ഗർഭാശയ മുന്തിരിക്കുല
ഗർഭാശയ മുന്തിരിക്കുല
? 35 വയസുള്ള വിവാഹിതയാണ് ഞാൻ. ഗർഭം സ്‌ഥിരീകരിക്കാനുള്ള മൂത്രപരിശോധനയിൽ പോസിറ്റീവായി കാണിച്ചിരുന്നു. എന്നാൽ സ്കാൻ ചെയ്തപ്പോൾ ഗർഭിണിയല്ല എന്നും ഗർഭാശയ മുന്തിരിക്കുല എന്ന രോഗമാണെന്നും പറയുന്നു. ഗർഭാശയ മുന്തിരിക്കുല രോഗം എന്താണ്.

= ഗർഭാശയത്തിൽ വളരുന്ന പ്രത്യേകതരം കുമിളകളുടെ കൂട്ടമാണ് ഗർഭാശയ മുന്തിരിക്കുല രോഗം അഥവാ വെസിക്കുലർമോൾ. അപൂർവമായി ഇത് അണ്ഡാശയത്തിലോ, അണ്ഡവാഹിനിക്കുഴലിലോ ഉണ്ടാകാം. 45 വയസിന് മേൽ പ്രായമുള്ള ഗർഭിണികളിലാണ് രോഗം കൂടുതൽ കാണാനുള്ള സാധ്യത.

കാഴ്ചയിൽ മുന്തിരിപോലെ ഗർഭസ്‌ഥശിശുവിന്റെ ശരീരഭാഗമായി ഗർഭാശയത്തോട് ഒട്ടിപ്പിടിച്ചിരിക്കുന്ന ട്രോഫോപ്ലോസ്റ്റിക് കലകളിലെ കോശങ്ങളിൽ വരുന്ന മാറ്റത്തിൽ നിന്നും ഉത്ഭവിക്കുന്ന കുമിളകളുടെ ഒരു കൂട്ടമാണ് മുന്തിരിക്കുല പോലെ തോന്നിപ്പിക്കുന്ന ഗർഭാശയമുന്തിരിക്കുല രോഗം. ഈ കുമിളകൾക്ക് ഏതാനും മില്ലിമീറ്റർ വലിപ്പം വരും. സാധാരണ നിലയിൽ ഇവയ്ക്ക് ആക്രമണശേഷിയില്ല. എന്നാൽ ഇവയിൽ പത്തുശതമാനം കോറിയോ കാൻസിനോവ എന്ന ആക്രമണശേഷിയുള്ള കാൻസർ രോഗമായി മാറുമെന്നാണ് കണക്ക്.


മിതമായ അക്രമശേഷി മാത്രമുള്ളതും അടുത്തുള്ള കലകളിലേക്ക് മാത്രം വ്യാപിക്കുന്നതുമായ പ്രത്യേക ഇനത്തിന് ഇൻവേസീസ്മോൾ എന്നും പറയുന്നു. ചില സമയത്ത് അപൂർവമായി ചിലരിൽ ഇത്തരം കുമിളകൾക്കിടയിൽ ശിശു ശരീരത്തിന്റെ ചില അപൂർണ ഭാഗങ്ങൾകൂടി കണ്ടെന്നുവരാം.

മാസമുറ പെട്ടെന്ന് നിലച്ചാൽ ഗർഭധാരണം പ്രതീക്ഷിക്കാവുന്ന കാലഘട്ടത്തിലുള്ള പ്രായമേറിയ സ്ത്രീകളിൽ ഗർഭലക്ഷണങ്ങളോ ആർത്തവം നിലയ്ക്കുകയും അമിതമായ ഛർദ്ദിയും മറ്റും പ്രകടമാകുകയും ചെയ്താൽ ഈ രോഗം ഉണ്ടോയെന്ന് സംശയിക്കേണ്ടതാണ്. ചിലരിൽ മാസമുറ നിന്നശേഷം പെട്ടെന്നുണ്ടാകുന്ന രക്‌തസ്രാവവും ഇതിന്റെ ലക്ഷണമാകാം. അമിത ശരീരക്ഷീണം ഇതിന്റെ മറ്റൊരു ലക്ഷണമാണ്. രക്‌തസ്രാവം നീണ്ടുനിൽക്കുന്നത് വിളർച്ചയ്ക്ക് കാരണമാകും.
അൾട്രാസൗണ്ട് പരിശോധന വഴി രോഗം കണ്ടുപിടിക്കാം.