ഭരതനേയും പത്മരാജനെയും സത്യൻ അന്തിക്കാടിനെയും പോലുള്ള സംവിധായകരുടെ ഒപ്പം ചേർന്നപ്പോൾ ജോൺസൺ സംഗീതം പകർന്ന ഗാനങ്ങൾക്ക് അപൂർവ്വ ദൃശ്യഭംഗി ആയിരുന്നു.
സന്ദർഭം എന്ന ചിത്രത്തിലെ ഡോക്ടർ സാറേ എന്ന ഗാനം ജോൺസന് ഏതുതരം സംഗീതവും വഴങ്ങുമെന്നതിന്റെ കൗതുകമുള്ള ഒരു ഉദാഹരണം മാത്രം. പത്മരാജൻ ചിത്രങ്ങളായ കൂടെവിടെ, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, നൊമ്പരത്തിപ്പൂവ് , ഞാൻ ഗന്ധർവൻ എന്നിവയിലെ ഗാനങ്ങൾ ജോൺസൺ മാസ്റ്ററുടെ പല തലങ്ങളിൽ ഉള്ള റേഞ്ച് വ്യക്തമാക്കുന്നതായിരുന്നു.
പാട്ടുകൾക്കൊപ്പം തന്നെ പശ്ചാത്തലസംഗീതം ഒരുക്കുന്നതിലും ജീനിയസ് ആയിരുന്നു ജോൺസൺ മാസ്റ്റർ . ഒരു സിനിമയുടെ മൂഡിനെ എത്രമാത്രം പശ്ചാത്തല സംഗീതത്തിന് സ്വാധീനിക്കാൻ സാധിക്കുമെന്ന് അദ്ദേഹം കേൾപ്പിച്ചു തന്നു.
ഉദാഹരണത്തിന് സിബി മലയിൽ സംവിധാനം ചെയ്ത സദയം എന്ന സിനിമയുടെ പശ്ചാത്തല സംഗീതം വല്ലാത്തൊരു വെല്ലുവിളി നിറഞ്ഞതായിരുന്നു. വിവിധ മാനസികാവസ്ഥ കളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും എല്ലാം ചേർന്നുള്ള സദയം എന്ന സിനിമയ്ക്ക് ജോൺസൺ മാസ്റ്റർ പകർന്നു നൽകിയ പശ്ചാത്തല സംഗീതം ആ സിനിമയുടെ ഉള്ളറിഞ്ഞ ചെയ്തതാണ്. അതുകൊണ്ടുതന്നെ ആ സിനിമയിലെ രംഗങ്ങളും പശ്ചാത്തലസംഗീതവും കാഴ്ചയെയും കേൾവിയേയും ഒരുപോലെ സുന്ദരമാക്കി.
പറയാനുള്ളതല്ല, വായിക്കാനുള്ളതല്ല മറിച്ച് കേൾക്കാൻ ഉള്ളതാണ് ജോൺസൺ..
കേട്ടു പഠിക്കാനുള്ളതാണ് ജോൺസൺ ഗാനങ്ങൾ. ഇനിയും തലമുറകളും കേട്ട് മോഹിക്കാൻ ഉള്ളതാണ് ആ പാട്ടുകൾ..
ജോൺസൺ ചെറുപ്പകാലത്ത് പാടിയ പാട്ടുകളും ഗിറ്റാറിൽ മീട്ടിയ ഈണങ്ങളും കേട്ടു കോരിത്തരിച്ച മണ്ണിലാണ് ജോൺസൺ ഉറങ്ങുന്നത്.. നക്ഷത്രങ്ങളുടെ ലോകത്ത് ജോൺസൺ ഈണങ്ങളുടെ പുതിയ പൂക്കാലം തീർത്തിട്ടുണ്ടാകും.
അടർന്നുപോയ ഒരു ദിനം കൂടി ഓർമ്മകളിൽ അടയാളപ്പെടുത്തുമ്പോൾ മൂളാതെ വയ്യ..
കണ്ണീർ പൂവിന്റെ കവിളിൽ തലോടി.. മറുവാക്കു കേൾക്കാൻ കാത്തുനിൽക്കാതെ...
ഋഷി