മരണമായെത്തും മയക്കുമരുന്ന്
പി. ജയകൃഷ്ണൻ
മയക്കുമരുന്ന് അളവിൽ അല്പം കൂടിയാൽ മരണമായിരിക്കും ഫലം. അടുത്തിടെ കണ്ണൂരിലടക്കം ഇത്തരം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ചോമ്പാലയില്‍ മയക്കുമരുന്ന് കുത്തിവച്ച യുവാവിനെ റോഡരികിൽ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. എടക്കാട് സ്വദേശി മിഗ്ദാദ് (24) ആണ് മരിച്ചത്.
അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനാലാണ് മരണമെന്ന് പിന്നീട് തിരിച്ചറിഞ്ഞു. മിഗ്ദാദിനൊപ്പം അവശനിലയില്‍ കണ്ട ബിടെക് വിദ്യാര്‍ഥി മുഴപ്പിലങ്ങാട്ടെ രാഹുല്‍ എന്ന കണ്ണനേയും ഇവര്‍ക്ക് മയക്കുമരുന്ന എത്തിച്ചു നല്കിയ തലശേരി പാലിശേരി മിനി സിവില്‍ സ്റ്റേഷന് സമീപത്തെ എം.കെ. ജംഷീറി (29)നെയും പോലീസ് പിന്നീട് അറസ്റ്റു ചെയ്തു.
മയക്കുമരുന്ന് സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്. 2018 നുശേഷം കണ്ണൂര്‍ ജില്ലയില്‍ മാത്രം 16 പേരാണ് മയക്കുമരുന്ന് കുത്തിവച്ച് മരണത്തിന് കീഴടങ്ങിയത്. പയ്യാമ്പലത്തെ ആളൊഴിഞ്ഞ വീട്ടില്‍ പള്ളിയാംമൂല സ്വദേശി ജാബിറി (35) നെ മരിച്ചനിലയില്‍ കണ്ടെത്തിയതാണ് ജില്ലയിലെ ആദ്യത്തെ സംഭവം.
പിന്നീട് പച്ചക്കറി മാര്‍ക്കറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ റഷീദ് (35), എടക്കാട് പോലീസ് സ്റ്റേഷന് പരിധിയിലെ ഉനൈസ്, റെയില്‍വേ ഉദ്യോഗസ്ഥനായ യുവാവ്, ഗോവയില്‍ മരിച്ച രണ്ട് കണ്ണൂര്‍ സ്വദേശികള്‍, ചക്കരക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ യുവാവ് എന്നിവരൊക്കെ സിറിഞ്ചിലൂടെ മരണത്തെ പുല്കി.
മയക്കുമരുന്ന് കുത്തിവയ്ക്കുമ്പോള്‍ സിറിഞ്ചിലുള്ള വായുവിന്റെ കുമിള ഹൃദയധമനികളിലെത്തുമ്പോഴാണ് ആളുകള്‍ പെട്ടെന്ന് മരിക്കുന്നത്. എയര്‍ എംബോളിസം എന്ന പ്രതിഭാസമാണിതിന് കാരണം. മെഡിക്കല്‍ രംഗത്തുള്ളവര്‍ കുത്തിവയ്പ് നല്കുന്നതില് പരിശീലനം സിദ്ധിച്ചവരാണ്. എന്നാല്‍ മയക്കുമരുന്ന് കുത്തിവയ്ക്കാന്‍ സിറിഞ്ച് ഉപയോഗിക്കുന്നവര്‍ക്ക് ഇതിന്റെ ഉപയോഗം ശരിയായി അറിയില്ല. എയര്‍ എംബോളിസം മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പെട്ടെന്ന് മരണത്തിലേക്ക് നയിക്കുന്നു.
ലഹരിയും തലച്ചോറും
തുടർച്ചയായ ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ അനവധിയാണ്. മയക്കുമരുന്നുകൾ തലച്ചോറിനെയാണ് പ്രധാനമായും ബാധിക്കുന്നത്. ഓര്‍മക്കുറവ്, ഉത്കണ്ഠ തുടങ്ങിയ മാനസിക സംഘര്‍ഷങ്ങള്‍ മുതല്‍ മസ്തിഷ്ക ആഘാതം വരെ ലഹരി ഉപയോഗം വഴി സംഭവിച്ചേക്കാം.
മയക്കുമരുന്നുകള്‍ക്ക് അടിമയായ ഒരു വ്യക്തിക്ക് പിന്നീട് എത്രകാലം അത് ഉപയോഗിക്കാതിരുന്നാലും പഴയ വ്യക്തിത്വവും ഊര്‍ജസ്വലതയും വീണ്ടെടുക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗം കുറ്റകൃത്യങ്ങള്‍ ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്നതാണ് മറ്റൊന്ന്. ഉപയോഗിക്കുന്നയാളുടെ ഇച്ഛാശക്തിയും ദിശാബോധവും ലഹരിപദാർഥങ്ങൾ നഷ്ടമാക്കുന്നു.
ലഹരി ഉപയോഗം തടയാന്‍ "യോദ്ധാവ്'
മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി "യോദ്ധാവ്' എന്ന പുതിയ പദ്ധതിക്ക് കേരള പോലീസ് രൂപം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെ സ്കൂള്‍, കോളജ്, യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർ മയക്കുമരുന്നിന് ഇരകളായവരെ കണ്ടെത്തി ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തും. സന്നദ്ധ സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും പദ്ധതിയുടെ ഭാഗമാകും.