ഗർഭിണികളുടെ ആരോഗ്യത്തിന് ഏത്തപ്പഴം
ഗർഭിണികളുടെ ആരോഗ്യത്തിന് ഏത്തപ്പഴം
ഏത്തപ്പഴത്തിൽ കൊഴുപ്പു കുറവാണ്, നാരുകളും വിറ്റാമിനുകളും ധാരാളവും. അമിതഭാരം കുറയ്ക്കുന്നതിനു ഫലപ്രദം. അതിലുള്ള ബി വിറ്റാമിനുകൾ ഭക്ഷണത്തെ ഊർജമാക്കി മാറ്റുന്നതിനും സഹായകം. ഗർഭിണികൾ ഏത്തപ്പഴം ശീലമാക്കുന്നതു ഗർഭസ്‌ഥശിശുവിന്റെ ശരീരവികാസത്തിനു ഗുണപ്രദം. ഏത്തപ്പഴം കഴിച്ചാൽ മനസിന്റെ വിഷാദഭാവങ്ങൾ അകറ്റി ആഹ്ളാദകരമായ മൂഡ് സ്വന്തമാക്കാമെന്ന് പഠനങ്ങൾ പറയുന്നു. അതിലുളള ട്രിപ്റ്റോഫാൻ എന്ന പ്രോട്ടീനെ ശരീരം സെറോടോണിനാക്കി മാറ്റുന്നതിലൂടെയാണ് ഡിപ്രഷൻ അകലുന്നത്.

നാഡീവ്യവസ്‌ഥയുടെ കരുത്തിനും വെളുത്ത രക്‌താണുക്കളുടെ നിർമാണത്തിനും ഏത്തപ്പഴത്തിലുളള വിറ്റാമിൻ ബി6 സഹായകം. പുകവലി നിർത്തുന്നവർ നേരിടുന്ന പിൻവാങ്ങൽ ലക്ഷണങ്ങളിൽ നിന്ന്(നിക്കോട്ടിൻ അഡിക്ഷൻ) മോചനത്തിന് ഏത്തപ്പഴത്തിലെ ബി വിറ്റാമിനുകളായ ബി6, ബി12, പൊട്ടാസ്യം മഗ്നീഷ്യം ഗുണപ്രദം. മുടിയുടെ തിളക്കത്തിനും വളർച്ചയ്ക്കും മുടിയുടെ അറ്റം പൊട്ടുന്നതു തടയുന്നതിനും ഏത്തപ്പഴം ഗുണപ്രദം. പ്രായമാകുന്നതോടെ എല്ലുകളുടെ കട്ടി കുറഞ്ഞു പൊടിയുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗം ചെറുക്കുന്നതിനും ഏത്തപ്പഴം സഹായകം.


കാൽസ്യത്തിന്റെ ആഗിരണത്തിനും ഏത്തപ്പഴത്തിലെ പ്രോബയോട്ടിക് ബാക്ടീരിയ സഹായകം. കാൽസ്യം എല്ലുകൾക്കു കരുത്തുനല്കുന്നു.

ചർമത്തിന്റെ ഇലാസ്തിക നിലനിർത്തുന്നതിനു സഹായകമായ വിറ്റാമിൻ സി, ബി6 തുടങ്ങിയ പോഷകങ്ങൾ ഏത്തപ്പഴത്തിൽ ധാരാളം.ഏത്തപ്പഴത്തിലുളള ആന്റിഓക്സിഡന്റുകളും മാംഗനീസും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തിൽനിന്നു ചർമകോശങ്ങളെ സംരക്ഷിക്കുന്നു. ചുരുക്കത്തിൽ ചർമത്തിന്റെ തിളക്കവും ചെറുപ്പവും നിലനിർത്തുന്നതിന് ഏത്തപ്പഴം പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നതു ഗുണകരം. ഏത്തപ്പഴത്തിൽ 75 ശതമാനം ജലാംശമുണ്ട്. ഇത് ചർമം ഈർപ്പമുളളതാക്കി സൂക്ഷിക്കുന്നതിനു സഹായകം. ചർമം വരണ്ട് പാളികളായി അടരുന്നതു തടയുന്നു.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്