്നത് ഇന്ദിര കേൾക്കുന്നത് കൊടുങ്ങല്ലൂർ ഗേൾസ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്പോഴാണ്.
പി.ഭാസ്കരൻ അന്ന് കവിയായും ഗാനരചയിതാവായും പേരെടുത്ത് കഴിഞ്ഞിരുന്നു. പാലക്കാട് ആലത്തൂർ തെക്കെ അണുവങ്കോട് വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മയാണ് ഇന്ദിരാദേവിയുടെ അമ്മ. അച്ഛൻ കൊടുങ്ങല്ലൂരിലെ പ്രശസ്തനായ ഡോക്ടർ ഒ.പി.ആർ.മേനോൻ. ഇന്ദിരയുടെ പത്താമത്തെ വയസിലാണ് കുടുംബം കൊടുങ്ങല്ലൂരിലേക്ക് താമസം മാറ്റിയത്.
സ്കൂളിൽ പി.ഭാസ്കരന്റെ സഹോദരിമാരുടെ മക്കളുടെ സഹപാഠിയായിരുന്നു ഇന്ദിര. പി.ഭാസ്കരന്റെ സഹോദരി കനകമ്മയുടെ ഭർത്താവ് എം.എൻ.മേനോൻ വഴിയാണ് വിവാഹാലോചന വന്നത്. മുപ്പത് വയസുള്ള വരനും പതിനെട്ടുകാരി വധുവും തമ്മിലുള്ള വിവാഹ ചടങ്ങ് 1955 മേയ് 18നു ആലുവയിലെ ഒരു സ്കൂൾ ഹാളിൽ വച്ചാണ് നടന്നത്. വൈകിട്ടായിരുന്നു മുഹൂർത്തം.
പ്രമുഖ കോൺഗ്രസ് പ്രവർത്തകനായിരുന്നു പി.ഭാസ്കരന്റെ അച്ഛൻ നന്ദ്യേലത്ത് പദ്മനാഭ മേനോൻ. പദ്മവിലാസത്തിലേക്ക് ഇന്ദിരാദേവി എത്തുന്പോൾ തറവാട്ടിൽ അമ്മ, ആറു സഹോദരിമാർ, രണ്ട് സഹോദരൻമാർ, ചെറിയമ്മമാർ, അമ്മാവൻമാർ, മരുമക്കൾ എന്നിവർ ഉണ്ടായിരുന്നു. അവരിലൊരാളായി ഇന്ദിര പി.ഭാസ്കരന്റെ ജീവിതത്തിലേക്കും.
എസ്.മഞ്ജുളാദേവി