ഭരണത്തിന്റെ ആദ്യനാളുകളിൽ തന്നെ മൂന്നാർ ഓപ്പറേഷൻ തുടങ്ങി. കോടതിയും സർക്കാരിനൊപ്പമായി. പക്ഷേ ഇടുക്കി സിപിഎമ്മിലെ മേലാളന്മാർ വി.എസിനെതിരെ കലിതുള്ളി. പിന്നീടു പാർട്ടി നിർദേശ പ്രകാരം വി.എസിനു തന്റെ മൂന്നാർ ദൗത്യം മനസില്ലാമനസോടെ അവസാനിപ്പിക്കേണ്ടിവന്നെങ്കിലും കൈയേറ്റക്കാരിൽനിന്ന് അദ്ദേഹം ഒഴിപ്പിച്ച പതിനായിരത്തിലേറെ ഹെക്ടർ വരുന്ന ഭൂമി ഇപ്പോഴും സർക്കാരിന്റെ കൈവശമുണ്ട്.
വി.എസിനു പിന്നിലെ ആരവംസിപിഎമ്മിലെ ഒരു നേതാവിനും ലഭിക്കാത്ത ജനപിന്തുണയും സ്നേഹവുമാണ് വി.എസിനു ലഭിച്ചിരുന്നത്. അതിപ്പോഴും നിലകൊള്ളുന്നു എന്നതാണു രാഷ്ട്രീയസത്യവും. വി.എസിന്റെ നീട്ടിവലിച്ചുള്ള, എതിരാളികളെ പരിഹസിക്കുന്ന വാക്കുകൾക്കു കാതോർക്കാൻ മരങ്ങളുടെ മുകളിൽ വരെ സാഹസികമായി ഇരിപ്പിടമുറപ്പിച്ചിരുന്ന ശ്രോതാക്കളെ സംസ്ഥാനത്തുടനീളം കണ്ടതാണ്.
വിദേശത്തുനിന്നു പോലും ആളുകൾ വി.എസിനെ പഠിക്കാനും കാണാനും കേരളത്തിൽ എത്തുമായിരുന്നു. വി.എസിന്റെ ഈ ജനകീയത സിപിഎം സംസ്ഥാന നേതൃത്വത്തിന് ഒട്ടും സുഖിച്ചിരുന്നില്ല. വി.എസും പാർട്ടിയും രണ്ടാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു അന്നു നടന്ന സംഭവങ്ങൾ.
മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കാത്ത പാർട്ടി നേതൃത്വമെന്ന അപഖ്യാതിയായിരുന്നു പിണറായി വിജയനും പാർട്ടിക്കുമുണ്ടായിരുന്നത്. വി.എസും ഒരർഥത്തിൽ ഇതു നന്നായി ആസ്വദിച്ചു. അച്ചടക്കലംഘനം പലകുറി ആവർത്തിച്ചപ്പോഴും വി.എസിനെ തൊടാൻ സിപിഎം കേന്ദ്ര നേതൃത്വം പോലും മടിച്ചു.
ആലപ്പുഴ സമ്മേളനത്തിൽനിന്ന് അദ്ദേഹം ഇറങ്ങിപ്പോയിട്ടുപോലും ആരും വി.എസിനെ തൊട്ടില്ല. അപ്പോഴും വി.എസിനു പുറകിലായിരുന്നു കേന്ദ്ര നേതാക്കളെല്ലാം. ഒടുവിൽ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിനും വി.എസിന്റെ സാന്നിധ്യം പാർട്ടിക്ക് അത്യന്താപേക്ഷിതമായിരുന്നു.
വി.എസ് രാഷ്ട്രീയ പാഠപുസ്തകംസിപിഎം നേതാക്കൾ വലിയ ആവേശത്തോടെ പറയുന്ന ഒന്നാണു താൻ വി.എസിന്റെ രാഷ്ട്രീയ പള്ളിക്കൂടത്തിലാണു മാർക്സിസം-ലെനിനിസം അഭ്യസിച്ചതെന്ന്. വി.എസിനൊപ്പം നിന്നവർക്കും പിന്നീട് അദ്ദേഹത്തെ തള്ളിപ്പറഞ്ഞു മറുചേരിയിൽ പക്ഷം പിടിച്ചവർക്കും ഇക്കാര്യത്തിൽ ഏകാഭിപ്രായമാണ്. ഒരു കേഡർ എങ്ങനെ രൂപപ്പെടണമെന്നതിൽ വി.എസിന് അപാരമായ അറിവുണ്ടായിരുന്നു എന്നാണു പഴയ നേതാക്കളുടെ ഭാഷ്യം.
അതുകൊണ്ടാണു കേരളത്തിൽ മികച്ച ഒരു പാർട്ടിയെ കെട്ടിപ്പടുക്കാനായതെന്നാണ് അവരുടെ നിലപാട്. വി.എസിനെ നിലനിൽപ്പിന്റെ പേരിൽ തള്ളിപ്പറഞ്ഞവരെല്ലാം പാർട്ടിയുടെ പുതിയ നയവ്യതിയാനങ്ങളെ ഇപ്പോൾ വിമർശിക്കുകയാണ്. ഇവിടെയാണു വി.എസ് എന്ന പാർട്ടി പള്ളിക്കൂടത്തിലെ അധ്യാപകന്റെ പ്രസക്തി. പാർട്ടിയിൽ ഉണ്ടാകുന്ന എല്ലാത്തരം നയവൈകല്യങ്ങളെയും വി.എസ് കാലാകാലങ്ങളിൽ എതിർത്തിട്ടുണ്ട്. ചിലതൊക്കെ എതിർത്തു തോൽപ്പിച്ചിട്ടുമുണ്ട്.
മുൻകാലങ്ങളിൽ പാർട്ടി എതിർത്തിരുന്ന പലതിനെയും ഇപ്പോൾ അനുകൂലിക്കുന്പോൾ സർക്കാരിന്റെ പല പദ്ധതികൾക്കും നടപടികൾക്കുമെതിരേ ജനരോഷം ഉയരുന്പോൾ സമരം ജീവിതമാക്കിയ വി.എസിന് ശാരീരികാവശതകൾ മൂലം പ്രതികരിക്കാനാകുന്നില്ല. പക്ഷേ എല്ലാവരും സമ്മതിക്കുന്നു, വി.എസ് ഒരു രാഷ്ട്രീയ പാഠപുസ്തകമാണ്.
പ്രേംകുമാർ