രക്‌തക്കുറവും വിളർച്ചയും
ഡോക്ടർ, എനിക്ക് 28 വയസുണ്ട്. എപ്പോഴും ക്ഷീണമാണ്. രക്‌തത്തിന്റെ കുറവുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. മൂന്ന് വയസുള്ളപ്പോൾ ഗുരുതരമായ വയറിളക്കവും പനിയുമുണ്ടായി. എന്റെ മൂത്രത്തിന് എന്നും മഞ്ഞ നിറമാണ്. ഇതുമൂലമാണോ രക്‌തം ഉണ്ടാവാത്തത്. എന്റെ അസുഖം പൂർണമായും ഭേദമാക്കാനുള്ള ചികിത്സകൾ കണ്ടെത്തിയിട്ടുണ്ടോ. ഈ അവസ്‌ഥയിൽ ഞാനെന്താണ് ചെയ്യേണ്ടത്?

താലസീമിയ ജനിതക പ്രകാരാന്തരീകരണം (Genetic Mutation) കാരണം ഉണ്ടാകുന്ന രോഗമാണ്. താങ്കളുടെ രക്‌തത്തിലെ ഹീമോഗ്ലോബിൻ എന്ന പ്രോട്ടീനിലുണ്ടാകുന്ന ജനിതക മാറ്റം കാരണം പ്രവർത്തനക്ഷമമായ ഹീമോഗ്ലോബിൻ ശരീരത്തിൽ ഇല്ലാതാകുന്നു. ഇതുകാരണം സ്‌ഥിരമായ രക്‌തക്കുറവും വിളർച്ചയും അനുബന്ധ പ്രശ്നങ്ങളും ഉണ്ടാകുന്നു. പൂർണമായി അസുഖം ഭേദമാക്കാൻ ഇപ്പോഴത്തെ അറിവ് വച്ചു വൈദ്യശാസ്ത്രത്തിനു സാധിക്കില്ല. ഇത് ഒരു പാരമ്പര്യ രോഗമായതു കൊണ്ട് വരും തലമുറയെ ബാധിക്കാൻ സാധ്യതയുണ്ട്. അതു മുൻകൂട്ടി കണ്ടുപിടിക്കാൻ ഇപ്പോൾ സാധിക്കും. ഗർഭസ്‌ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനയിലൂടെ ജനിതമാറ്റം മുൻകൂട്ടി കണ്ട് ഡോക്ടർ നിർദേശിക്കുന്ന നടപടികൾ എടുത്താൽ മതി.