ചോരക്കളി ഒടുങ്ങുമോ
ചോരക്കളി ഒടുങ്ങുമോ
കാലിയ റഫീഖ് എന്ന അധോലോക നായകൻറെ ദാരുണമായ കൊലപാതകത്തോടെ തിരശീല വീണത് കാസർഗോഡിൻറെ അതിർത്തിപ്രദേശങ്ങളിൽ രണ്ടു ദശാബ്ദക്കാലമായി നിലനിന്നിരുന്ന ഗുണ്ടാരാജിന്. രണ്ടു കൊലക്കേസുകളുൾപ്പെടെ കേരള–കർണാടക പോലീസ് സ്റ്റേഷനുകളിലായി 45ഓളം കേസുകളിൽ പ്രതിയായിരുന്നു ഈ 44കാരൻ.

പിടിച്ചുപറിയിൽ തുടങ്ങിയ കാലിയ കാസർഗോഡ് ജില്ലയിലും കർണാടക, മഹാരാഷ്ര്‌ട, ഗോവ, സംസ്‌ഥാനങ്ങളിലും ക്വട്ടേഷൻ സംഘങ്ങൾക്ക് നേതൃത്വം നൽകുന്ന അധോലോക നായകൻ എന്ന രീതിയിലേക്ക് വളർന്നു. പോലീസിനെയും ഔദ്യോഗികസംവിധാനങ്ങളെയുമെല്ലാം വെല്ലുവിളിച്ച് തന്നെ എതിർക്കുന്നവരെ കയ്യൂക്കും ഭീഷണിയും കൊണ്ടു വരുതിയിലാക്കി ഒരു സമാന്തരഭരണകൂടമായിരുന്നു കാലിയയും കൂട്ടരും നടപ്പിലാക്കിയത്. തന്നെ കളിയാക്കി എന്നാരോപിച്ച് മാസങ്ങൾക്കു മുന്പ് ഒരു യുവാവിനെ കടലോരത്ത് കഴുത്തറ്റം വരെ കുഴിച്ചുമൂടി ആക്രമിച്ചാണ് കാലിയ കണക്കുതീർത്തത്. ഒരു കേസിൽ കാസർഗോഡ് വിദ്യാനഗർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടയിൽ രക്ഷപ്പെട്ട ഇയാളെ പിന്നീട് പോലീസ് കുന്പളയ്ക്കടുത്ത് വച്ച് പിടികൂടിയിരുന്നു. അന്ന് മഞ്ചേശ്വരം എസ്ഐക്കു നേരേ തോക്ക് ചൂണ്ടിയാണ് ഇയാൾ രക്ഷപ്പെട്ടത്.

തുടക്കം

ഉപ്പള മാണിമുണ്ട ബാപ്പായിത്തൊട്ടി സ്വദേശിയാണ് മുഹമ്മദ് റഫീഖ് എന്ന കാലിയ റഫീഖ്. കറുത്തു മെലിഞ്ഞ രൂപമാണ് റഫീഖിന് കാലിയ എന്ന ഇരട്ടപ്പേര് സമ്മാനിച്ചത്. ഈ പരിഹാസപ്പേരാണ് പിന്നീട് ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളിൽ ഭീതി വിതയ്ക്കുന്നതായി മാറിത്. അബ്ബാസ് എന്ന ഗുണ്ടയുടെ കൈയാളായിട്ടായിരുന്നു രംഗപ്രവേശം. മംഗളുരുവിലേയ്ക്കു പോകുന്ന നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങിയാണ് റഫീഖിൻറെ ക്രിമിനൽ ജീവിതം ആരംഭിക്കുന്നത്. കേരളത്തിൽ ചാരായ നിരോധനം നടപ്പാലിയതോടെ റഫീഖ് ചാരായകടത്തുകാരനായി. കേരളത്തിൻറെ അതിർത്തി ഗ്രാമങ്ങളിൽ മൂലവെട്ടി എന്ന പേരിൽ അറിയപ്പെടുന്ന കർണാടക പാക്കറ്റ് ചാരായം വൻ തോതിലാണ് റഫീഖ് കേരളത്തിലേക്കു കടത്തിയത്. ഇതിനായി കാലിയ റഫീഖിൻറ നേതൃത്വത്തിൽ വൻ സംഘം തന്നെ പ്രവർത്തിച്ചു പോന്നിരുന്നു. ഒരു വർഗീയ കലാപത്തിന്റെ ഭാഗമായി വീടുകൾക്ക് തീവച്ച കേസിലൂടെയാണ് കാലിയ റഫീഖിന്റെ പേര് ആദ്യമായി പോലീസിൻറെ ശ്രദ്ധയിൽപ്പെടുന്നത്. കേസിൽ അറസ്റ്റിലായ റഫീഖിന് പലതരം കുറ്റവാളികളെ പരിചയപ്പെടാൻ അവസരം ലഭിച്ചതോടെ കൊടുംകുറ്റവാളിയായുള്ള ഇയാളുടെ വളർച്ച ആരംഭിക്കുകയായിരുന്നു. പുതിയ ബന്ധങ്ങളും കൂട്ടാളികളും ആയതോടെ കാലിയ ഒരു ഗ്യാംഗ് ലീഡറായി മാറാൻ തുടങ്ങി.

ജയിൽവാസത്തിനിടെ പരിചയപ്പെട്ട ഒരാൾ പിൽക്കാലത്ത് കാലിയയുടെ മുഖ്യകൂട്ടാളിയായി. കാലിയ ഒളിവിൽ പോവുകയോ ജയിലിൽ പോവുകയോ ചെയ്യുമ്പോൾ പുറത്തു നിന്നും അയാളുടെ താൽപര്യങ്ങൾ നടപ്പിലാക്കുന്നത് ഇയാളായിരുന്നു.

വ്യവസായികളുടെ പേടിസ്വപ്നം

കേട്ടാൽ ഞെട്ടുന്ന കവർച്ചകളും കൊലകളും പിടിച്ചുപറികളും കുറേ നടത്തിയെങ്കിലും പലതിലും പരാതിയുമായി ആരും മുന്നോട്ടു വന്നിരുന്നില്ല. അത്രയ്ക്കു ഭീകരമായിരുന്നു റഫീഖ് സൃഷ്‌ടിച്ച ഭീതി. മഞ്ചേശ്വരം, ഉപ്പള മേഖലയിലെ വ്യവസായികളുടെ പേടിസ്വപ്നമായിരുന്നു ഇയാൾ. മഞ്ചേശ്വരത്തെ ഒരു പ്രമുഖ വസ്ത്രവ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ കാലിയ ശ്രമിച്ചു. ഇയാളുടെ കടയിൽ നേരിട്ടെത്തിയായിരുന്നു കാലിയയുടെ ഭീഷണി. കടയുടമയുടെ പരാതിപ്രകാരം പോലീസ് റഫീഖിനെ കസ്റ്റഡിയിലെടുത്തെങ്കിലും തുടർനടപടികൾക്കായി വ്യാപാരിയെ വിളിച്ചപ്പോൾ അയാൾ കാലുമാറി. തനിക്ക് പരാതിയൊന്നുമില്ലെന്നായിരുന്നു വ്യാപാരിയുടെ നിലപാട്. അത്രയ്ക്കു ശക്‌തമായിരുന്നു ജയിലിന് അകത്തും പുറത്തും കാലിയക്കുള്ള സ്വാധീനം.

റിയൽ എസ്റ്റേറ്റ് കച്ചവടക്കാരും സ്വർണവ്യാപാരികളുമായിരുന്നു കാലിയ റഫീഖിൻറെ പ്രധാന ഇരകൾ. ഇവരിൽ പലരേയും ഭീഷണിപ്പെടുത്തുകയും പണവും സ്വർണവും കവരുകയും ചെയ്തു. എന്നാൽ ഇതൊന്നും പോലീസിൽ പരാതിയായി എത്തിയില്ല. ഹവാല–കള്ളപ്പണ ബന്ധമുള്ള കച്ചവടക്കാരുടെ നീക്കങ്ങൾ ശ്രദ്ധിച്ച് അവരെ കൊള്ളയടിക്കുന്നതിലും ഇയാൾ പ്രത്യേക വിരുത് കാട്ടി സ്ത്രീകളെ ഉപയോഗിച്ച് ബ്ലാക്ക് മെയിലിംഗ് നടത്തി പണം തട്ടുന്നതായിരുന്നു കാലിയയുടെ മറ്റൊരു രീതി.

സ്പിരിറ്റ്, മണൽ, കോഴി...

2006–07 കാലഘട്ടത്തിൽ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് സ്പിരിറ്റ് കടത്തലായിരുന്നു റഫീഖിൻറെ പ്രധാന പരിപാടി. ഇതോടൊപ്പം മറ്റു സംഘങ്ങൾ കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റ് വാഹനങ്ങൾ തട്ടിയെടുത്ത് സ്പിരിറ്റ് മറിച്ചുവിൽക്കുന്നതും വാഹനം കർണാടകയിൽ കൊണ്ടുപോയി വിൽക്കുന്നതും പതിവായി. ഒരിക്കൽ കേരളത്തിലേക്ക് സ്പിരിറ്റുമായി വരികയായിരുന്ന വാഹനം തട്ടിയെടുത്ത റഫീഖ് ഉടമസ്‌ഥനെ വളിച്ചുവരുത്തി 40,000 രൂപ വാങ്ങിയശേഷമാണ് വാഹനം വിട്ടുകൊടുത്തത്. പണം കിട്ടുംവരെയുള്ള ഉറപ്പിനായി ഇയാളുടെ ബൈക്കും റഫീഖ് അന്ന് വാങ്ങിവച്ചു.


2010നുശേഷം റഫീഖിനെതിരേ പരാതി നൽകാൻ പലരും ധൈര്യം കാണിച്ചു. നിരവധി കേസുകളിൽ പ്രതിയായതോടെ എതിർ ഗ്യാംഗുകളെയും പോലീസിനെയും ഒരുപോലെ ഭയക്കേണ്ട അവസ്‌ഥയായി റഫീഖിന്. മുൻകാലത്തെപ്പോലെ പണം പിരിക്കാനും തട്ടിയെടുക്കാനും സാധിക്കാതെ വന്നപ്പോൾ മണൽ കടത്താനും നികുതി വെട്ടിച്ച് കോഴികടത്താനും റഫീഖും സംഘവും ഇറങ്ങി. കർണാടകയിലെ പ്രധാന നദിയായ നേത്രാവതിയിലെ മണൽ വൻ ലോറികളിലായി ഉത്തരകേരളത്തിലെ മുക്കിലും മൂലയിലും എത്തിച്ച റഫീഖ് മണൽ കടത്തിൻറെയും രാജാവായി.

കൊല്ലാൻ വന്നവനുമായി ചാനലിൽ !

റഫീഖിനെ വകവരുത്താനായി ഒരിക്കൽ എതിരാളികൾ ഒരു ഗുണ്ടയെ തോക്കും നൽകി പറഞ്ഞയച്ചു. അയാളെ കീഴ്പ്പെടുത്തിയ റഫീഖ് തനിക്ക് വധഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു. തന്നെ കൊല്ലാനെത്തിയ ആളെയും അയാളുടെ കൈവശമുള്ള തോക്കും കൈമാറാമെന്നും അറിയിച്ചു. എന്നാൽ നേരിൽക്കണ്ട് സംസാരിക്കണമെന്ന പോലീസിൻറെ ആവശ്യം കാലിയയെ കുഴക്കി. ഒടുവിൽ ഉപ്പളയിലെ ഒരു പ്രാദേശിക ടിവി ചാനലിൽ കൊല്ലാനെത്തിയവനുമായി റഫീഖ് പ്രത്യക്ഷപ്പെട്ടു.

വഴിത്തിരിവായ കൊലപാതകം

2013ൽ ഉപ്പള മണ്ണംകുഴി സ്വദേശി അബ്ദുൾ മുത്തലിബിൻറെ കൊലപാതകമാണ് റഫീഖിൻറെ ക്രിമിനൽ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. കൊല്ലപ്പെട്ട മുത്തലിബും കാലിയാ റഫീഖും നേരത്തെ ഒരേ സംഘത്തിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇവർ തമ്മിൽ തെറ്റി. കാറിൽ സഞ്ചരിക്കുകയായിരുന്ന മുത്തലിബിനെ വീടിനു സമീപത്തു വച്ച് നിറയൊഴിക്കുകയും തുടർന്ന് വെട്ടിക്കൊല്ലുകയുമായിരുന്നു. ഉപ്പളയിലെ മറ്റൊരു ഗുണ്ടാനേതാവിൻറെ ബന്ധുവായിരുന്നു മുത്തലിബ്.

മണൽ കടത്ത് പ്രതിയായ ഷംസുദ്ദീനൊപ്പം ചേർന്നാണ് കാലിയ മുത്തലിബിനെ വധിച്ചത്. കൊലപാതകത്തിനുശേഷം ഇരുവരും മുംബൈയിലേക്കാണ് ആദ്യം രക്ഷപ്പെട്ടത്. ഇയാളെ പിന്തുടർന്ന് മുംബൈ പോലീസ് പിന്നാലെയെത്തിയെങ്കിലും പോലീസ് നീക്കം മനസിലാക്കിയ റഫീഖ് ഡൽഹിയിലേക്ക് കടന്നു. എന്നാൽ മുംബൈ പോലീസിൽ നിന്ന് ഇയാൾ

രക്ഷപ്പെട്ട വിവരം അറിഞ്ഞതോടെ കേരള പോലീസ് തന്നെ കളത്തിലിറങ്ങി. റഫീഖ് ഡൽഹിയിലുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് കാസർഗോട്ടു നിന്നുള്ള ഒരു സംഘം പോലീസ് അങ്ങോട്ടു തിരിച്ചു. എന്നാൽ പോലീസ് ഡൽഹിയിലെത്തുന്നതിനു രണ്ടു മണിക്കൂർ മുന്പേ കാലിയ രാജസ്‌ഥാനിലെ അജ്മീറിലേയ്ക്ക് പറന്നു. റഫീഖിനെ പിടികൂടണമെന്ന വാശിയിൽ പോലീസ് സംഘം അജ്മീറിലേക്കു തിരിച്ചു. പിറ്റേന്നു രാവിലെ അജ്മീറിലെത്തിയ പോലീസ് അന്ന് ഉച്ചയോടെ റഫീഖിനെയും കൂട്ടുപ്രതിയായ ഷംസുദ്ദീനെയും കണ്ടെത്തി. ഒളിത്താവളത്തിൽ കഴിഞ്ഞ ഇരുവരെയും പോലീസ് അതിസാഹസികമായാണ് കീഴടക്കിയത്.

കാപ്പ ചുമത്തപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന റഫീഖ് 2016 സെപ്റ്റംബറിലാണ് ജാമ്യമെടുത്ത് പുറത്തിറങ്ങുന്നത്. നിഴൽ പോലെ മരണം തൻറെ പിന്നാലെയുള്ളതിനെക്കുറിച്ച് റഫീഖിന് വ്യക്‌തമായ അറിവുണ്ടായിരുന്നു. അബ്ദുൾ മുത്തലിബിൻറെ മരണത്തിന് പകരം ചോദിക്കാനിറങ്ങിയ ഗ്യാംഗുമായി നിരവധി തവണയാണ് ഇതിനുശേഷം ഏറ്റുമുട്ടലുണ്ടായത്. സാധാരണ ഏറ്റുമുട്ടലായിരുന്നില്ല. തോക്കും വടിവാളുമുപയോഗിച്ചുള്ള ഗ്യാംഗ് വാറുകൾ തന്നെ.

വിധി നിർണയിച്ച ഫെബ്രുവരി 14

വാളെടുത്തവൻ വാളാൽ എന്ന വാചകത്തെ അന്വർഥമാക്കുന്നതായിരുന്നു കാലിയയുടെ ജീവിതം. ഫെബ്രുവരി 14നു രാത്രി 12.30നു മംഗളുരു കൊട്ടേക്കാർ ബിസി റോഡിലെ പെട്രോൾ പന്പിനു സമീപമാണ് ഈ ക്രിമിനൽ ജീവിതത്തിന് തിരശീല വീണത്. തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങുന്നതിനായി കാറിൽ മുംബൈയിലേക്ക് പുറപ്പെട്ടതായിരുന്നു കാലിയയും സംഘവും. തികഞ്ഞ ജാഗ്രതയോടെയാണ് റഫീഖ് ഓരോ ചുവടും മുന്നോട്ടുവച്ചത്. യാത്ര ആരംഭിച്ചശേഷം താൻ സ്കെച്ച് ചെയ്യപ്പെടുന്നുവെന്ന സംശയത്തിൽ സഞ്ചരിക്കുന്ന വാഹനം മാറ്റി. എന്നിട്ടും ടിപ്പർ ലോറിയിലെത്തിയ ഗുണ്ടാസംഘം ലോറി കാറിൽ ഇടിപ്പിച്ചു. ഇടിയുടെ ആഘാതം മാറിയ ഉടൻ റഫീഖ് കാറിൽ നിന്ന് ഇറങ്ങിയോടി. ഓടുന്ന റഫീഖിനെ വെടിവച്ചുവീഴ്ത്തി. തുടർന്ന് വടിവാളുപയോഗിച്ച് തുരുതുരാ വെട്ടി. പിന്നീട് റഫീഖിൻറെ മരണം ഉറപ്പാക്കിയശേഷം അവർ സ്‌ഥലംവിട്ടു.

റഫീഖിനൊപ്പം കാറിലുണ്ടായിരുന്ന സംഘാംഗങ്ങളെല്ലാം ഇതിനകം ഓടിരക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ ഇതുവരെ നാലുപേരാണ് അറസ്റ്റിലായിട്ടുള്ളത്.