പിടിച്ചെടുത്ത സാമ്രാജ്യംഉമ്മൻ ചാണ്ടി 27 ാം വയസിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ആദ്യമായി മത്സര ഗോദയിലിറങ്ങുന്നത്. അന്ന് പുതുപ്പള്ളി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് വലിയൊരു പിളര്‍പ്പ് നേരിട്ട് നില്ക്കുന്ന സമയം. കാര്യങ്ങൾ ഒട്ടും അനുകൂലമായിരുന്നില്ലെങ്കിലും മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയാലും വിജയിച്ചതായി കണക്കാക്കുമെന്നുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉറപ്പും ജന്മനാടെന്നുള്ള വിശ്വാസവും ഉമ്മന്‍ചാണ്ടിക്കു ധൈര്യമേകി.
തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ കണക്കുകൂട്ടലുകളെല്ലാം തിരുത്തിക്കുറിച്ച് സിറ്റിംഗ് എംഎല്‍എ ഇ.എം. ജോര്‍ജിനെ 7,233 വോട്ടുകൾക്ക് പരാജയപ്പെടുത്തി ഉമ്മന്‍ ചാണ്ടി സാമ്രാജ്യം പിടിച്ചെടുക്കുകയായിരുന്നു. 1977ലെ കെ. കരുണാകരന് മന്ത്രി സഭയിൽ തൊഴില്‍മന്ത്രിയായ ഉമ്മൻ ചാണ്ടി പിന്നീട് വിവിധകാലങ്ങളിൽ ആഭ്യന്തര, ധന, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചതിനു ശേഷം 2004ല്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക്. 2011-16 കാലത്ത് വീണ്ടും മുഖ്യമന്ത്രിയായി.
ഇന്നും കാത്തു സൂക്ഷിക്കുന്ന യുവത്വംഇപ്പോഴും യുവത്വത്തിന്റെ പ്രസരിപ്പും കർമോത്സുകതയുമാണ് കർമവീഥിയില്‍ ഉമ്മൻ ചാണ്ടിയെ മൗലികമായി നിലനിർത്തുന്നത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, എഐസിസി ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ സംഘടനാ വൈഭവം.
ആ ജനകീയ ഇടപെടലുകളിലെ നാഴികക്കല്ലായിരുന്നു മുഖ്യമന്ത്രിയായിരുന്ന കാലത്തെ ജനസമ്പര്‍ക്ക പരിപാടി. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹം ചുവപ്പുനാടകളില്‍ കുടുങ്ങിക്കിടന്നുവെന്നുള്ള തിരിച്ചറിവായിരുന്നു അദ്ദേഹത്തെ ആ ധീരമായ മുന്നേറ്റത്തിലേക്കു പ്രേരിപ്പിച്ചത്.
ലളിതം സുന്ദരം ആ ജീവിതംസഹപ്രവർത്തകർ ഒസി എന്ന സ്നേഹപ്പേരില്‍ വിളിക്കുന്ന ഉമ്മൻ ചാണ്ടി വ്യക്തി ജീവിതത്തിലെ അപൂര്‍വതകളെ പോലും ആഘോഷമാക്കാറില്ല.
പിറന്നാള്‍ദിനത്തിനു പതിവു ദിവസങ്ങളിൽ കവിഞ്ഞുള്ള നിറങ്ങൾ നൽകാറില്ല. കേക്ക് മുറിക്കലിനോ ആഘോഷങ്ങൾക്കോ നിന്നുകൊടുക്കാറില്ല. കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച് ആഘോഷം ലളിതമാക്കും. മിക്കവാറും പിറന്നാൾ ദിനങ്ങളിലും ഉമ്മന്‍ ചാണ്ടി യാത്രയിലായിരിക്കും. തനിക്കുചുറ്റുമുള്ള ലോകത്തിൽനിന്നും ഊര്‍ജം കണ്ടെത്തുന്ന നേതാവ് പിറന്നാള്ദിനത്തിലും പ്രവർത്തകരോടൊപ്പം തന്നെയാണുള്ളത്.
ഇന്ദിരാ ഗാന്ധിയുടെ മരണശേഷം ഉമ്മന്‍ ചാണ്ടി ജന്മദിനം ആഘോഷമാക്കാറില്ലെന്നതാണ് മറ്റൊരു വസ്തുത. ഓരോദിനവും പുതിയ പ്രതിസന്ധികളെ അതിജീവിച്ചു ജനക്ഷേമത്തിനായി ഇറങ്ങിത്തിരിക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ ശൈലി. ഇത്തരം കുഞ്ഞ് കുഞ്ഞ് ശൈലികളാണ് മലയാളികളുടെ കുഞ്ഞൂഞ്ഞിന്റെ ജീവിതം സുന്ദരമാക്കുന്നതും...