പീറ്ററേട്ടൻ സൂപ്പറാ...
Monday, December 4, 2017 6:55 AM IST
"ഒന്നു മനസുവച്ചാൽ രോഗം പന്പ കടക്കും...മാത്രവുമല്ല ആതുര സേവന രംഗത്ത് നടക്കുന്ന തട്ടിപ്പ് ഇല്ലാതാകുകയും ചെയ്യും.’ ഇത് ഏതെങ്കിലും ഡോക്ടർമാരുടെയോ അതല്ലെങ്കിൽ ആതുര സേവന രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെയോ വാക്കുകളല്ല. ലോക ബോഡി ബിൽഡിംഗ് ചാന്പ്യൻഷിപ്പിൽ വെങ്കലം നേടിയ നമ്മുടെ അങ്കമാലിക്കാരൻ പീറ്റർ ജോസഫിന്റെ വാക്കുകളാണ്.
57-ാം വയസിലും യുവാക്കളുടെ ഉൗർജമായി തിളങ്ങുന്ന പീറ്ററിന്റെ ജീവിതം സംഭവബഹുലമാണ്. ഗ്രീസിലെ ഏദൻസിൽ കഴിഞ്ഞ 18നും 19നുമാണു ലോക ബോഡി ബിൽഡിംഗ് ചാന്പ്യൻഷിപ്പിലാണ് പീറ്ററിന്റെ നേട്ടം. കേരളത്തിൽനിന്ന് ഈ മേഖലയിൽ അന്താരാഷ്ട്ര നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തി കൂടിയാണ് ഈ അങ്കമാലിക്കാരൻ. ചിട്ടയായ വ്യായാമവും ഭക്ഷണക്രമീകരണങ്ങളും പാലിച്ചുപോരുന്ന പീറ്റർ വെട്ടിപ്പിടിച്ചിട്ടുള്ള നേട്ടങ്ങൾ ചെറുതല്ല.
മത്സരിച്ചത് ഓപ്പൺ വിഭാഗത്തിൽ
ലോക രാജ്യങ്ങളിൽനിന്നു യുവാക്കളടക്കം നിരവധിപേർ പങ്കെടുത്ത മത്സരത്തിൽ സ്വർണ നേട്ടമായിരുന്നു പ്രതീക്ഷ. 80 കിലോയ്ക്കു താഴെ മത്സര വിഭാഗത്തിൽ മത്സരിക്കാനാണ് ഏതൻസിലേക്കു തിരിച്ചതെങ്കിലും ഇങ്ങനെയൊരു വിഭാഗം ഇല്ലെന്നറിഞ്ഞത് അവിടെയെത്തിയപ്പോൾ മാത്രം. മത്സരത്തിൽ പങ്കെടുക്കാതെ മടങ്ങില്ലെന്ന വാശിയിൽ 70 കിലോ തൂക്കമുള്ള പീറ്റർ ഓപ്പണ് വിഭാഗത്തിൽ മത്സരിച്ചു. ഇതിൽ പങ്കെടുത്തവരാകട്ടെ 80 കിലോയ്ക്കുമേൽ തൂക്കമുള്ളവരും. ഇതേത്തുടർന്നാണു സ്വർണം നഷ്ടമായതെന്നു പീറ്റർ പറയുന്നു. എന്നിരുന്നാലും വെങ്കല മെഡലിൽ സംതൃപ്തനാണ് പീറ്റർ.
ഇതുവരെ കേരളത്തിൽനിന്നുള്ള ഒരാൾക്കുപോലും നേടാനാകാത്ത വിജയം ഇന്ത്യയെ പ്രതിനിധീകരിച്ച് നേടാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു. കേരള സ്റ്റേറ്റ് ബോഡി ബിൽഡിംഗ് അസോസിയേഷൻ കൊച്ചിയിൽ നൽകിയ സ്വീകരണത്തിൽ താൻ വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും നല്ല ഒരു സ്പോണ്സറെ ലഭിച്ചാൽ അടുത്ത വർഷവും മത്സര രംഗത്തുണ്ടാകുമെന്നും പീറ്റർ പറയുന്നു. താങ്ങാനാകാത്ത ചെലവാണു വിരമിക്കൽ പ്രഖ്യാപനം നടത്താൻ കാരണം.
ഒരുമാസം ചെലവ് 50,000
മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വലിയ സാന്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നുണ്ട്. മാസം ശരാശരി അര ലക്ഷം രൂപയുടെ ഭക്ഷണം തന്നെവേണം. ചിട്ടയായ വ്യായാമവും ഭക്ഷണ ക്രമീകരണങ്ങളുമാണു 57-ാം വയസിലും യൗവനം നിലനിർത്തുന്നതിന്റെ രഹസ്യം.
ഏതെങ്കിലും മത്സരങ്ങളിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന ദിവസങ്ങളിലെ വ്യായാമം പറഞ്ഞാൽ ഏവരും ഞെട്ടും. രാവിലെ ഏഴരയ്ക്കു ജിമ്മിൽ കയറിയാൽ ഇറങ്ങുക വൈകിട്ട് നാലരയ്ക്കു മാത്രം. മത്സരങ്ങൾ ഇല്ലാത്ത സമയങ്ങളിൽ പതിനൊന്നുവരെയാണു വ്യായാമം ചെയ്യുക. രാവിലെയും വൈകിട്ടും 10 മുട്ടയുടെ വെള്ളയും പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും നിർബന്ധം. ജൈവ പഴങ്ങളോടാണു കൂടുതൽ താത്പര്യം. അതു സ്വന്തമായി വളർത്തിവരുന്നുമുണ്ട് ഈ ജേതാവ്. ഇതിനെല്ലാം പുറമെ ഒരു കിലോ കോഴിയിറച്ചിയും ദിവസവും നിർബന്ധമാണ്. ഇതിനെല്ലാംകൂടിയാണു മാസം ശരാശരി അര ലക്ഷം രൂപ ചെലവ് വരുന്നത്.
നിത്യയൗവനക്കാരൻ
യുവാക്കളായ മത്സരാർഥികളെ എതിരിട്ടു രണ്ടു തവണ മിസ്റ്റർ ഇന്ത്യ പട്ടം നേടിയ പീറ്റർ ജോസഫ് നിത്യയൗവനക്കാരനാണ്. 22-ാം വയസിൽ വെയ്റ്റ് ലിഫ്റ്റിംഗിലായിരുന്നു തുടക്കം. കാലടി ശ്രീ ശങ്കരയിൽ ഡിഗ്രിക്കു പഠിക്കുന്പോൾ ഭാരോദ്വഹനത്തിൽ സർവകലാശാല ജേതാവായി. ദേശീയ യൂണിവേഴ്സിറ്റി ചാന്പ്യൻ, ദേശീയ വെയ്റ്റ് ലിഫ്റ്റിംഗിൽ കേരളത്തെ പ്രതിനിധീകരിച്ചു സ്വർണം തുടങ്ങിയ പുരസ്കാരങ്ങൾ പിന്നാലെയെത്തി. ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ടീമിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ടതോടെ 28-ാം വയസിൽ വെയ്റ്റ് ലിഫ്റ്റിംഗ് ഉപേക്ഷിച്ചു. പിന്നീട് 2002ൽ 40-ാം വയസിലാണു ബോഡി ബിൽഡിംഗ് രംഗത്തേക്കു വരുന്നത്. ഇവിടെയായിരുന്നു പീറ്ററിന്റെ രാശി തെളിഞ്ഞത്.
രണ്ടു വർഷത്തിനു ശേഷം മിസ്റ്റർ കേരളയായി തെരഞ്ഞെടുക്കപ്പെട്ടു. 2010ൽ തന്റെ അൻപതാം വയസിൽ മിസ്റ്റർ ഇന്ത്യയായി ചരിത്രം കുറിച്ചു. 2012ൽ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്. തൊട്ടതെല്ലാം പൊന്നാക്കിയ പീറ്റർ രണ്ടു തവണ മിസ്റ്റർ കേരളയും ഒരു തവണ മിസ്റ്റർ സൗത്ത് ഇന്ത്യയുമായി. മിസ്റ്റർ ഇന്ത്യ പൊതുവിഭാഗത്തിലും മാസ്റ്റേഴ്സ് വിഭാഗത്തിലും രണ്ടു തവണ സ്വർണ നേട്ടം. 2010ൽ ലോക ബോഡി ബിൽഡിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചെങ്കിലും ഏഴാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 2012ൽ ബാങ്കോക്കിലും മെഡൽ ലഭിച്ചില്ല. പിന്നീട് വാശിയായി. മാസങ്ങളോളമുള്ള തയാറെടുപ്പുകളുടെ ഫലമായാണ് ഏതൻസിൽ വെങ്കല മെഡൽ ലഭിച്ചത്.
ബോഡി ബിൽഡിംഗ് മേഖലയിൽ തെറ്റിധാരണ
ഒത്തിരിയേറെ തെറ്റിധാരണകളുള്ള മേഖലയാണു ബോഡി ബിൽഡിംഗ് മേഖലയെന്നു പീറ്റർ പറയുന്നു. പ്രോട്ടീനും സ്റ്റിറോയിഡും ഉപയോഗിക്കുന്നതു സംബന്ധിച്ചുള്ള പല കാര്യങ്ങളിലും തെറ്റിധാരണകൾ നിലനിൽക്കുന്നുണ്ട്. ഇതിനു മാറ്റം വരുത്തേണ്ടതുണ്ട്. ശരീരം വ്യയാമ മുറകൾ നടത്തി ഉൗർജസ്വലമാക്കിയാൽ പല രോഗങ്ങളും ശരീരത്തെ ബാധിക്കില്ലെന്നാണു പീറ്റർ പറയുന്നത്.
ബോഡി ബിൽഡിംഗ് പ്രഫഷനായി എടുക്കാത്തവർ അരമണിക്കൂറെങ്കിലും ജിമ്മിൽ ചെലവഴിച്ചാൽ വലിയ മാറ്റങ്ങൾ ശരീരത്തിലുണ്ടാകുമെന്നാണു പീറ്റർ ജോസഫ് പറയുന്നത്. ആരോഗ്യ സംരക്ഷണത്തിനു വേണ്ട കാര്യങ്ങൾ പൊതു സമൂഹത്തിലെത്തിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇനി നടത്താനാണു തീരുമാനം. റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന പീറ്റർ വിആർഎസ് എടുത്താണു ബോഡി ബിൽഡിംഗിലേക്കു കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചത്.
പ്രായമായാൽ ബോഡി ബിൽഡിംഗിൽ തിളങ്ങില്ലെന്ന തെറ്റിദ്ധാരണകൾ കാറ്റിൽ പറത്തിയാണു പീറ്റർ രംഗത്തെത്തുന്നത്. മസിലുകൾ സ്വയം ഉണ്ടാക്കാൻ കഴിയുന്നതല്ലെന്നും നമ്മുടെ ശശീരത്തുള്ള മസിലുകൾ ബലപ്പെടുത്തുക മാത്രമേ ചെയ്യാൻ സാധിക്കൂവെന്നും പീറ്റർ വ്യക്തമാക്കുന്നു. 25 വർഷമായി അങ്കമാലിയിൽ ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കുമായി ഹെൽത്ത് ക്ലബ് നടത്തിവരുന്നു. വർഷങ്ങൾക്കുമുന്പ് മോഡേണ് ഹെൽത്ത് ക്ലബുകൾ കേട്ടിട്ടുപോലുമില്ലാത്ത നാട്ടിലേക്കാണു പീറ്റർ കാലെടുത്തുവച്ചത്.
കണ്ടുപിടുത്തങ്ങളിലും മുന്നിൽ
ഹെൽത്ത് ക്ലബുകൊണ്ടും ബോഡി ബിൽഡിംഗ്കൊണ്ടും ഒതുങ്ങുന്നതല്ല പീറ്ററിന്റെ നേട്ടങ്ങൾ. ബോഡി ബിൽഡിംഗിന് ആവശ്യമായ ഉപകരണങ്ങൾ പലതും സ്വയം നിർമിച്ചും ഈ അങ്കമാലിക്കാരൻ താരമാണ്. നിലവിൽ സംസ്ഥാനത്ത് എത്തുന്ന മിക്ക ഉപകരണങ്ങളും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്ന് അദ്ദേഹം പറയുന്നു. മാസങ്ങളുടെ ഉപയോഗത്തോടെ ഇവയിൽ ഭൂരിഭാഗവും പണി മുടക്കും. ഇത് ഉപഭോക്താവിന് വരുത്തിവയ്ക്കുന്ന നഷ്ടം ചെറുതല്ല. ഭൂരിഭാഗവും റിപ്പയർ ചെയ്യാനും സാധിക്കില്ല. ഇതിനാലാണ് ഇത്തരം ഉപകരണങ്ങൾ സ്വയം കണ്ടുപിടിക്കണമെന്ന ആവശ്യം മനസിൽ തോന്നിയത്. നിലവിൽ വിപണിയിലുള്ള പല ഉപകരണങ്ങളും ഇതിന്റെ പകുതു വിലയ്ക്ക് പീറ്റർ നിർമിച്ചു നൽകിയിട്ടുണ്ട്. ഇത്തരം ഉപകരണങ്ങളുടെ കണ്ടുപിടുത്തങ്ങൾക്കായി ഹെൽത്ത് ക്ലബിനോട് ചേർന്നു പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഏറ്റവും പുതിയ കണ്ടുപിടുത്തം കേട്ടാൽ നിർമാതാക്കൾ വരെ ഞെട്ടും. നിരവധി വ്യായാമങ്ങൾ ചെയ്യാവുന്ന മെഷീനാണ് പുതിയതായി കണ്ടുപിടിച്ചിട്ടുള്ളത്. ഫാമിലി ഓൾ ഇൻ വണ് ഫിറ്റ്നസ് മെഷീൻ രൂപകൽപ്പന ചെയ്തു. അതിനു പേറ്ററ്റിനായി കാത്തിരിക്കുകയാണു പീറ്റർ.
ജീവിതശൈലി രോഗങ്ങൾ പന്പ കടക്കും
ബോഡി ബിൽഡിംഗ് സംബന്ധിച്ച ഏത് ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം പീറ്ററിന്റെ പക്കലുണ്ട്. ആധുനിക സമൂഹത്തിൽ വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾക്കുള്ള മറുമരുന്നുകൂടിയാണ് ബോഡി ബിൽഡിംഗ്. ചിട്ടയായ വ്യായമം ഉണ്ടെങ്കിൽ പ്രതിരോധശേഷി വർധിക്കുന്നതിനു പുറമേ പല രോഗങ്ങളും അകന്നുനിൽക്കുമെന്നും പീറ്റർ പറയുന്നു. കുടവയർ ചാടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു പരിഹാരം കാണാൻ ബോഡി ബിൽഡിംഗിലൂടെ സാധിക്കുന്നു.
അരി ഭക്ഷണം ഒഴിവാക്കി പ്രോട്ടീൻ അടങ്ങുന്ന ഭക്ഷണമാണു ശീലമാക്കേണ്ടത്. കണ്ണൻപഴം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പീറ്റർ ജൈവ പഴങ്ങൾ കൃഷി ചെയതുവരുന്നുണ്ടെന്നതു രഹസ്യമാണ്. മലയാറ്റൂരിൽ സഹോദരന്റെ പേരിലുള്ള സ്ഥത്താണ് കൃഷി. പപ്പായ, ഫാഷൻഫ്രൂട്ട്, വാഴ തുടങ്ങി വിവധയിനം പഴ വർഗങ്ങളാണു വളർത്തുന്നത്. വ്യായാമത്തിനും മുന്പും ശേഷവും വേണ്ടുവോളം പഴവർഗങ്ങളും പീറ്റർ ഭക്ഷണത്തിൽ ചേർക്കുന്നുണ്ട്.
അങ്കമാലി കൊറ്റമം ഞാളിയൻ കുടുംബാംഗമാണ് പീറ്റർ. ഭാര്യ ബിസ കാലടി ജ്ഞാനോദയം സ്കൂളിലെ അധ്യാപികയാണ്. മക്കൾ: മരിയ, എൽസ, ലിയോണ്.
റോബിൻ ജോർജ്