ആർത്തവവും മുടികൊഴിച്ചിലുമായി ബന്ധമുണ്ടോ?
ഞാൻ 19 വയസുള്ള പെൺകുട്ടിയാണ്. എന്റെ പ്രശ്നം ആർത്തവം മാസന്തോറും ആകുന്നില്ലെന്നതാണ്. കഴിഞ്ഞ മാസവും ഈ മാസവും ആയിട്ടില്ല. ഒരു വർഷം മുമ്പ് മുടികൊഴിച്ചിലിനുള്ള മരുന്നിനുവേണ്ടി ഹോമിയോ ഡോക്ടറെ കണ്ടിരുന്നു. അപ്പോൾ മാസമുറ കൃത്യമായിട്ടുണ്ടോയെന്നു ചോദിച്ചു. ഞാൻ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ ഡോക്ടർ കുറേ മരുന്നുകളും ടോണിക്കും തന്നു. രക്‌തക്കുറവു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും പറഞ്ഞു. രണ്ടുമൂന്നാഴ്ച തുടർച്ചയായി മരുന്നു കഴിച്ചപ്പോൾ ആർത്തവം കൃത്യമായി വരാൻ തുടങ്ങി. പക്ഷേ ഇപ്പോൾ വീണ്ടും പഴയതുപോലെയായി. ഇനി ഞാൻ എന്താണു ചെയ്യേണ്ടത്. ഇപ്പോൾ ഭയങ്കര മുടികൊഴിച്ചിൽ ഉണ്ട്. ഇനി ഞാൻ ആരെയാണു കാണേണ്ടത്.

കൗമാരത്തിൽ പെൺകുട്ടികളിൽ വളരെ സാധാരണയായി കണ്ടുവരുന്ന അസുഖമാണ് പിസിഒഡി. അണ്ഡാശയത്തിൽ നിന്നു പൂർണ വളർച്ചയെത്തിയ അണ്ഡം പുറത്തുവരാൻ മാത്രമാണ് ആർത്തവം ഉണ്ടാകുന്നത്. ചില പെൺകുട്ടികളിൽ ഹോർമോണിന്റെ പ്രവർത്തനവൈകല്യം മൂലം അണ്ഡം പുറത്തുവരില്ല. ജനിതകകാരണങ്ങളും ഇതിന്റെ പിന്നിലുണ്ടെന്നു കരുതപ്പെടുന്നു. ഇവരിൽ ആർത്തവം ക്രമരഹിതമായിരിക്കും. അമിതമായ മുഖക്കുരു, രോമവളർച്ച തുടങ്ങിയവയാണു പിസിഒഡിയുടെ മറ്റു ലക്ഷണങ്ങൾ.

പിസിഒഡി കണ്ടുപിടിക്കാൻ, വിദഗ്ധ പരിശോധന വേണം. സ്കാൻ ചെയ്തു നോക്കേണ്ടിയും വരും. അതിനാൽ എത്രയും പെട്ടെന്ന് ഗൈനക്കോളജിസ്റ്റിനെ കാണുക. പരിശോധനയ്ക്കു ശേഷം ചികിത്സ അവർ നിശ്ചയിക്കും. ഹോർമോൺ തെറാപ്പി പോലെ ആധുനിക ചികിത്സാമാർഗങ്ങൾ ഇന്നുണ്ട്. മുടികൊഴിച്ചിലും മാസമുറയും തമ്മിൽ ബന്ധമുണ്ടെന്നു തോന്നുന്നില്ല.