പ്രസവശേഷമുള്ള രക്‌തസ്രാവം
പ്രസവശേഷമുള്ള രക്‌തസ്രാവം
? 29 വയസുള്ള യുവതിയാണ് ഞാൻ. പ്രസവം കഴിഞ്ഞിട്ട് രണ്ടുമാസമായി. പ്രസവശേഷം വീട്ടിലെത്തി 12 ദിവസം കഴിഞ്ഞപ്പോൾ കടുത്ത രക്‌തസ്രാവത്തോടൊപ്പം വലിയൊരു രക്‌തക്കട്ട പുറത്തുവന്നു. വീണ്ടും അഡ്മിറ്റാക്കുകയും ഗർഭപാത്രത്തിൽ നിന്നു ബാക്കി അവശിഷ്‌ടങ്ങൾ മരുന്നു നൽകി പുറത്തു കളയുകയും ചെയ്തു. പ്രസവശേഷം അത്രയും ദിവസം കഴിഞ്ഞ് ഇങ്ങനെ പ്രശ്നമുണ്ടാകുന്നത് എന്തുകൊണ്ടാണ് ?

– പ്രസവശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞ്, അപൂർവമായി സംഭവിക്കുന്ന ഒന്നാണിത്. പ്ലാസന്റയുടെ ഒരു ചെറിയ ഭാഗമോ, രക്‌തം കട്ടയായതോ പുറത്തേക്ക് പോകാതെ ഗർഭാശയത്തിനകത്ത് തന്നെ ഇരിക്കുന്നതോ ആണ് ഇതിനു കാരണം. പ്രസവം നടക്കുമ്പോൾ ഡോക്ടർമാരും നഴ്സുമാരും പ്ലാസന്റ മുഴുവനായി പുറത്തു പോയോ എന്നു ശ്രദ്ധിക്കാറുണ്ട്. പക്ഷേ ചിലപ്പോൾ അപൂർവമായി ഇത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നു വരും.


അഡ്ഹന്റ് പ്ലാസന്റൽ ബീറ്റ്സ് (ഗർഭപാത്രത്തോട് ആഴത്തിൽ ചേർന്നിരിക്കുന്ന പ്ലാസന്റയുടെ അവശിഷ്‌ടങ്ങൾ) മിക്കവാറും തനിയെ പുറത്തേക്ക് പോകും. രക്‌തസ്രാവം നിൽക്കുന്നില്ലെങ്കിൽ, അതു എടുത്തു കളയേണ്ടി വരും. അതോടുകൂടി രക്‌തസ്രാവം നിൽക്കും. അപ്രതീക്ഷിതമായി ചുരുക്കം ചില പ്രസവങ്ങളിൽ ഇങ്ങനെ സംഭവിക്കാം.