രക്‌തശുദ്ധിക്ക് ബീറ്റ്റൂട്ട്
രക്‌തശുദ്ധിക്ക് ബീറ്റ്റൂട്ട്
കൊഴുപ്പു കുറവുള്ള പച്ചക്കറിയാണു ബീറ്റ്റൂട്ട്. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം. ജലത്തിൽ ലയിക്കുന്ന തരം നാരുകളുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിൻ എ, ബി6, സി, ഫോളിക്കാസിഡ്, സിങ്ക്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ.... പോഷകസമൃദ്ധമാണ് ബീറ്റ്റൂട്ട്. പാകപ്പെടുത്തിയും സാലഡ് രൂപത്തിൽ പച്ചയ്ക്കും ബീറ്റ്റൂട്ട് കഴിക്കാം. ജ്യൂസാക്കി കഴിക്കാം. വിപണിയിൽ സുലഭം.

ശരീരമാകെ ഓക്സിജനെത്തിക്കുന്നത് രക്‌തകോശങ്ങളിലെ ഹീമോഗ്ലോബിനാണ്. ചുവന്ന രക്‌താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിന്റെ നിർമാണത്തിന് ഇരുമ്പ് ആവശ്യമാണ്. രക്‌തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും ഇരുമ്പ് വേണം. ഹീമോഗ്ലോബിന്റെ തോതു കുറയുമ്പോഴാണ് വിളർച്ച അഥവാ അനീമിയ ഉണ്ടാകുന്നത്. ബീറ്റ്റൂട്ടിൽ ഇരുമ്പ് ഇഷ്‌ടംപോലെ; ബീറ്റ്റൂട്ടിൽ അടങ്ങിയ കോപ്പർ ഇരുമ്പിന്റെ ആഗിരണം കാര്യക്ഷമമാക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിയാൽ ചുവന്നരക്‌താണുക്കൾക്കു പുതുജീവൻ നല്കാം, വിളർച്ചയിൽ നിന്നു രക്ഷനേടാം. വിപണിയിൽ നിന്നു വാങ്ങിയ ബീറ്റ്റൂട്ട് ഉപ്പും മഞ്ഞൾപ്പൊടിയും കലർത്തിയ വെളളത്തിലോ പുളിവെള്ളത്തിലോ ഒരു മണിക്കൂറെങ്കിലും മുങ്ങിക്കിടക്കുംവിധം സൂക്ഷിച്ചതിനു ശേഷമേ പാകം ചെയ്യാൻ എടുക്കാവൂ. (തുടരും)


തയാറാക്കിയത്: ടി.ജി.ബൈജുനാഥ്