കോഴിക്കോട്ടേക്കുള്ള യാത്ര
Saturday, November 4, 2017 5:17 AM IST
2011 സെപ്റ്റംബർ 11 നാണ് തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ പുതുക്കുളങ്ങര ബാലകൃഷ്ണന് (80) മരണപ്പെട്ടതെന്നാണ് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരം പേട്ട വലിയവീട്ടില്‍ ലൈനില്‍ താമസക്കാരനായ ബാലകൃഷ്ണന് അസുഖബാധിതനായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മെച്ചപ്പെട്ട ചികിത്സ നല്‍കാനെന്ന പേരില്‍ ഡിസ്ചാര്‍ജ് ചെയ്ത് കോഴിക്കോട്ടേക്ക് കാറില്‍ കൊണ്ടുപോയത്. യാത്രയ്ക്കിടയില്‍ രാത്രി 9.30 ന് കൊടുങ്ങല്ലൂര്‍ ഗവ.ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു എന്നാണ് വലിയമ്മയുടെ മൂത്തമകനാണെന്ന് പറഞ്ഞ് മൃതദേഹം ഏറ്റുവാങ്ങിയ കൃഷ്ണകുമാര്‍ 13 ന് കൊടുങ്ങല്ലൂര്‍ പോലീസില്‍ നല്കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം മൃതദേഹം ഏറ്റുവാങ്ങിയ ഇവര്‍ തന്നെ ഷൊര്‍ണ്ണൂരിലെ ശാന്തിതീരം പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
പേട്ടയിലെ ബാലകൃഷ്ണന്റെ അയല്‍ക്കാര്‍ അറിയിച്ചതു പ്രകാരം തിരുവനന്തപുരത്തുള്ള ജ്യേഷ്ഠന് കുഞ്ഞിരാമന്റെ ബന്ധുക്കളാണ് മരണപ്പെട്ട വിവരം തളിപ്പറമ്പില്‍ അറിയിച്ചത്. അപ്പോള്‍ മാത്രമാണ് നാട്ടിലുള്ളവര്‍ മരണവിവരം അറിയുന്നത്. പിതാവിന്റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ നിരവധി അടുത്ത ബന്ധുക്കളാണ് തളിപ്പറമ്പിലുള്ളത്. മരിക്കുന്നതിന് അഞ്ചു വര്‍ഷം മുമ്പ് വരെ അദ്ദേഹം തളിപ്പറമ്പില്‍ വന്നിരുന്നു.
പരാതി നല്‍കിയെങ്കിലും, അന്വേഷണം നടന്നില്ല
ജ്യേഷ്ഠന്റെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അനുജന് രമേശന് തൃശൂര്‍ റേഞ്ച് ഐജിക്ക് ഉള്‍പ്പെടെ പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും കാര്യമായ അന്വേഷണങ്ങളൊന്നും തന്നെ നടന്നില്ല. അത് സംബന്ധിച്ച് വിവിധ തലങ്ങളില്‍ പരാതികള്‍ നല്‍കുന്നതിന് പയ്യന്നൂര്‍ ബാറിലെ പ്രമുഖനായ ഒരു അഭിഭാഷകനാണ് രമേശന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്. അന്വേഷണം നടന്നില്ലെങ്കിലും ബന്ധുക്കള്‍ക്കിടയില്‍ ഇത് വലിയൊരു നീറ്റലായി കത്തിനില്‍ക്കുക തന്നെയായിരുന്നു.
മണ്‍പാത്രനിർമാണ സമുദായ അംഗമായിരുന്ന ഡോ.കുഞ്ഞമ്പുനായരുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ പലരും കയ്യേറുകയും അനാഥമായി കിടക്കുകയും ചെയ്യുന്നത് കണ്ടാണ് സമുദായ നേതാക്കള്‍ ഇടപെടുന്നത്. തുടര്‍ന്ന് നടന്ന ശ്രമങ്ങളാണ് ജൂണ്‍ 22 ന് ആക്ഷന്‍ കമ്മറ്റി രൂപീകരിക്കപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.
പയ്യന്നൂരിലെ കെ.വി. ജാനകി ബാലകൃഷ്ണന്റെ ഭാര്യയെന്ന നിലയില്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ നിന്നും പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുകയും അമ്മാനപ്പാറയിലെ ആറേക്കര്‍ ഭൂമി സഹോദരി ശെെലജയ്ക്ക് ഇഷ്ടദാനം നല്‍കുകയും ചെയ്തിരുന്നു. ഈ വിവരം കൂടി പുറത്തായതോടെയാണ് മരണം സംബന്ധിച്ച് കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ന്നുവന്നത്. നാടിന്റെ പ്രിയപ്പെട്ട ഡോക്ടറായിരുന്ന കുഞ്ഞമ്പുനായരുടെ സ്വത്തുക്കള്‍ ഇത്തരത്തില്‍ അനാഥമായി കിടക്കുന്നതില്‍ ദുഃഖമുള്ള നാട്ടുകാര്‍ ഉള്‍പ്പെടെ രംഗത്തിറങ്ങിയതോടെയാണ് വിപുലമായ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കപ്പെട്ടത്. തളിപ്പറമ്പ് നഗരസഭാ സ്ഥിരം സമിതി ചെയര്‍മാനും മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസി
ഡന്റുമായ രജനി രമാനന്ദ് ആക്ഷന്‍ കമ്മറ്റി ചെയര്‍പേഴ്സണും വിവരാവകാശ പ്രവര്ത്തകന് പത്മന് കോഴൂര്‍ ജനറല്‍ കണ്‍വീനറുമായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ആക്ഷൻ കമ്മിറ്റി ശേഖരിച്ചത് നിരവധി രേഖകൾ
കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പ്രഥമവിവര റിപ്പോര്‍ട്ട്, ഇരിങ്ങാലക്കുട സബ് ഡിവിഷന് മജിസ്ട്രേറ്റ് കോടതിയില്‍ അന്നത്തെ കൊടുങ്ങല്ലൂര്‍ എസ്ഐ നല്കിയ റിപ്പോര്‍ട്ട്, കൊടുങ്ങല്ലൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ നിന്ന് 16-6-12 ന് വിതരണം ചെയ്ത പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയുടെ കോപ്പി, വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട്, കെ.വി.ജാനകിയുടെ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റിന് ഒപ്പിട്ട സാക്ഷികളുടെ വിവരങ്ങള്‍, കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ നിന്നുള്ള ബാലകൃഷ്ണന്റെ മരണ സര്‍ട്ടിഫിക്കറ്റ് തുടങ്ങി എല്ലാവിധ രേഖകളും വിവരാവകാശ നിയമപ്രകാരം ശേഖരിച്ചാണ് ആക്ഷന്‍ കമ്മറ്റി തങ്ങളുടെ ആക്ഷൻ ആരംഭിച്ചത്.
2012 ലാണ് ശെെലജയുടെ നേതൃത്വത്തില്‍ ബാലകൃഷ്ണന്റെ തൃച്ചംബരത്തെ കുടുംബവീട് നില്ക്കുന്ന പറമ്പില്‍ നിന്നും കൂറ്റന്‍ തേക്ക് മരങ്ങള്‍ മുറിച്ചതെന്ന് ആക്ഷൻ കമ്മിറ്റി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഈ സമയത്ത് രമേശന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അസുഖബാധിതനായി കഴിയുകയായിരുന്നു. മരം മുറിച്ചത് കടത്തിക്കൊണ്ടുപോകുന്നത് തടഞ്ഞ നാട്ടുകാരോട് രമേശനില്‍ നിന്ന് മുമ്പ് ഒപ്പിട്ടുവാങ്ങിയ മുദ്രപ്പത്രത്തില്‍ വ്യാജമായി എഴുതിയുണ്ടാക്കിയ കരാര്‍ രേഖ കാണിച്ച് തെറ്റിദ്ധരിപ്പിച്ചാണ് മരം കടത്തിയതത്രെ.
മുഖ്യമന്ത്രിക്ക് പരാതി നല്കിയ ശേഷം പയ്യന്നൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ലജ, ഭര്‍ത്താവ് കൃഷ്ണകുമാര്‍, സഹോദരി ജാനകി, പയ്യന്നൂര്‍ വില്ലേജ് ഓഫീസര്‍, അന്നത്തെ തളിപ്പറമ്പ് തഹസില്‍ദാര്‍ എന്നിവരെ പ്രതികളാക്കി ജൂലൈ 21 ന് കേസ് ഫയല്‍ ചെയ്യുന്നു. അന്നു വൈകുന്നേരം തന്നെ കേസ് ഫയലില്‍ സ്വീകരിച്ച് അന്വേഷണം നടത്താന്‍ കോടതി പയ്യന്നൂര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
(തുടരും)
കെ.പി. രാജീവൻ