ഒരേ വീട്ടിലെ നാല് അംഗങ്ങൾക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം കൊളോസ്റ്റമി ബാഗ് ആവശ്യം വന്നപ്പോൾ അവരെ ചികിത്സിക്കുന്ന ഡോക്ടർ ആശ്രയയോട് സഹായം ചോദിച്ചു. അപ്പോഴും മനുഷ്യസ്നേഹികളായ സുഹൃത്തുക്കളും മറ്റും മുന്നോട്ടു വന്ന് സാന്പത്തികമായി സഹായിക്കുകയായിരുന്നു. ബാങ്ക് ബാലൻസ് ഒന്നുമില്ലാതെയായിരുന്നു തുടക്കം.
പിന്നീട് നല്ല മനസുകളുടെ സഹായത്താൽ ആശ്രയ വളരുകയും സഹായധനം വർധിച്ചുവരികയും ചെയ്തു. കഴിഞ്ഞ കുറച്ച് വർഷങ്ങൾ മുതൽ വർഷം ഒരു കോടി വരെ സഹായധനമായി ലഭിക്കുകയും അത്രയും തുക ചെലവഴിക്കുകയും ചെയ്യുന്നു. (കൊറോണക്കാലത്ത് സംഭാവനകൾ കുറവായിരുന്നു).
സാന്പത്തിക ദുരിതം അനുഭവിക്കുന്ന ഒട്ടേറെപ്പേർ വിദൂരജില്ലകളിൽ നിന്നും എത്താറുണ്ട്. കാൻസർ ബാധിച്ച കുഞ്ഞുങ്ങൾക്കായി നീണ്ട യാത്രകൾ ചെയ്ത് തിരുവനന്തപുരത്തെത്തുന്നവരും ധാരാളം. സ്വന്തം നാട് വിടുന്നതോടെ ഉണ്ടായിരുന്ന തൊഴിലും ഇവർക്ക് നഷ്ടമാവുന്നു. കാൻസർ രോഗികൾക്ക് ചികിത്സയ്ക്കുള്ള സാന്പത്തിക സഹായം നൽകുന്നതോടൊപ്പം അവരുടെ കുടുംബത്തെ സഹായിക്കുന്ന പല പദ്ധതികളും ആശ്രയ നടപ്പിലാക്കി വരുന്നു.
രോഗവിമുക്തർക്കു വേണ്ടിയുള്ള പുനരധിവാസ പ്രവർത്തനങ്ങൾ, കാൻസർ രോഗികളുടെ മക്കളുടെ വിദ്യാഭ്യാസം, വിവാഹം, തൊഴിൽ കണ്ടെത്തൽ എന്നിവയ്ക്കും സാന്പത്തിക സഹായം നൽകുന്നുണ്ട്.
കാൻസർ രോഗികളുടെ അതിജീവനത്തിന്റെ നൂറു കഥകൾ പറയാനുണ്ട് ശാന്താ ജോസിന്. സേവനം ഹൃദയവാക്യമായ ഒരുകൂട്ടം സ്ത്രീകളുടെ ആത്മാർപ്പണമാണ് ആശ്രയയെ മുന്നോട്ട് നയിക്കുന്നത്. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെ.ലളിതാംബികയാണ് രക്ഷാധികാരി. ആശ്രയയിൽ ഇന്ന് നാനൂറോളം വൊളണ്ടിയർമാരുണ്ട്.
ആശ്രയയുടെ പ്രവർത്തനം തിരിച്ചറിയുന്ന വ്യക്തികൾ, സംഘടനകൾ അങ്ങനെ പലരുടേയും സഹായമാണ് ആശ്രയയുടെ ശക്തി. 1996 മുതൽ ആർസിസിയിലെ ഡയറക്ടർമാരും ഡോക്ടർമാരും മറ്റ് ജീവനക്കാരും നൽകി വന്ന പിന്തുണയും പ്രധാനപ്പെട്ടതാണ്.
- എസ്. മഞ്ജുളാദേവി