അനൂഷ പറയുന്നതാണ്, എന്റെ മകൾക്കു വേദവാക്യം..!
? എന്റെ മകൾ ഒരു പ്രമുഖ സി.ബിഎസ്ഇ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. വിദേശത്തു ജനിച്ചുവളർന്ന ഒത്തിരി കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ആ കുട്ടികളുടെ സംസ്കാരം ശരിക്കും കേരളീയമല്ല. പാശ്ചാത്യസംസ്കാരത്തിന്റേതായ എല്ലാവിധ പ്രത്യേകതകളും ആ കുട്ടികളുടെ സംസാരത്തിലും പെരുമാറ്റത്തിലും പ്രകടമായി കാണാം. മകളുടെ ക്ലാസിൽ തന്നെ ഏകദേശം മുപ്പതുശതമാനത്തിലധികം കുട്ടികളും അമേരിക്ക, ലണ്ടൻ, ഗൾഫ് തുടങ്ങിയ രാജ്യങ്ങളിൽ ജനിച്ചുവളർന്നവരാണ്. ഇവരുടെ മാതാപിതാക്കൾ ഈ കുട്ടികളെ നാട്ടിൽ ഹോസ്റ്റലിലാക്കി ഈ സ്കൂളിൽ പഠിപ്പിക്കുകയാണ്. എന്റെ മകളുടെ സമ്പർക്കം ഇവരുമായിട്ടാണ്. ഈ കുട്ടികളെപ്പോലെ എന്റെ കുട്ടിയും ഇപ്പോൾ ചിന്തിക്കുന്നു. സംസാരിക്കുന്നു. പെരുമാറുന്നു.

എന്റെ മകളുടെ പ്രധാന കൂട്ടുകാരി അനൂഷ ആണ്. ആ കുട്ടി അയർലൻഡിലാണ് ജനിച്ചത്. കുറേക്കാലം അവിടെ പഠിച്ചു. നാട്ടിൽ മുത്തച്ഛനും മുത്തൾിയും ചില സഹോദരങ്ങളും ഉണ്ട്. അതിനാൽ അവരുടെ മേൽനോട്ടത്തിൽ അനൂഷയെ ഈ സ്കൂളിൽ ആക്കി. അനൂഷ ശരിക്കും പാശ്ചാത്യസംസ്കാരത്തിന്റെ മൂർത്തരൂപമാണ്. എന്റെ മോളുടെ ബെസ്റ്റ് ഫ്രണ്ട് ആ പെൺകുട്ടിയും. അനൂഷ പറയുന്നതാണ് എന്റെ മോൾക്ക് വേദവാക്യം. ഞങ്ങൾ പറയുന്നതിന് പുല്ലുവില പോലും കൽപ്പിക്കുന്നില്ല. വീട്ടിൽ വന്നാൽ അനുസരിക്കാൻ മടി. തീരെ സംസാരിക്കാറില്ല. ചിരിച്ചുകാണാറില്ല. ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ മുറിയിലേക്കു പോകും. പിന്നെ, കംപ്യൂട്ടറും ഇന്റർനെറ്റും ആണ് ലോകം. അനുജനോടുപോലും സംസാരിക്കാറില്ല. പ്രാർഥനയ്ക്കുപോലും പങ്കെടുക്കാറില്ല. സ്വന്തം കാര്യങ്ങൾപോലും ചെയ്യാറില്ല. നെറ്റിലൂടെ ക്ലാസിലെ കുട്ടികളോട് ചാറ്റ് ചെയ്യും. അധ്യാപകരോട് ബഹുമാനം ഇല്ല. അവരെ വെറും തൊഴിലാളികളെപ്പോലെ കാണുന്നു. എന്നാൽ പരീക്ഷകളിൽ നല്ല മാർക്ക് ഉണ്ട്. ചില ആൺകുട്ടികളോട് അമിതമായി ഇടപെടുന്നു. പേരന്റ്സ് എന്ന ഒരു പരിഗണനപോലും ഞങ്ങളോട് ഇല്ല. എന്തെങ്കിലും പറഞ്ഞാൽ തട്ടിക്കയറും. ശാരീരികമായിപ്പോലും ആക്രമിക്കും. ഞാൻ എന്താണ് ചെയ്യേണ്ടത്?
ചന്ദ്രഭാനു, ചിറ്റൂർ

= സംസ്കാരത്തിനു മക്കളുടെമേലുള്ള സ്വാധീനമാണ് ഇവിടെ വ്യക്‌തമാകുന്നത്. ഓരോ രാജ്യത്തിനും അതിന്റേതായ സംസ്കാരം ഉണ്ട്. അത് അവിടെ ജനിച്ചുവളരുന്ന കുട്ടികളിൽ സ്വാധീനം ചെലുത്തും. കേരളത്തിന്റെ സംസ്കാരം സങ്കരസംസ്കാരം ആണെന്നു നമുക്ക് അറിയാം. എന്നാൽ ആർഷസംസ്കാരത്തെ നാം ഒരിക്കലും കൈവിട്ടിട്ടില്ല.

മാനവികതയും സദാചാരമൂല്യങ്ങളും ഉയർത്തിപ്പിടിക്കാനും നാം ശ്രദ്ധിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ കുട്ടികളുടെ സ്വഭാവ രൂപീകരണം നടക്കുന്നു. പരസ്പരമുള്ള സമ്പർക്കത്തിലൂടെ സംസ്കാരവും ലഭിക്കുന്നു. ഒന്ന് പാശ്ചാത്യമെന്നും മറ്റൊന്ന് പൗരസ്ത്യമെന്നും വേർതിരിച്ചു കാണേണ്ടതില്ല. എല്ലാം ഇഴുകിച്ചേർന്ന് ഒരു സങ്കരസംസ്കാരം രൂപപ്പെടുന്നു എന്നു കരുതിയാൽ മതിയാവും.

മകളുടെ സ്കൂളിൽ മുപ്പതുശതമാനവും പാശ്ചാത്യസംസ്കാരത്തിലുള്ള കുട്ടികൾ ആണെന്നു പറഞ്ഞുവല്ലോ. അവരെല്ലാം മോശമാണെന്ന് ഇതിന് അർഥമില്ല. ബാക്കി എഴുപതു ശതമാനവും കേരളസംസ്കാരത്തിൽ നിന്നുതന്നെ ഉള്ളവരാണ്. അതിനാൽ കൊടുക്കലും വാങ്ങലും അങ്ങും ഇങ്ങും നടക്കുന്നുണ്ട്. മകളുടെ പെരുമാറ്റത്തിൽ കാണുന്ന വൈജാത്യങ്ങൾ പൂർണമായും പാശ്ചാത്യസംസ്കാരത്തിന്റ ഭാഗമല്ല. അനൂഷയുടെ സ്വഭാവവൈകല്യങ്ങൾ അനുകരിച്ചതാണ്. ഇതിന് സ്കൂളും സംസ്കാരവുമായി യാതൊരു ബന്ധവുമില്ല. അനൂഷയുടെ സ്വഭാവവിശേഷങ്ങൾ മകൾ കാണുകയും അതിനെ ഒരു ആരാധനാമനോഭാവത്തോടെ അനുകരിക്കുകയും ചെയ്തിരിക്കണം. വിദേശത്തു ജനിച്ചുവളർന്ന കുട്ടി എന്ന നിലയിൽ അവളോട് മനസിൽ ബഹുമാനവും ഉടലെടുത്തുകാണണം. വൈദേശികമായ എന്തിനെയും ആരാധനയോടെ കാണുന്ന കേരളീയരുടെ ഒരു പാരവശ്യം മകൾക്കും ഉണ്ടായിരിക്കും.


മകൾ എട്ടാം ക്ലാസിലാണ് പഠിക്കുന്നത് എന്നു പറഞ്ഞുവല്ലോ. കൗമാരത്തിലേക്കു കടന്നിരിക്കുന്ന ഒരു പെൺകുട്ടിയാണ് ഇവൾ. കൗമാരത്തിന്റെ തുടിപ്പും പ്രസരിപ്പും മകൾക്കു നന്നായി കാണും. സ്വതന്ത്രചിന്തയും നേതൃത്വഗുണവും ഈ പ്രായത്തിന്റെ ഗുണവിശേഷങ്ങളാണ്. അനുകരണവാസനയും വിമർശനബുദ്ധിയും ഈ പ്രായത്തിൽ പ്രകടമാക്കും. പെൺകുട്ടി ആണെങ്കിലും ആൺകുട്ടി ആണെങ്കിലും ഈ സ്വഭാവവിശേഷങ്ങൾ കാണിക്കും.

രക്ഷിതാക്കൾ എന്ന നിലയിൽ നിങ്ങൾ പറയുന്നത് മകൾ ചെവിക്കൊള്ളുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. എന്നാൽ അനൂഷ എന്ന കൂട്ടുകാരി പറയുന്നത് അതുപോലെ സ്വീകരിക്കുകയും ചെയ്യുന്നു. കൗമാരത്തിന്റെ സവിശേഷതയായി മാത്രം ഇതിനെ കണ്ടാൽ മതിയാകും. പീയർ ഗ്രൂപ്പുകൾക്ക് കുട്ടികളുടെ ജീവിതത്തിൽ വലിയ സ്വാധീനശക്‌തി ഉണ്ട്. കൗമാരത്തിൽ ഇത്തരം ഗ്രൂപ്പുകളെ അതേപടി അനുസരിക്കും. ഇത്തരം ഗ്രൂപ്പുകൾ നല്ല ബലവത്താണ് എന്നതും ശ്രദ്ധിക്കുക. ഇത്തരം ഗ്രൂപ്പുകളെ കണ്ടെത്തി അവരെ സാമൂഹികപ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ സജ്‌ജരാക്കേണ്ടത് അധ്യാപകരാണ്. കുട്ടികളുടെ നേതൃത്വഗുണം വളരുന്നതിനും ഇതു സഹായിക്കും. മാനുഷികമൂല്യങ്ങളും സന്മാർഗചിന്തകളും കുട്ടികളിൽ വികസ്വരമായിത്തീരുന്നതിനും ഇത് ഉപകരിക്കുന്നതാണ്.

മകളെ ഒറ്റപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ അല്ല വേണ്ടത്. അവളോടു സ്നേഹവും സൗഹൃദവും ഭാവിക്കുക. അനൂഷയെ വെല്ലുന്ന തരത്തിൽ അംഗീകാരവും പരിഗണനയും നൽകുക. സ്കൂളിലെ പഠനത്തെക്കാൾ പ്രധാനമാണ് മകളുടെ സ്വഭാവരൂപവത്കരണം. ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നില്ലെങ്കിൽ മകളെ മറ്റൊരു സ്കൂളിലേക്കു മാറ്റുന്നതിനെക്കുറിച്ചും ചിന്തിക്കാവുന്നതാണ്.

ഡോ. ജോർജ് കളപ്പുര

സെന്റ് മേരീസ് ഹയർ സെക്കൻഡറി
സ്കൂൾ, കുറവിലങ്ങാട്
ഫോൺ : 9496379230, 9847304999
[email protected]

വിലാസം : മൈൻഡ് മാസ്റ്റർ, കൗൺസിലിംഗ് * തെറാപ്പീസ്, മനഃശാസ്ത്രസഹായം, കോഴാ പി.ഒ, കോട്ടയം–686633