കൊടും വെയിലത്ത് സൈക്കിൾ ചവിട്ടാൻ സാധിക്കുന്നില്ലെന്നും അൽപ്പനേരം വിശ്രമിക്കാൻ അനുവദിക്കണമെന്നും ഇരുവരും യാചിച്ചു. എന്നാൽ അയാൾ യാതൊരു ദാക്ഷ്യണ്യവും കാണിക്കാതെ ഇറക്കി വിട്ടു. പിന്നീട് അവശ നിലയിൽ നാലു കിലോമീറ്ററോളം സൈക്കിൾ ചവിട്ടിയ ശേഷമാണ് കുടിവെള്ളമെങ്കിലും ലഭിച്ചത്. ഇതുപോലെ ചുരുക്കം ചില സ്ഥലങ്ങളിൽ രാത്രിയിൽ കിടക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് ഇറക്കി വിട്ടുണ്ട്. ഭക്ഷണം ചോദിച്ചാലും തരില്ലെന്ന് ഇരുവരും പറഞ്ഞു.
രാത്രിയിൽ കിടക്കാൻ വീടൊരുക്കി പോലീസുകാരൻഗുജറാത്തിലെ ഒരു ഗ്രാമ പ്രദേശത്തുകൂടി രാത്രിയിൽ പോവുകയായിരുന്നു. അന്തിയുറങ്ങാൻ യാതൊരു സൗകര്യങ്ങളും പ്രദേശത്തില്ലായിരുന്നു. അന്വേഷിച്ചിട്ട് പെട്രോൾ പന്പുപോലുമില്ല. മുന്നോട്ടു പോകുന്നതിനിടെ ഒരു പോലീസുകാരൻ തടഞ്ഞു നിർത്തി കാര്യമന്വേഷിച്ചു.
തങ്ങളുടെ യാത്രയുടെ ഉദ്ദേശ്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഏറെ സന്തോഷം തോന്നി. ഉടനെ ഒരു സുഹൃത്തിനെ വിളിച്ചു വരുത്തി, ഇരുവരെയും അയാൾക്കൊപ്പം വിട്ടു. ഒറ്റയ്ക്കു താമസിച്ചിരുന്ന പോലീസുകാരന്റെ വീട് അന്ന് അന്തിയുറങ്ങാനായി തുറന്നു തന്നു. പിറ്റേദിവസം രാവിലെ അദ്ദേഹം എത്തിയപ്പോൾ ഇരുവരും നന്ദി പറഞ്ഞ് യാത്രയായി.
ഭക്ഷണവും താമസവുമൊരുക്കാൻ മത്സരിച്ച് ചിലർസൈക്കിൾ ചവിട്ടി പോകുന്പോൾ ചിലർ തടഞ്ഞു നിർത്തി വിവരമന്വേഷിക്കും. വീണ്ടും മുന്നോട്ടു പോയി രണ്ടു കിലോമീറ്റർ പിന്നിടുന്പോഴേക്കും, ആദ്യം കണ്ടവർ ബൈക്കുകളിലെത്തി ഭക്ഷണ പൊതികളും വെള്ളവുമെല്ലാം നൽകും. എന്നിട്ട് അവർ പറയും, തങ്ങൾക്കും ഇങ്ങനെ യാത്ര നടത്തുന്നതിന് ആഗ്രഹമുണ്ട്. പക്ഷെ സാധിച്ചിട്ടില്ലെന്ന്. നിങ്ങൾ സന്തോഷമായി യാത്ര തിരിക്കാൻ പറയും. പലയിടങ്ങളിൽ വച്ചും ഇങ്ങനെ ഭക്ഷണം ലഭിച്ചിട്ടുണ്ട്.
നൂറുക്കണക്കിന് ക്ഷേത്രങ്ങളുള്ള കർണാടക ഹന്പിയിലെത്തിയപ്പോൾ വളരെ നല്ല അനുഭവമായിരുന്നു ഇവർക്ക് ലഭിച്ചത്. ഇവിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള 11 നിലകളിൽ നിർമിച്ചിരിക്കുന്ന ശ്രീ വീരുപക്ഷ ക്ഷേത്രം ദർശിച്ച ശേഷം മടങ്ങാൻ ആഷിക്കും അശ്വിനും തീരുമാനിച്ചു.
അപ്പോഴാണ് തദ്ദേശീയനായ ഒരാളെത്തി കാര്യമന്വേഷിച്ചത്. ഉടനെ കൂട്ടിക്കൊണ്ടു പോയി അവിടത്തുകാരായ ആളുകളെ പരിചയപ്പെടുത്തി. അവർ ഓരോരുത്തരും അവിടത്തെ കാര്യങ്ങളെല്ലാം പറഞ്ഞു തന്ന് ഭക്ഷണമൊക്കെ നൽകി അവിടെ താമസിപ്പിച്ചു. പിന്നീട് ആറു ദിവസം കഴിഞ്ഞാണ് ഇവിടെ നിന്നും മടങ്ങിയത്.
ഇനി ഹിമാചലിലേക്ക് ഉത്തരാഖണ്ഡിലെ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിലെ സന്ദർശനം ഇവർ പൂർത്തിയാക്കി. ബദരീനാഥ് 19,000 അടി ഉയരത്തിലാണ്. കേദാർനാഥ് 7, 000 അടിയും. ഇവിടങ്ങളിലെല്ലാം സൈക്കിളുകളുമായി ട്രക്കിംഗ് നടത്തിയും തലയിൽ ചുമന്നുമൊക്കൊയാണ് പോയത്.
ഹിമാചലിലേക്ക് ഇവിടെ നിന്നും 400 കിലോമീറ്ററോളമുണ്ട്. 20 ദിവസത്തിനുള്ളിൽ എത്തിച്ചേരാനാണ് പ്ലാൻ. പോകുന്ന വഴി ഋഷികേശിൽ കയറുന്നുണ്ട്. ഇവിടെ ദിവസവും നടക്കുന്ന പൂജ കാണുകയാണ് ലക്ഷ്യം.
ഇതിനു ശേഷം സ്ഥലങ്ങൾ കാണുന്നതിന് ഡറാഡൂണിൽ നാലു ദിവസം തങ്ങും. പിന്നീട് ഹിമാചലിലേക്ക് തിരിക്കും. സൈക്കിൾ യാത്രയ്ക്ക് തങ്ങളുടെ വീട്ടുകാർ നല്ല പ്രോത്സാഹനമാണ് നൽകുന്നതെന്ന് ഇരുവരും പറയുന്നു. ദിവസവും മാതാപിതാക്കളുമായി വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് സ്ഥലങ്ങൾ കാണിച്ചു കൊടുക്കുന്നുണ്ട്.
ജോമോൻ പിറവം