മനുഷ്യാ നീ മണ്ണാകുന്നു......പിന്നെ പാവയും
Thursday, December 28, 2017 7:16 AM IST
എണ്ണിയാൽ തീരാത്തത്ര പാവകൾ. ചെറുതും വലുതുമായി അനവധി നിരവധി പാവകൾ. പല രൂപത്തിൽ പല ഭാവത്തിൽ. ഇത് ജപ്പാനിലെ നഗോരോ എന്ന താഴ്വരയിലെ പാവഗ്രാമം. ഇവിടെ മനുഷ്യരേക്കാൾ കൂടുതലാണ് പാവകളെന്ന് പറയാം. ഇവിടെ ജീവിച്ചു മരിച്ചവരുടെ പ്രതിരൂപങ്ങളായാണ് ഈ പാവകൾ ഈ താഴ്വരയിൽ നിറയുന്നത്.
മരിച്ചുപോയവരെ ഇവിടെ ഓർക്കുന്നത് ചുമരിൽ അവരുടെ ചിത്രം തൂക്കി വിളക്കു കൊളുത്തിക്കൊണ്ടല്ല. മരിച്ചവരുടെ അതേ രൂപത്തിലും ഭാവത്തിലും അവരുടെ അതേ അളവിൽ പാവകൾ നിർമിച്ചാണ്. അതുകൊണ്ടാണ് ജീവിച്ചിരിക്കുന്ന മനുഷ്യരേക്കാൾ ഇവിടെ മരിച്ചു മണ്ണടിഞ്ഞവരുടെ പാവകൾ നിറഞ്ഞിരിക്കുന്നത്....നിറഞ്ഞുകൊണ്ടേയിരിക്കുന്നത്....
കേൾക്കുന്പോൾ വട്ടാണോ എന്ന് പെട്ടെന്ന് തോന്നാമെങ്കിലും കൗതുകത്തോടെ ഇതിന്റെ കാര്യകാരണങ്ങളറിയാൻ തുടങ്ങുന്പോൾ ഈ പാവകൾ എത്ര ഹൃദയസ്പർശിയാണെന്ന് മനസിലാകും. മരിക്കാത്ത ഓർമകളായി പാവകൾ ഇവിടെ ജീവിക്കുന്നു. വീടുകളിലും കടകളിലും തെരുവോരങ്ങളിലുമെല്ലാം ആൾപ്പൊക്കം വലുപ്പമുള്ള പാവകളായി അവർ മരണാനന്തര ജീവിതം നയിക്കുന്നു. വിളിപ്പേരും വ്യക്തിത്വവുമുണ്ട് ഓരോ പാവകൾക്കും. നഗോരോയിൽ ഒരു മനുഷ്യൻ ഇല്ലാതായാൽ അയാളുടെ പേരിൽ അതേ ഭാവഹാവാദികളോടെ ഒരു പാവ സൃഷ്ടിക്കപ്പെടുന്നു.
ഈ താഴ്വരയിൽ പാവകൾ വന്നത്...
ഒരു ഗ്രാമത്തിൽ എങ്ങനെ ഇത്രമാത്രം പാവകളെത്തിയെന്നത് കൗതുകമുള്ള ഒരു അന്വേഷണമാണ്. ആ അന്വേഷണം ചെന്നെത്തുന്ന് ഒരു കലാകാരനിലാണ്. ഏകാന്തതയുടെ നൂറുവർഷങ്ങൾ അനുഭവിച്ചു തീർക്കാൻ കാത്തുനിൽക്കാതെ, ഏകാന്തത തന്നെ ഭ്രാന്തനാക്കുമെന്ന ഘട്ടമെത്തിയപ്പോൾ അയാൾ നിർമിച്ചു തുടങ്ങിയതാണ് ഈ പാവകളെ.
ആർട്ടിസ്റ്റായ ത്സുകിമി അയാനോ ആണ് നഗോരോയിൽ മനുഷ്യപാവകൾ നിർമിച്ചു തുടങ്ങിയത്. ഷികോകു ദ്വീപുകളുടെ ഭാഗമായ നഗോരോയിൽ നിന്നു ചെറുപ്പത്തിൽ തന്നെ ഒസാകാ പട്ടണത്തിലേക്കു ചേക്കേറിയവരാണ് ത്സുകിമിയും കുടുംബവും. കുട്ടിക്കാലം ചെലവഴിച്ച താഴ്വരയിലേക്ക് അൻപതാം വയസിൽ ത്സുകിമി ഒരുനാൾ തിരിച്ചെത്തി. ആളും ബഹളവും സന്തോഷവുമുള്ള നാടു പ്രതീക്ഷിച്ചെത്തിയ ത്സുകുമി കണ്ടത് ആളൊഴിഞ്ഞ, ഒറ്റപ്പട്ട താഴ്വരയാണ്.
നാട്ടിലെ മോശം സാന്പത്തിക സ്ഥിതിയും രാഷ്ട്രീയ അരക്ഷിതാവസ്ഥയും മൂലം പലരും നാടുവിട്ടു. ഒട്ടേറെപ്പേർ മരണപ്പെട്ടു. ആ താഴ്വരയിൽ ആകെ 35 പേർ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഏകാന്തതയിൽ നിന്നു രക്ഷപ്പെടാനായി ത്സുകിമി കണ്ടെത്തിയ മാർഗമാണ് പാവ നിർമാണം.
അച്ഛന്റെ രൂപത്തിലാണ് അയാനോ ആദ്യത്തെ പാവയെ ഉണ്ടാക്കിയത്. വൈക്കോലും പഞ്ഞിയും ഉപയോഗിച്ച് അച്ഛന്റെ അതേ ഉയരത്തിലും വീതിയിലും പാവ നിർമിച്ചു. പിന്നെ മറ്റു കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പാവകൾ. പതിയെ പതിയെ അയൽവാസികളും നാട്ടുകാരും ത്സുകിമിയുമായി അടുത്തു.
ഈ പാവകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഇവിടെ മറ്റു പാവകൾ രൂപമെടുത്തു. അതിൽ ആ ഗ്രാമവാസികളുടെ പ്രിയപ്പെട്ടവരുണ്ടായിരുന്നു. സ്നേഹിച്ചു തീരും മുന്പ് ജീവിതത്തിൽ നിന്ന് വിട്ടകന്നവരെല്ലാം അങ്ങിനെ പാവകളായി വീണ്ടും ആ ഗ്രാമത്തിൽ തിരിച്ചെത്തി.
എത്രയെത്ര പാവകൾ...
മനുഷ്യരല്ല ഇവിടെ പാവകൾ തന്നെയാണ് കൂടുതൽ. നഗോരോവിന്റെ മുക്കിലും മൂലയിലും പാവകളെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു. എന്നാൽ ആ പാവകളെ അവർ ഒരുക്കിയിട്ടുള്ളതും അവയെ സ്ഥാപിച്ചിട്ടുള്ളതും വളരെ ഭാവനാപൂർണമായാണ്.
പാവകളുടെ നഗരമെന്ന് കേൾക്കുന്പോൾ കുട്ടിക്കളിയാണെന്ന് തോന്നാമെങ്കിലും ഇവിടെ അതിനൊരു പ്രത്യേക വിശുദ്ധി ഇവർ കൽപ്പിച്ചിട്ടുണ്ടെന്ന് പാവകളെ ഒരുക്കിയിരിക്കുന്നത് കാണുന്പോൾ മനസിലാകും. പല തരത്തിലുള്ള പാവകളുണ്ട് ഇവിടെ. ടെലിഫോണ് ബൂത്തിന് സമീപം റിസീവർ പിടിച്ചിരിക്കുന്ന പാവ, കൃഷിയിടത്തിൽ പണിയെടുക്കുന്ന സ്ത്രീകളുടെ പാവ, ബോട്ടിൽ മീൻപിടിത്തക്കാരോടൊപ്പമുള്ള തൊപ്പിക്കാരൻ പാവ, ബസ് സ്റ്റാൻഡിൽ കാത്തു നിൽക്കുന്ന യുവാവിന്റെ പാവ, സ്കൂളുകളിൽ നിരനിരയായി ഇരിക്കുന്ന കുട്ടിപ്പാവകൾ, ചായക്കടയിൽ ചാഞ്ഞിരിക്കുന്ന വൃദ്ധന്റെ പാവ... സൂക്ഷിച്ച് നോക്കിയാൽ മാത്രമേ ഇവ പാവകളാണെന്ന് മനസിലാകൂ. അല്ലെങ്കിൽ ഇവ ശരിക്കുള്ള മനുഷ്യരാണെന്നേ തോന്നൂ. അതാണ് പാവനിർമാണത്തിലെ ഫിനിഷിംഗ്.
പാവ നിർമാണം ഇവിടെ നല്ല രീതിയിൽ മുന്നോട്ടുപോകുന്പോൾ കൂടുതൽ പേർ ഇതിലേക്ക് എത്തുന്നുണ്ട്. പാവകൾ വാഴുന്ന ഈ ഗ്രാമം ഇപ്പോൾ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടമായും മാറിയിട്ടുണ്ട്. കേട്ടറിഞ്ഞും വെബ്സൈറ്റുകൾ വഴി വായിച്ചും നിരവധി പേരാണ് ഇവിടെ എത്തുന്നത്. ടൂറിസ്റ്റുകൾക്ക് കൗതകുമാണെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചോർത്ത് വിഷമിക്കുന്നവരാണ് ഈ പാവകളുടെ ഉടമകൾ.
മരിക്കുന്നില്ല ഓർമകൾ...
മരിച്ചവരുടെ പാവകൾക്കിടയിൽ ജീവിച്ചുകൊണ്ടിരിക്കുന്ന ഗ്രാമവാസികൾ. നാളെ ഞാനും നീയും പാവകളാകുമെന്ന് അവർക്കറിയാം. മണ്ണിലേക്ക് ചേർന്നലിയുന്പോൾ ഒരു പാവ കൂടി ഈ ഗ്രാമത്തിൽ എവിടെയെങ്കിലും ഇടം പിടിച്ചിരിക്കുമെന്ന് ഇവിടെയുള്ളവർക്കറിയാം.
മരിക്കുകയോ നാടുവിട്ടുപോവുകയോ ചെയ്ത മനുഷ്യർ ഇവിടെ പാവകളായി പുനർജനിക്കുന്നു. ഓരോ പാവയും ഇവിടെ ഓർമയാണ്. നഷ്ടമായ സൗഭാഗ്യങ്ങളുടെ, നഷ്ടബന്ധങ്ങളുടെ ഓർമകൾ....ഓർമകൾ മരിക്കുന്നില്ലെന്ന് പറയും പോലെ ഈ പാവകൾ നശിക്കാതെ കാലങ്ങളോളം നിൽക്കും.
ഒന്നു സൂക്ഷിച്ചു നോക്കിയാൽ പാവകൾ കരയുന്നുണ്ടോ എന്ന് തോന്നാം. ഒന്നും മിണ്ടാനാകാതെ, ചിരിക്കാനാകാതെ തങ്ങളുടെ പ്രിയപ്പെട്ടവർക്കരികിൽ നിശ്ചലമായി കഴിയേണ്ടി വരുന്ന പാവകൾ. കീ കൊടുത്താൽ പോലും ചിരിക്കാൻ ഈ പാവകൾക്കാവില്ല. കാരണം അവർ ഈ ഭൂമി വിട്ടുപോയവരുടെ ആത്മാക്കളുറങ്ങുന്ന പാവം പാവം പാവകളാണ്.
ഋഷി