എന്തു വിളിക്കണം ഈ പ്രണയത്തെ !
Saturday, February 3, 2018 12:30 PM IST
കടലിൽനിന്ന് മീൻപിടിച്ച് ഭക്ഷിച്ച് കടൽക്കരയിലെ പാറക്കെട്ടുകളിൽ ജീവിക്കുന്ന പക്ഷികളാണ് ഗന്നെറ്റുകൾ. 2015ൽ ന്യൂസിലൻഡിലെ മന എന്ന ദ്വീപിൽ കുറേ ഗന്നെറ്റുകളുടെ കോണ്ക്രീറ്റ് രൂപങ്ങൾ ഉണ്ടാക്കിവച്ചു. വംശനാശ ഭീഷണി നേരിടുന്ന ഗന്നെറ്റുകളെ ഇവിടേക്ക് ആകർഷിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി കോണ്ക്രീറ്റ് ഗന്നെറ്റുകളുടെ ശരീരത്തിൽ സ്പീക്കറുകൾ ഘടിപ്പിക്കുകയും അതിലൂടെ യഥാർഥ ഗന്നെറ്റുകളുടെ റിക്കാർഡ് ചെയ്ത സ്വരം കേൾപ്പിക്കുകയും ചെയ്തു.
പതുക്കെ പതുക്കെ ഗന്നെറ്റുകൾ കൂട്ടത്തോടെ ഈ ദ്വീപിലേക്ക് എത്തിത്തുടങ്ങി. മിക്ക ഗന്നെറ്റുകളും തങ്ങളുടെ ഇണകൾക്കൊപ്പമാണ് ഇവിടെ എത്തിയത്. എന്നാൽ 2015ൽ ഒരു ആണ് ഗന്നെറ്റ് മന ദ്വീപിലെത്തി.വന്ന അന്നുമുതൽ ഒരു കോണ്ക്രീറ്റ് ഗന്നെറ്റിനെ ചുറ്റിപ്പറ്റിയായിരുന്നു ആ ഗന്നെറ്റിന്റെ വാസം. ദിവസങ്ങൾകഴിഞ്ഞിട്ടും ആ കോണ്ക്രീറ്റ് പ്രതിമയുടെ അടുത്തുനിന്നും പുതിയ അതിഥി മാറാതെ വന്നതോടെയാണ് ദ്വീപിലെ ജീവനക്കാർ അവനെ ശ്രദ്ധിച്ചു തുടങ്ങിയത്. കുറച്ചു ദിവസത്തെ അവന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചപ്പോൾതന്നെ ആ ജീവനക്കാർ ഒരു കാര്യം ഉറപ്പിച്ചു. നിഗെൽ എന്ന് അവർ പേരിട്ട ആ പുതിയ ഗന്നെറ്റ് കോണ്ക്രീറ്റ് പ്രതിമയുമായി പ്രണയത്തിലാണ്.
എല്ലാദിവസവും നിഗെൽ ഈ കോണ്ക്രീറ്റ് പ്രതിമയുടെ അടുത്തുവന്നിരിക്കും. അതിനെ ആകർഷിക്കാൻ തനിക്ക് അറിയാവുന്ന കാര്യങ്ങളൊക്കെ ചെയ്യും. ഇടയ്ക്ക് ആ പ്രതിമയ്ക്കായ് കൂടുവരെ തീർത്തു നിഗൽ. റിക്കാർഡ് ചെയ്ത കുറച്ചു ശബ്ദങ്ങളല്ലാതെ മറ്റൊന്നും പുറത്തേക്ക് വരാത്ത ആ കോണ്ക്രീറ്റ് പ്രതിമയ്ക്കൊപ്പമായിരുന്നു കഴിഞ്ഞ രണ്ടുവർഷമായി നിഗലിന്റെ ജീവിതം. ഇതിനിടയിൽ പല സുന്ദരികളായ ഗന്നെറ്റുകളും ദ്വീപിലെത്തിയിട്ടും അവരെയൊന്നും നിഗൽ ശ്രദ്ധിച്ചതേയില്ല.
നിഗലിന്റെ നിഷ്കളങ്ക പ്രണയംകണ്ട് ആസ്വദിച്ചിരുന്ന ദ്വീപിലെ ജീവനക്കാരെ സങ്കടത്തിലാഴ്ത്തി കഴിഞ്ഞ ദിവസം നിഗൽ ഇഹലോകവാസം വെടിഞ്ഞു. ആരോഗ്യവാനായി കാണപ്പെട്ടിരുന്ന നിഗലിന്റെ പെട്ടെന്നുള്ള മരണത്തിന്റെ കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. ഏതായാലും നിഗൽ പ്രണയിച്ച കോണ്ക്രീറ്റ് പ്രതിമയ്ക്കരികിൽത്തന്നെ നിഗലിന്റെ സ്മാരകമൊരുക്കാനാണ് ജീവനക്കാരുടെ തീരുമാനം.