ടമാാാർ പഠാാാർ: പാലാ തങ്കച്ചന്റെ കഥ
Wednesday, July 5, 2017 2:27 AM IST
തിരക്കേറിയ പാലാ നഗരം. സമയം വൈകുന്നേരം. ചീറിപ്പായുന്ന വാഹനങ്ങൾ. സൈലൻസർ ഉൗരിവച്ച ജാവ ബൈക്കിന്റെ പരുക്കൻ ശബ്ദം. ജനം അക്ഷമരായി റോഡിനിരുവശവും നിൽക്കുകയാണ്.അക്സിലേറ്റർ റബർബാൻഡുപയോഗിച്ച് കെട്ടിവച്ച കെഎൽവി 2558 ജാവ ബൈക്കിൽ നിഷ്കളങ്ക ചിരിയുമായി അയാൾ എത്തിക്കഴിഞ്ഞു. ആദ്യ റൗണ്ടിൽ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് കൈവീശി പോയെങ്കിൽ തിരിച്ചു വന്നത് ബൈക്കിൽ എഴുന്നേറ്റു നിന്നു കൈകൂപ്പിക്കൊണ്ടാണ്. അടുത്തത് ബൈക്കിന്റെ സൈഡിലിരുന്ന് പത്രം വായിച്ചുകൊണ്ടാണ്. അതു കഴിഞ്ഞാൽ ഹാൻഡിലിൽ കയറിയിരുന്ന് കാഴ്ചക്കാരെ ശ്വാസം മുട്ടിക്കുന്ന റൗണ്ട്. മിന്നായ നേരം കൊണ്ട് പാലാ നഗരത്തെ തന്റെ കളിക്കളമാക്കി ഈ അഭ്യാസി. മോട്ടോർ സൈക്കിളിൽ കിടിലൻ അഭ്യാസങ്ങൾ കാണിച്ചും ആളുകളുടെ കണ്ണുതള്ളിച്ചു. കേരളക്കരയാകെ മാത്രമല്ല തമിഴ്നാട്ടിലും കർണാടകത്തിലും വരെ പ്രശസ്തനായിരിക്കുകയാണ് പാലാ തങ്കച്ചൻ എന്ന ബൈക്ക് അഭ്യാസി. ജനങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന കിടിലൻ നന്പരുകളുമായി ഇദ്ദേഹത്തിന്റെ ബൈക്ക് കുതിക്കാത്ത പട്ടണങ്ങളും വീഥികളുമില്ല. തന്റെ ജീവിതമാർഗത്തിനു വേണ്ടിയാണ് തങ്കച്ചൻ ഈ അഭ്യാസങ്ങളെല്ലാം കാട്ടുന്നത്.
സൈക്കിൾ അഭ്യാസിയായി തുടക്കം
പാലാ സെന്റ് തോമസ് സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്പോൾ അച്ഛൻ ഫ്രാൻസീസ് ചെക്കനു സ്കൂളിൽ പോകുവാനായി സൈക്കിൾ വാങ്ങി നൽകി. എന്നാൽ ആറ്റിങ്ങൽ ഗോപിയെന്ന സൈക്കിൾ യജ്ഞക്കാരനോടുള്ള ആരാധന മൂത്ത് തങ്കച്ചൻ ക്ലാസ് മുറിയിലിരുന്നില്ല. സൈക്കിളുമായി
പാലായിലെ മൈതാനങ്ങളിൽ കറങ്ങി. അഭ്യാസം കൂടിയപ്പോൾ ഏതോ മൈതാനത്തെ ആൾക്കൂട്ടം ചെറിയ ഒരു സമ്മാനവും തന്നു.
സ്കൂളിലെ നോട്ടീസ് ബോർഡിൽ തന്റെ അഭ്യാസം മൈതാനത്ത് നടക്കുന്നു എന്നെഴുതിയതിന് ഹെഡ്മാസ്റ്റർ തങ്കച്ചനെ പൊതിരെ തല്ലി. അതോടെ പഠിപ്പ് ഉപേക്ഷിച്ചു ഫുൾ ടൈം മൈതാനത്തായി. സൈക്കിളിൽ നിന്നും ബൈക്കിലേക്ക് മാറിയ തങ്കച്ചൻ പിന്നീട് കേരളം മുഴുവൻ കറങ്ങി നടന്ന് കിടിലൻ അഭ്യാസങ്ങൾ കാട്ടിത്തുടങ്ങി
.
ത്രസിപ്പിക്കുന്ന മുക്കാൽ മണിക്കൂർ
തങ്കച്ചന്റെ അഭ്യാസങ്ങൾ പ്രധാനമായും ജീവൻ പണയംവച്ചുള്ള ബൈക്ക് റെയ്സിംഗ് പ്രകടനങ്ങളാണ്. സൈലൻസർ ഉൗരിവച്ച് ആക്സിലേറ്റർ റബർബാൻഡ്കൊണ്ട് കെട്ടിയ ബൈക്കിലാണ് തങ്കച്ചൻ എത്തുന്നത്. നിന്നുകൊണ്ട് ബൈക്ക് ഓടിക്കുക, ഫുട്ട് റെസ്റ്റിനും ക്രാഷ് ഗാർഡിനും ഇടയിലുള്ള ഇത്തിരി സ്ഥലം ഇരിപ്പിടമാക്കിയുള്ള യാത്ര, മുന്നോട്ടും പുറകോട്ടും കിടന്നുകൊണ്ട് ഓടിക്കുക, നിന്നുകൊണ്ട് കൈകൾ രണ്ടും മുന്നോട്ടും പിന്നോട്ടും ആട്ടിയുള്ള യാത്ര അങ്ങനെ നീളുകയാണ് തങ്കച്ചന്റെ അഭ്യാസങ്ങൾ. ഹാൻഡിലിൽ കയറി ഇരുന്നുള്ള അഭ്യാസമാണ് കാണികളുടെ ചങ്കിടിപ്പിക്കുന്നത്. മുക്കാൽ മണിക്കൂർ നീളുന്ന പ്രകടനം കഴിഞ്ഞാൽ ആളുകൾ തങ്കച്ചന് നോട്ടുമാല ഇടും. ചിലർ റോഡിന്റെ സൈഡിൽ പണം വയ്ക്കും. ഇത് ബൈക്ക് ഓടിക്കുന്നതിനിടയിൽ എടുക്കും. പതിനായിരം രൂപ വരെ കളക്ഷൻ കിട്ടിയ ദിവസമുണ്ട്. കളിക്കിടിയിൽ ഇതുവരെ തങ്കച്ചന് ഒരപകടവും പറ്റിയിട്ടില്ല. ട്രാഫിക് നിയമങ്ങളെല്ലാം പാലിച്ച് പോലീസ് അനുമതിയോടെയാണ് അഭ്യാസം നടത്തുന്നത്.
ഇന്ദിരാഗാന്ധി നൽകിയ പേര്
1983ൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്ത് സാഹസിക പ്രകടനങ്ങൾ നടത്തിയതാണ് തങ്കച്ചന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം. കെ.കരുണാകരന്റെ വലംകൈയായിരുന്ന കുര്യനാട് സ്വദേശി എം.എ.ജോണാണ് പരേഡിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കിയത്. പട്ടാളക്കാർ മുന്നിൽ ഓടിച്ചുകൊണ്ടിരുന്ന ബൈക്കിൽ ദേശീയ പതാക പിടിച്ച് എഴുന്നേറ്റു നിന്ന തങ്കച്ചന്റെ പ്രകടനം കണ്ട് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അത്ഭുതപ്പെട്ടു.
സർട്ടിഫിക്കറ്റ് നൽകും നേരം തങ്കച്ചനോട് പേരും സ്ഥലവും ചോദിച്ചു. മറുപടി പറഞ്ഞപ്പോൾ ഇന്ദിരാഗാന്ധി പറഞ്ഞു, നൈസ് നെയിം പാലാ തങ്കച്ചൻ. അന്നു മുതൽ തങ്കച്ചൻ പാലാ തങ്കച്ചൻ എന്ന പേരിലറിയപ്പെടാൻ തുടങ്ങി. കെ.എം.മാണിയുമായി തങ്കച്ചന് അടുത്ത സൗഹൃദമാണുള്ളത്.
കേരളാ കോണ്ഗ്രസ് എമ്മിന്റെ പ്രകടനത്തോടു കൂടിയ ഏതു സമ്മേളനത്തിലും ഇലക്ഷൻ പ്രചാരണത്തിലും ഇദ്ദേഹം ബൈക്കിൽ മുന്പിലുണ്ടാകും. 80കളിൽ ചില സിനിമയിൽ സാഹസിക രംഗങ്ങളിൽ ഡ്യൂപ്പായും തങ്കച്ചൻ എത്തിയിട്ടുണ്ട്. അരനൂറ്റാണ്ടായി സാഹസികപ്രകടനരംഗത്തുള്ള തങ്കച്ചന് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല. ഇതിൽ അദ്ദേഹത്തിന് പരിഭവം ഒട്ടുമില്ല. തനിക്കു കഴിയുന്ന ഒരു കാര്യം ജനങ്ങൾക്ക് മുന്പിൽ അവതരിപ്പിക്കുന്നു. അവർ തരുന്ന സംഭാവന ഏറ്റുവാങ്ങുന്നു, അത്ര മാത്രം - ഇതാണ് തങ്കച്ചന്റെ എളിയ മറുപടി.
ബൈക്കിനു പുറത്തെ ജീവിതം
താൻ 51 മോഡൽ ആണെന്നാണ് വയസ് ചോദിക്കുന്ന ആരോടും തങ്കച്ചന്റെ മറുപടി. ഇപ്പോൾ വയസ് 67 ആയി. തന്റെ ശരീരത്തിന്റെ ഭാഗമായി തീർന്ന ജാവാ മോട്ടോർ സൈക്കിളിനും അതേ പ്രായം.1956 മോഡൽ ജാവ ബൈക്കാണ് ഈ അഭ്യാസിയേയും കൊണ്ട് ആൾക്കൂട്ടത്തെ കിടുകിടാ വിറപ്പിച്ചുകൊണ്ടു പായുന്നത്. കഴിഞ്ഞ 40 വർഷമായി മെരുക്കമുളള ഒരു ഇരുന്പു മൃഗമായി തോന്നിക്കുന്ന ഈ ജാവ ബൈക്കിന്റെ പുറത്താണ് തങ്കച്ചന്റെ ജീവിതം. പഴയ വാഹനങ്ങളെ പ്രാണനെപ്പോലെ സ്നേഹിക്കുന്ന തങ്കച്ചന് മൊത്തം ആറു ബൈക്കുകളുണ്ട്.അതിനാൽ തന്റെ തെരുവോര അഭ്യാസത്തെ ഒരിക്കലും കട്ടപ്പുറത്ത് കയറ്റേണ്ടി വന്നിട്ടില്ല. ഉഴവൂരിലുളള തന്റെ വീട്ടിൽ തന്നെയാണ് വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതും.പഴയ ബൈക്കുകളുടെ ഇപ്പോൾ കിട്ടാനില്ലാത്ത സ്പെയർപാർട്സുകളെല്ലാം തങ്കച്ചന്റെ വീട്ടിൽ സ്റ്റോക്കുണ്ട്. ആദ്യകാലത്തു കൂട്ടുകാരുമായി ചേർന്ന് നാടൻ സർക്കസ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അക്കാലത്തെ സഹയാത്രികയായിരുന്ന ഏലമ്മയാണ് തങ്കച്ചന്റെ ജീവിത സഖി.
കുട്ടികളില്ലാത്ത തനിക്ക് ഈ ബൈക്കുകളാണ് കുട്ടികളെന്ന് തങ്കച്ചൻ പറയും. വർഷങ്ങൾക്കു മുന്പ് സ്ട്രോക്ക് വന്ന് ആറു വർഷത്തോളം കിടപ്പായതാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ ബ്രേക്ക്. ശാരീരിക അസ്വസ്ഥതകൾ മാറ്റിവച്ചാണ് ഇപ്പോഴത്തെ അഭ്യാസം. ആയുസിന്റെ അറ്റം വരെയും തന്റെ സാഹസിക പ്രകടനം തുടരണമെന്നാണ് ഈ മോട്ടോർ സൈക്കിൾ അഭ്യാസിയുടെ ആഗ്രഹം.
ജിബിൻ കുര്യൻ