ആർത്തവ വിരാമം:കരുതിയിരിക്കാം
ജീവിതത്തിലെ സുപ്രധാന കാലമാണ് ആർത്തവവിരാമ കാലം. 45–55 വയസിനിടെയാണ് സ്ത്രീകളിൽ ആർത്തവം നിലയ്ക്കുന്നത്. സാധാരണ ആയുസിന്റെ മധ്യഭാഗം പിന്നിടുന്നതോടെയാണ് ആർത്തവ വിരാമം സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ആർത്തവാനന്തര കാലത്തെ ആരോഗ്യരക്ഷ കൂടുതൽ പ്രാധാന്യം അർഹിക്കുന്നു. ആർത്തവ വിരാമകാലത്തുണ്ടാകുന്ന ശാരീരിക മാനസിക വ്യതിയാനങ്ങളെ മനസിലാക്കുകയും അതനുസരിച്ചു ജീവിതക്രമം മാറ്റുകയും ചെയ്യണം.

എന്താണ് ആർത്തവവിരാമം

അണ്ഡാശയങ്ങളിൽ അണ്ഡോത്പാദനവും ഹോർമോൺ ഉത്പാദനവും നിലയ്ക്കുകയും അതിന്റെ ഫലമായി ആർത്തവം ഇല്ലാതാവുകയും ചെയ്യുന്ന ശാരീരികപ്രതിഭാസമാണ് ആർത്തവവിരാമം. 47 മുതൽ 51 വയസുവരെയാണ് സ്ത്രീകളിൽ ആർത്തവവിരാമം സംഭവിക്കുന്നത്. ചില സ്ത്രീകളിൽ 40 വയസിനുമുമ്പ് ആർത്തവവിരാമം കാണാറുണ്ട്. ഇതിനെ പ്രിമെച്വർ ഓവേറിയൻ ഫെയ്ലർ എന്നാണ് പറയുന്നത്. മറ്റു പല കാരണങ്ങൾകൊണ്ടും ഇതു സംഭവിക്കാം. കാൻസർ പോലുള്ള രോഗങ്ങൾക്കു ചികിത്സ ചെയ്തതുമൂലമുള്ള പാർശ്വഫലങ്ങൾ അനുഭവിക്കുന്നവർ, അണ്ഡാശയവും ഗർഭപാത്രവും നീക്കം ചെയ്തവർ തുടങ്ങി ചുരുക്കം ചിലരിലാണ് ആർത്തവവിരാമം നേരത്തെ നടക്കുന്നത്.

ശാരീരികമാറ്റങ്ങൾ

അണ്ഡോത്പാദനം നിലയ്ക്കുന്നതോടെ പ്രത്യുൽപാദനശേഷി ഇല്ലാതാവുന്നു. ഈസ്ട്രജൻ ഹോർമോണിന്റെ അഭാവം ചില സ്ത്രീകളിൽ ശാരീരിക–മാനസിക മാറ്റങ്ങൾ ഉണ്ടാക്കാറുണ്ട്. ഇതിനെ ഒരു രോഗമായി കണക്കാക്കേണ്ട കാര്യമില്ല. ശരീരത്തിൽ ഉണ്ടാകുന്ന ഒരു പരിണാമം മാത്രമാണ് ആർത്തവവിരാമം.

പെട്ടെന്നു ശരീരത്തിലുണ്ടാകുന്ന ഉഷ്ണം, ത്വക്കിലുണ്ടാകുന്ന ചുവപ്പുനിറവും തടിപ്പും, അമിതവിയർപ്പ്, കടുത്ത ക്ഷീണം, ദേഷ്യം, ഉറക്കക്കുറവ്, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾ ആർത്തവവിരാമത്തോടനുബന്ധിച്ചു സ്ത്രീകളിൽ കാണാറുണ്ട്. ശരീരത്തില ചൂടു വർധിക്കൽ ആർത്തവവിരാമത്തിന്റെ ആദ്യഘട്ടത്തിൽ 60 ശതമാനം സ്ത്രീകളിലും കാണാറുണ്ട്. പെട്ടെന്നുണ്ടാകുന്ന ചൂടും വേദനയും ഏതാനും നിമിഷം നീണ്ടുനിൽക്കും. വർഷങ്ങൾക്കു ശേഷം ഇത് ഭേദമാകും.

സ്ത്രൈണ ഹോർമോണിന്റെ അഭാവം

സ്ത്രൈണഹോർമോണുകളുടെ അഭാവം മൂലം ഗർഭപാത്രം, അണ്ഡാശയം, യോനീ, യോനീദളങ്ങൾ, സ്തനങ്ങൾ തുടങ്ങിയ സ്ത്രൈണാവയവങ്ങൾ ചുരുങ്ങും. സ്തനങ്ങളുടെ ദൃഢത നഷ്‌ടപ്പെടും. യോനിയിൽ ഈർപ്പം കുറഞ്ഞു വരൾച്ച അനുഭവപ്പെടാം. ഇതുമൂലം ലൈംഗികബന്ധം വേദനാജനകമാകാം.മൂത്രം പിടിച്ചുനിർത്താനുള്ള ശേഷി കുറയുകയും കൂടെക്കൂടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, മൂത്ര ചുടിച്ചിൽ, മൂത്രത്തിൽ പഴുപ്പ് എന്നിവയും കണ്ടുവരാറുണ്ട്.

ഈസ്ട്രജൻ ഹോർമോൺ

സ്ത്രൈണതയുടെ കാവൽ കവചമാണ് ഈസ്ട്രജൻ ഹോർമോൺ. ചർമകാന്തിയും നഖങ്ങളുടെയും മുടിയുടെയും തിളക്കവും കാത്തുസൂക്ഷിക്കുന്നത് ഈസ്ട്രജൻ ഹോർമോണാണ്. ആർത്തവ വിരാമത്തോടെ ശരീരത്തിൽ ഈസ്ട്രജൻ ഇല്ലാതാകുന്നു. ഇതു ചർമകാന്തിയും ശരീരവടിവും നഷ്‌ടപ്പെടാൻ ഇടയാക്കുന്നു. ഹൃദ്രോഗമുൾപ്പെടെയുളള നിരവധി രോഗങ്ങൾ വരാനുള്ള സാധ്യതയും ഏറെയാണ്.


അസ്വാസ്‌ഥ്യങ്ങളെ മറികടക്കാം

ആർത്തവവിരാമത്തിൽ തലച്ചോറ്, ഹൃദയം, അസ്‌ഥികൾ എന്നിവയൊക്കെ ക്രമേണ ദുർബലമാകാൻ തുടങ്ങും. സ്ത്രീഹോർമോണുകൾക്കു മസ്തിഷ്ക പ്രവർത്തനങ്ങളിൽ വലിയ പങ്കുണ്ട്. ആർത്തവ വിരാമത്തോടെ ചില സ്ത്രീകളിൽ ഓർമക്കുറവു കണ്ടുവരാറുണ്ട്. ചിലരിൽ വിഷാദവും മാനസിക പിരിമുറുക്കവും വർധിക്കുന്നു.

ലൈംഗികത

ആർത്തവവിരാമത്തോടെ സ്ത്രീകളിൽ പൊതുവെ ലൈംഗികതാത്പര്യം കുറഞ്ഞു കാണാറുണ്ട്. ഹോർമോണുകളുടെ അഭാവം കൊണ്ടു ജനനേന്ദ്രിയങ്ങളിലുണ്ടാകുന്ന വരൾച്ചയും ചുരുങ്ങലുമാണ് ഇതിനു കാരണം. ലൈംഗികബന്ധം വേദനാജകമാകാൻ ഇതു കാരണമാകും.

ഹൃദ്രോഗം

സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കുറവാണെങ്കിലും ആർത്തവവിരാമത്തോടടുത്ത് ഈ പ്രവണതയിൽ മാറ്റം വരും. ഹൃദയത്തെയും രക്‌തക്കുഴലുകളെയും പ്രത്യേകം സംരക്ഷിക്കുന്നത് സ്്ത്രീ ഹോർമോണായ ഈസ്ട്രജനാണ്. ആർത്തവവിരാമത്തോടെ ഹോർമോൺ നില താഴുന്നതുകൊണ്ട് സ്ത്രീകളിലെ ഹൃദ്രോഗസാധ്യത പൊടുന്നനെ കൂടും. ഈ സമയത്തെ പ്രമേഹം, രക്‌തസമ്മർദം, കൊളസ്ട്രോൾ എന്നിവയുടെ നിയന്ത്രണത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

അസ്‌ഥിഭംഗം അഥവാ
ഓസ്റ്റിയോപൊറോസിസv


ആർത്തവാനന്തര കാലത്തു സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന അസ്വസ്‌ഥതയാണ് അസ്‌ഥിഭംഗം. 30 വയസു കഴിയുമ്പോൾ മുതൽ സ്ത്രീശരീരത്തിൽ നിന്ന് കാത്സ്യത്തിന്റെ അളവ് ക്രമേണ കുറഞ്ഞു തുടങ്ങും. ഇതു ക്രമേണ അസ്‌ഥിദ്രവിക്കലായി മാറും. ആർത്തവാനന്തര കാലത്ത് ഓരോ വർഷവും മൂന്നു മുതൽ അഞ്ചു വരെ ശതമാനം അസ്‌ഥികൾ ദ്രവിക്കുമെന്നാണ് കണക്ക്. പിന്നീട് ഇത് അസ്‌ഥിഭംഗം എന്ന രോഗത്തിനു കാരണമായേക്കാം. ഇടുപ്പെല്ല്, നട്ടെല്ല് എന്നിവിടങ്ങളിലാണ് അസ്വസ്‌ഥത കൂടുതലായി കാണുന്നത്. നടുവേദന, പൊക്കം കുറയുക, കൂടെക്കൂടെ എല്ലൊടിയുക, പല്ലിളകി കൊഴിയൽ, ഉമിനീർ കുറയുക ഇവയെല്ലാം ഇതിനു പിന്നിലുണ്ടാകും. പൊട്ടലിലൂടെ 30 ശതമാനത്തോളം കാത്സ്യം നഷ്‌ടമാകും.

ഭക്ഷണരീതി

നിത്യവും 1000–1500 മില്ലിഗ്രാം വരെ കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കണം. പാലും പാലുൽപന്നങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. പയറുവർഗങ്ങൾ, ചേന, കാച്ചിൽ, ഈസ്ട്രജൻ കൂടുതൽ അടങ്ങിയ സോയാബീൻ എന്നിവ കൂടുതലായി കഴിക്കണം. നിത്യവും അരമണിക്കൂറെങ്കിലും ആയാസരഹിതമായ വ്യായാമം ചെയ്യുന്നതും നല്ലതാണ്.