സുഖജീവിതത്തിനു സുഖചികിത്സ
സുഖജീവിതത്തിനു സുഖചികിത്സ
മാരക വിഷം കലർന്ന ഭക്ഷണം കഴിക്കുകയും വിഷം ശ്വസിക്കുകയും, മാലിന്യക്കൂമ്പാരങ്ങൾക്കിടയിലൂടെ നടക്കുകയും ചെയ്യുവാൻ വിധിക്കപ്പെട്ട ഒരു ജനതയാണ് നമ്മുടേത്. രാവിലെ പല്ല് തേയ്ക്കുന്ന പേസ്റ്റിൽ തുടങ്ങുന്നു ഈ വിഷസ്വാധീനം. കുടിക്കുന്ന വെള്ളത്തെ പോലും വിശ്വസിക്കാൻ കഴിയാത്ത അവസ്‌ഥ! അനാരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം ഇല്ലായ്മ, ജീവിത സമ്മർദങ്ങൾ തുടങ്ങിയവ പ്രമേഹം, രക്‌തസമ്മർദം, കൊളസ്ട്രോൾ എന്നീ ജീവിതശൈലീ രോഗങ്ങൾക്കു കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് ആയുർവേദ ചികിത്സയുടെ പ്രസക്‌തി ഏറുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷിയും ഓജസും വീണ്ടെടുക്കാനുള്ള ആയുർവേദ ജീവിതചര്യകളെക്കുറിച്ചറിയാം...

<യ> ഓജസു നൽകും കർക്കടക സുഖചികിത്സ

ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധശക്‌തി വർധിപ്പിക്കുവാനും രോഗശാന്തിക്കുമാണ് പൊതുവേ കർക്കടക സുഖചികിത്സ നടത്തുന്നത്. എന്നാൽ പല കേന്ദ്രങ്ങളും ഇതോടൊപ്പം സൗന്ദര്യസംരക്ഷണം, ചർമ്മ സംരക്ഷണം, യൗവനം നിലനിർത്തുന്ന പദ്ധതികൾ ഉൾപ്പെടുന്ന സ്പെഷൽ പാക്കേജുകളും വാഗ്ദാനം ചെയ്യുന്നു. ആരോഗ്യത്തോടൊപ്പം സൗന്ദര്യവും കൂടി പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങൾക്കും വൻ ഡിമാൻഡാണ്. മുൻകാലങ്ങളിൽ കർക്കടക മാസത്തിൽ മാത്രമായിരുന്നു പ്രധാന സുഖചികിത്സ. എന്നാൽ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ ഇടവം മുതൽ തന്നെ ചികിത്സ തുടങ്ങുന്ന കേന്ദ്രങ്ങളുണ്ട്. ഏഴുദിവസം മുതൽ ഒരു മാസം വരെയാണ് സുഖചികിത്സാക്കാലയളവ്.

‘പഞ്ഞമാസമായ കർക്കടകം ദുരിതങ്ങളുടെയും വറുതിയുടെയും മാത്രം മാസമല്ല, മറിച്ച് ശരീരത്തെ ആരോഗ്യപൂർണമായി സംരക്ഷിക്കുന്നതിനും രോഗനിവാരണത്തിനുമുള്ള മാസം കൂടിയാണ്. പഴമക്കാർ രാമായണമാസമായി ആചരിച്ചു പോന്ന കർക്കടകം ആത്മീയതയുടെയും ഔഷധ സേവയുടെയും കൂടി കാലമാണ്.ശരീരവും മനസും ആത്മാവും ശുദ്ധീകരിക്കുന്ന കാലയളവ്’– കർക്കടക ചികിത്സയുടെ പ്രധാന്യത്തെക്കുറിച്ച് തിരുവനന്തപുരം സഞ്ജീവനി ആയുർവേദ ആശുപത്രിയിലെ ചീഫ് ഫിസിഷ്യനായ ഡോ. സുനിൽകുമാർ പറയുന്നു:

‘മഴക്കാലത്താണ് രോഗങ്ങൾ വരാൻ കൂടുതൽ സാധ്യത അതുകൊണ്ടുതന്നെയാണ് ഔഷധ സേവയ്ക്ക് കർക്കടകം പൂർവികർ തെരഞ്ഞെടുത്തത്. എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുക, ശരീരത്തെ രോഗപ്രതിരോധത്തിനു സജ്‌ജമാക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണമെന്നും ആയുർവേദഗ്രന്ഥങ്ങൾ അനുശാസിക്കുന്നു.

<യ> ശരീരത്തെ വീണ്ടെടുക്കുന്ന കർമങ്ങൾ

ആയുർവേദശാസ്ത്രത്തിലെ പഞ്ചകർമ വിധിപ്രകാരമുള്ള ചികിത്സയാണ് കർക്കടകത്തിൽ നടത്തുന്നത്. അഞ്ചു കർമങ്ങളിലൂടെ ശരീരത്തെ ശുദ്ധീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്ന ചികിത്സാവിധിയാണ് പഞ്ചകർമം. ഛർദിപ്പിക്ുക, വയറിളക്കുക, നസ്യം ചെയ്യിക്കുക, രക്‌തം കളയുക (രക്‌തശുദ്ധി വരുത്തുക), വസ്തി ചെയ്യിക്കുക എന്നിവയാണ് ഇവ. പൊതുവായി പഞ്ചകർമ ചികിത്സയെന്നു പറയാമെങ്കിലും ചികിത്സാവിധിയിൽ ചികിത്സയ്ക്കെത്തുന്നവരുടെ ശരീരപ്രകൃതിയും രോഗങ്ങളും അനുസരിച്ച് മാറ്റം വരുത്തും.

എല്ലാവരുടെ ശരീരത്തിലും അഞ്ച് കർമങ്ങളും വേണ്ട എന്നർഥം. ചികിത്സയ്ക്കു മുന്നോടിയായി ചികിത്സയ്ക്കെത്തുന്ന ആളിന്റെ ശരീരത്തെ ചികിത്സയ്ക്കു യോഗ്യമാക്കുന്ന പ്രക്രിയയുണ്ട്. ശരീരമാസകലം എണ്ണയിടുക (അഭ്യംഗം) ഇലക്കിഴി, പൊടിക്കിഴി ഉൾപ്പെടെയുള്ള കിഴിയിടുക എന്നിവ ഈ തയാറെടുപ്പിൽ ഉൾപ്പെടും. ഇതിനു ശേഷം രോഗിയുടെ ശരീരപ്രകൃതിയും രോഗങ്ങളും അനുസരിച്ചുള്ള പഞ്ചകർമ്മ ചികിത്സ നടത്തും. പ്രത്യക്ഷത്തിൽ രോഗമില്ലാത്ത ഒരാളെ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ചെറിയ രോഗങ്ങൾ കണ്ടെത്തുവാൻ കഴിയും. ഈ രോഗങ്ങളും കൂടി കണക്കിലെടുത്താവും ചികിത്സാവിധി നിർദേശിക്കുന്നത്.

<യ>ആയുർവേദ ചികിത്സയിലെ വിഭജനങ്ങൾ

പഞ്ചകർമ ചികിത്സയിൽ പ്രധാനമായും അഭ്യംഗം, കിഴി, ഇലക്കിഴി, പൊടിക്കിഴി, ഞവരക്കിഴി, ധാര (ചക്രധാര, ശിരോധാര), പിഴിച്ചിൽ, വസ്തി (കടി വസ്തി, ശിരോവസ്തി), സ്നേഹപാനം, തർപ്പണം, കർണപൂരണം, ഉദ്വർത്തനം, നസ്യം എന്നിവ ഉൾപ്പെടുന്നു. രോഗങ്ങളെ അടിസ്‌ഥാനമാക്കി ഇവയിൽ ഉചിതമായ ചികിത്സ നടത്തും.

<യ> പരമ്പരാഗത പഞ്ചകർമ ചികിത്സാവിധികൾ

അഭ്യംഗം

പരമ്പരാഗതമായ ഒരു എണ്ണ ചികിത്സാരീതിയാണിത്. ശരീരമാസകലം എണ്ണ തേച്ചു പിടിപ്പിക്കുന്നു. പ്രത്യേക രീതിയിലെ കൈചലനത്തിലൂടെയുള്ള ഈ എണ്ണ ശരീരത്തിന്റെ കരുത്തും ഊർജവും വർധിപ്പിക്കും.

ഇലക്കിഴി

പുളിയില, ആവണക്കില, കരിമൊച്ചിയില, എരുക്കില തുടങ്ങിയ ഇലകൾ അരിഞ്ഞ് എണ്ണയിൽ വറുത്ത് ഇന്തുപ്പ്, ചതയുപ്പ്, തേങ്ങ തുടങ്ങിയവ ചേർത്ത് കിഴിയായി കെട്ടി ചൂടുള്ള തൈലത്തിൽ മുക്കി ശരീരത്തിൽ വയ്ക്കുന്നു.

ചൂർണക്കിഴി

ചൂർണങ്ങൾ കിഴിയായി കെട്ടിയുള്ള ചികിത്സയാണിത്. ദിവസവും 45 മിനിറ്റ് വീതം ഏഴു മുതൽ പതിനാല് ദിവസം വരെ നീളുന്ന ചികിത്സയാണിത്. സ്പോണ്ടിലോസിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നീ രോഗങ്ങൾക്കും നല്ലതാണ്. വേദന നിയന്ത്രണത്തിനും ഉചിതം.

ഞവരക്കിഴി

ഞവര അരി കുറുന്തോട്ടി ചേർത്ത പാൽ കഷായത്തിൽ വേവിച്ചശേഷം അത് കിഴിയാക്കി കെട്ടി കുറുന്തോട്ടി ചേർത്ത് ചൂടു പാലിൽ ഇടയ്ക്കിടെ മുക്കി ചൂടുപിടിക്കുന്ന ചികിത്സ. ഒരു മണിക്കൂർ വീതം പതിനാലു ദിവസം വരെ ഇതു ചെയ്യാം. എല്ലാത്തരം വാതരോഗങ്ങൾ (റുമാറ്റിസം) സന്ധിവേദന, രക്‌തസമ്മർദം എന്നിവയ്ക്കുവേണ്ടിയുള്ള ചികിത്സയാണിത്.


ധാര ശിരോധാര

എണ്ണ തലയിൽ ധാര കോരുന്ന ചികിത്സയാണിത്. ചക്രധാര എന്ന ചികിത്സാരീതി ഔഷധങ്ങൾ ഇട്ടു കാച്ചിയ പാലോ, മോരോ നെറ്റിയിൽ ഒഴിച്ചുള്ള പ്രത്യേക രീതിയാണ്. 45 മിനിറ്റ് വീതം ഏഴു മുതൽ 21 ദിവസം വരെ ഇതു ചെയ്യും.

വാതം, ഉറക്കപ്രശ്നങ്ങൾ, മാനസിക സമ്മർദങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കുവേണ്ടിയാണ് ധാര ചെയ്യുന്നത്.

പിഴിച്ചിൽ

ടവ്വൽ ചൂടാക്കി എണ്ണയിൽ മുക്കിയ ശേഷം ടവ്വൽ പിഴിഞ്ഞ് എണ്ണ ശരീരത്തിൽ വീഴ്ത്തി തിരുമ്മുന്ന രീതിയാണിത്. 60 മുതൽ 90 മിനിറ്റ് വരെ ദൈർഘ്യത്തിൽ ഏഴു മുതൽ 21 ദിവസം വരെ ഈ ചികിത്സാരീതി നടത്താം. വാതരോഗങ്ങൾ, ആർത്രൈറ്റിസ്, പക്ഷാഘാതം, നാഡീസംബന്ധ രോഗങ്ങൾ, ലൈംഗികശേഷിക്കുറവ് തുടങ്ങിയവയ്ക്കും വാർധക്യത്തെ ചെറുക്കുവാനും ഇത് നല്ലതാണ്.

വസ്തി കഷായ വസ്തി

കഷായം മലദ്വാരത്തിലൂടെ കയറ്റി വയർ ശുദ്ധീകരിക്കുന്ന ചികിത്സ. (എനിമ വയ്ക്കുന്നത് പോലെയുള്ള ചികിത്സ).

തൈലം, പാൽ എന്നിവയും ഇതിനായി ഉപയോഗിക്കാം. പാൽ ഉപയോഗിക്കുന്നതാണ് ക്ഷീരവസ്തി. വസ്തി ഏഴുദിവസമാണ് സാധാരണ നടത്തുക. പക്ഷാഘാതം, മലബന്ധം, വായുസംബന്ധമായ രോഗങ്ങൾ, ആർത്രൈറ്റിസ് തുടങ്ങിവയ്ക്കു നല്ലതാണ്.

കടി വസ്തി

മുതുകുഭാഗത്ത് ഉഴുന്നുമാവ് കുഴച്ചുവച്ച് അതിനുള്ളിൽ ചൂടാക്കിയ എണ്ണ തളം കെട്ടി നിർത്തുന്നു. നട്ടെല്ല് സംബന്ധമായ രോഗങ്ങൾക്കും നടുവേദനയ്ക്കും ഈ ചികിത്സയാണ് നടത്തുന്നത്.

ശിരോവസ്തി

തലയിൽ വച്ച പ്രത്യേകതരം തൊപ്പിക്കുള്ളിൽ ഇളം ചൂടുള്ള എണ്ണ തളംകെട്ടി നിർത്തുന്നു. രോഗിയുടെ അവസ്‌ഥയനുസരിച്ച് 15 മുതൽ 60 മിനിറ്റ് വരെ ഏഴു ദിവസം ചികിത്സ നടത്താം. കഠിനമായ തലവേദന, വാതസംബന്ധ രോഗങ്ങൾ, ഫേഷ്യൽ, പരാലിസിസ്, തല, കഴുത്ത് സംബന്ധ രോഗങ്ങൾക്ക് ഉത്തമമാണ്.

സ്നേഹപാനം

ഔഷധങ്ങൾ ഇട്ടു കാച്ചിയ നെയ്യ് സേവിക്കുന്ന ചികിത്സയാണിത്. ഏഴു ദിവസം മുതൽ 14 ദിവസം വരെ നീളുന്ന ചികിത്സയിൽ ഓരോ ദിവസവും നെയ്യുടെ അളവ് വർധിപ്പിക്കും. സോറിയാസിസ്, രക്‌താർബുദം, ഓസ്റ്റിയോ ആർത്രൈറ്റീസ് എന്നിവയുടെ ചികിത്സയ്ക്ക് നല്ലത്.

തർപ്പണം

ഉഴുന്നുമാവ് കണ്ണിനു ചുറ്റും ഒട്ടിച്ചു വച്ചശേഷം ഡോക്ടർ നിർദേശിക്കുന്ന നെയ്യ് കണ്ണിനുള്ളിൽ ഒഴിച്ചു നിർത്തുക. കണ്ണുകൾക്കു കുളിർമ നൽകുകയും ശുദ്ധീകരിക്കുകയും ചെയ്യും. തിമിരം നിയന്ത്രിക്കുന്നതിനും കണ്ണുകളിലെ അലർജിക്കും നല്ലതാണ്. ഒപ്റ്റിക് നെർവിനെ ശക്‌തിപ്പെടുത്തും.

കർണ്ണപൂരണം

ഇരു ചെവികളിലും ഡോക്ടർ നിർദേശിക്കുന്ന മരുന്ന് ഒഴിക്കുന്ന ചികിത്സയാണിത്. അഞ്ചു മുതൽ പത്തു മിനിറ്റ് വരെയാണ് ഇതു ചെയ്യുന്നത്. ചെവി സംബന്ധരോഗങ്ങൾക്ക് നല്ലതാണ്.

ഉദ്വർത്തനം

പച്ചമരുന്നുപൊടി തിരുമ്മുന്ന ചികിത്സയാണ് ഉദ്വർത്തനം. 14 മുതൽ 28 ദിവസം വരെ ദിവസവും അരമണിക്കൂർ വീതം ഈ ചികിത്സ ചെയ്യും. പക്ഷാഘാതം, അമിതവണ്ണം, ചില വാതരോഗ അവസ്‌ഥകൾ എന്നിവയ്ക്കുള്ള ചികിത്സയാണിത്.

നസ്യം

ഔഷധ എണ്ണയോ, തൈലമോ മൂക്കിലൂടെ ഒഴിക്കുന്ന ചികിത്സ. ഏഴു മുതൽ പതിനാലു ദിവസം വരെ ചികിത്സ നടത്തും. പക്ഷാഘാതം, സൈനസൈറ്റിസ്, മാനസിക തകരാറുകൾ എന്നിവയ്ക്ക് നല്ലതാണ്. തലച്ചോറിലെ കോശങ്ങളെ ഉണർത്തുവാൻ ഈ ചികിത്സ സഹായിക്കും.

<യ> ചികിത്സ എങ്ങനെ?

ആയുർവേദത്തിന്റെ ദേവനായ ധന്വന്തരീമൂർത്തിയെ ആരാധിച്ചുകൊണ്ടും ഈശ്വരപ്രാർഥനയോടു കൂടിയും മാത്രമാണ് പാത്തിയിൽ കിടക്കുന്ന ആളിന്റെ ശരീരത്തിൽ പല തെറാപ്പിസ്റ്റുകളും സ്പർശിക്കുന്നത്! മനുഷ്യശരീരത്തിൽ നടത്തുന്ന ചികിത്സാ വിധികൾ പ്രയോജനകരമാകുവാനുള്ള ഈ പ്രാർഥന തികച്ചും വ്യക്‌തിഗതമാണ്. ആധുനിക ചികിത്സകരും വൻകിട ആശുപത്രികളും കൈവിട്ട രോഗികളെ ആയുർവേദ ചികിത്സയിലൂടെ സുഖപ്പെടുത്തിയ ചരിത്രവും സുഖചികിത്സയുടെ വഴികളിലുണ്ട്.

<യ>ആഹാരത്തിലും ശ്രദ്ധ വേണം

സസ്യാഹാരമാണ് കർക്കടക ചികിത്സയ്ക്ക് എത്തുന്നവർക്ക് നിഷ്കർഷിക്കുന്നത്. എരിവും പുളിയും കലർന്ന ഭക്ഷണം കുറയ്ക്കേണ്ടതുണ്ട്. പല ആയുർവേദ കേന്ദ്രങ്ങളിലും സുഖചികിത്സയ്ക്ക് എത്തുന്നവർക്ക് അനുയോജ്യമായ ഭക്ഷണം നൽകുന്ന പതിവുണ്ട്. ഈ ഭക്ഷണം വാങ്ങുകയോ വീട്ടിൽ നിന്ന് ഇത്തരം ഭക്ഷണം കൊണ്ടുവരികയോ ചെയ്യാം.

ഡോക്ടർമാരുടെ നിർദേശമനുസരിച്ചും മേൽനോട്ടത്തിലും ആയുർവേദ തെറാപ്പിസ്റ്റുകളാണ് സുഖചികിത്സ നടത്തുന്നത്. രാവിലെ എട്ടു മുതലാണ് സാധാരണ ചികിത്സ തുടങ്ങുന്നത്. സന്ധ്യകഴിഞ്ഞ് തെറാപ്പി നടത്താറില്ല. പ്രധാന കർമങ്ങളുടെ സമയത്തെല്ലാം ഡോക്ടർ ഒപ്പമുണ്ടാകും.

വലിയ രോഗമൊന്നുമില്ലാത്തവർക്കു പൊതുവേ ഏഴു ദിവസത്തെ സുഖചികിത്സയാണ് വിധിക്കുന്നത്. ഭക്ഷണത്തിലായാലും, ജീവിത പ്രവർത്തനത്തിനായാലും ചികിത്സാ വിധിക്കനുസരിച്ചുള്ള ചില ചിട്ടകൾ പാലിക്കേണ്ടതുണ്ട്.

ചികിത്സയുടെ കാലയളവിൽ ശരീരമധികം ഇളകുവാൻ പാടില്ല. പൊതുവായ പഥ്യത്തിനൊപ്പം ഓരോവിധ ചികിത്സയ്ക്കും പാലിക്കേണ്ടതായ പഥ്യമുണ്ട്. അതായത് നസ്യം കഴിഞ്ഞാൽ തല കുളിക്കുവാൻ പാടില്ല എന്നുണ്ട്.

തയാറാക്കിയത്– <യ>എസ്.മഞ്ജുളാദേവി

വിവരങ്ങൾക്ക് കടപ്പാട്

<യ>ഡോ.സുനിൽകുമാർ,
ചീഫ് ഫിസിഷ്യൻ,സഞ്ജീവനി ആയുർവേദ ആശുപത്രി, തിരുവനന്തപുരം

<യ> ഡോ.പ്രദീപ് ജ്യോതി
എം.ഡി ആൻഡ് സിഇഒ, വാസുദേവ വിലാസം, തിരുവനന്തപുരം.