ബെറ്റിനാഷ് പറക്കുകയാണ്...എൺപതിലും....
ബെറ്റിനാഷ് പറക്കുകയാണ്...എൺപതിലും....
നമ്മുടെയൊക്കെ നാട്ടിൽ 55 വയസുകഴിയുമ്പോൾ തന്നെ വിശ്രമജീവിതം ആരംഭിക്കുകയാണ്. എനിക്കൊന്നും ചെയ്യാൻ പറ്റില്ല, ആരോഗ്യം കുറവാണ്, ഭയങ്കര ക്ഷീണമാണു തുടങ്ങിയ ഒട്ടേറെ കാരണങ്ങൾ നമുക്കു നിരത്താൻ സാധിക്കും. പ്രായമാകുമ്പോൾ തന്നെ മനം മടുക്കുന്നതാണ് ഇവിടെ നാം കണ്ടുവരുന്നത്.

എന്നാൽ ചെയ്യുന്ന ജോലിയിൽ ആത്മാർഥതയും സന്തോഷവും കണ്ടെത്തിയാൽ ഒരിക്കലും പ്രായം അതിനു തടസമാവില്ല. അത്തരത്തിലുളള ഒരു വ്യക്‌തിത്വത്തിനുടമയാണു ബെറ്റി ബൂർക്കേ നാഷ്. ഇന്നു ലോകത്തിൽ ജോലിചെയ്യുന്ന എയർഹോസ്റ്റസുകളിൽ തലമുതിർന്ന വ്യക്‌തിയാണിവർ.

പ്രായമല്ല, മനസാണു ജീവിതത്തെ മുന്നോട്ടു നയിക്കുന്നതെന്ന് ഈ അമേരിക്കൻ വനിത തെളിയിച്ചിരിക്കുകയാണ്. എൺപതാം വയസിലും എയർഹോസ്റ്റസാണു ബെറ്റി നാഷ്. ഇവർ ജോലിയിൽ കയറിയിട്ട് ഏകദേശം 60 വർഷമായി. താൻ ഈ ജോലിയിൽ പ്രവേശിച്ചപ്പോൾ ഉണ്ടായ കാര്യങ്ങളും, ഇപ്പോഴത്തെ അവസ്‌ഥയുമൊക്കെ സിസിഎൻ വാർത്താചാനലുമായി പങ്കുവച്ച നിമിഷങ്ങളിലേക്കാണ് ഇന്നു സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. വാർത്ത അറിഞ്ഞവർ അത്ഭുതപ്പെടുകയാണ്. 80–ാം വയസിലും എങ്ങനെ ചെയ്യാൻ പറ്റുന്നു ഈ ജോലി? അതും എയർഹോസ്റ്റസായി. അതിനുത്തരം ജോലിയെ ആത്മാർഥമായി സ്നേഹിക്കുക. എയർലൈൻ നല്ലൊരു ജീവിതമാണ് എനിക്കു തന്നത്, അതിനാൽ തന്നെ ഞാൻ ചെയ്യുന്നതെന്തോ അതിൽ ഞാൻ സന്തോഷം കണ്ടെത്തുന്നുവെന്നായിരുന്നു ഇവരുടെ മറുപടി.

എന്നും യാത്ര ഒരേ റൂട്ടാണ്. വാഷിംഗ്ടൺ മുതൽ ബോസ്റ്റൺ ലോഗൻ വരെയുളള അമേരിക്കൻ വിമാനത്തിലാണ് ഇവരുടെ ജോലി. അതിനാൽ തന്നെ ഇതിലെ യാത്രക്കാരുമായി നല്ല സൗഹൃദമാണ് നാഷിന്. തന്റെ വീട്ടിലെ അംഗത്തിനോടു പെരുമാറുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തം. ആ രീതിയിൽ തന്നെയാണു തിരിച്ചുളള യാത്രക്കാരുടെ ഇടപെടലും. യാത്രക്കാരുമായി കുശലാന്വേഷണത്തിൽ ഏർപ്പെട്ടും, നല്ലൊരു ദിവസം നേർന്നുമാണ് അവരെ യാത്രയാക്കുന്നത്. സ്നേഹവും കരുതലുമാണു യാത്രക്കാർക്കാവശ്യം. ഞാൻ അവരെ സ്നേഹിക്കുന്നു, അവരെ എനിക്കറിയാം. അവർക്ക് എന്തു വേണമെന്ന് എനിക്കറിയാം. എയർലൈൻ അവരുടെ പേരിനാണു പ്രാധാന്യം നൽകുന്നത്. എന്നാൽ യാത്രക്കാരുടെ ആവശ്യങ്ങൾക്കാണു ഞാൻ പ്രാധാന്യം നൽകുന്നത്. എല്ലാവർക്കും സ്നേഹം ആവശ്യമാണെന്നാണു ബാറ്റ് പറയുന്നത്.



പതിനാറു വയസുളളപ്പോൾ തന്റെ മനസിൽ കടന്നുകൂടിയ ആഗ്രഹമാണ് എയർഹോസ്റ്റസാവുക എന്നത്. അമ്മയോടൊപ്പം വിമാനയാത്രയ്ക്ക് എയർപോർട്ടിൽ ഇരുന്ന സമയത്താണ് ഈ ആഗ്രഹം ആദ്യമായി കടന്നുവന്നത്. എയർഹോസ്റ്റസുകൾ അവരുടെ യൂണിഫോം ധരിച്ചുകൊണ്ടു തന്റെ മുന്നിലൂടെ നടന്നു പോകുന്നു. തുടർന്നു വിമാനത്തിൽ നിന്നു ലഭിച്ച പരിഗണനകൾ. ഇതെല്ലാം അനുഭവിച്ചറിഞ്ഞ അന്നു തീരുമാനിച്ചു, ഇങ്ങനെ എനിക്കും ആയിത്തീരണമെന്ന്. ഒരുപക്ഷേ അവരുടെ ആ ഇടപെടൽ എനിക്കു വേണ്ടിയായിരുന്നോ? തലമുതിർന്ന ഈ എയർഹോസ്റ്റസ് ഓർത്തുപോയി.

അതിനു ശേഷം കോളജ് വിദ്യാഭ്യാസത്തിനായി പോയ ബാറ്റ്, തന്റെ ആഗ്രഹത്തിൽ നിന്നും വ്യതിചലിക്കുവാൻ തയാറായിരുന്നില്ല. പഠനശേഷം നിയമസെക്രട്ടറിയായി ജോലി ചെയ്തിരുന്നു. തന്റെ ജീവിത സ്വപ്നത്തിനുളള പണം സമ്പാദിക്കുവാൻ വേണ്ടിയായിരുന്നു ഈ ജോലി. എന്നാൽ താൻ ഓഫീസിൽ ഒരു അലങ്കാരവസ്തുവാണെന്നു ബാറ്റയ്ക്കു തന്നെ തോന്നി. ആ സമയത്ത് എയർലൈൻ അവരുടെ ഒഴിവുകളുമായി രംഗത്തെത്തി.

അക്കാലത്ത് സ്റ്റുവേട്സ്(ശുശ്രൂഷക) എന്നായിരുന്നു ഈ ജോലി അറിയപ്പെട്ടിരുന്നത്. ജോലിയിലേക്ക് അപേക്ഷിച്ച ബെറ്റി 1957 നവംബർ 4ന് ഈസ്റ്റേൺ എയർലൈൻസിൽ ജോലിയിൽ പ്രവേശിച്ചു. അന്ന് ഇത്തരം ജോലികളിൽ വലിയ കർശനമായ നിയമങ്ങൾ ഉണ്ടായിരുന്നു. കൃത്യമായ ഉയരവും ഭാരവും ഉളളവർക്കു മാത്രമേ ഈ മേഖലകളിൽ അവസരങ്ങൾ ലഭിച്ചിരുന്നുളളു. അക്കാലത്തു ബ്യൂട്ടിപാർലറിൽ കൊണ്ടുപോയി മുടിക്കും, പുരികത്തിനും എയർലൈനിന്റെ രീതിയിൽ മാറ്റങ്ങൾ ചെയ്തിരുന്നു. ഓരോ എയർലൈനിലും പ്രത്യേകം ബ്യൂട്ടീഷന്മാർ ഉണ്ടായിരുന്നു. ഭാരം കൂടുതലുളളവർക്ക് ഒരാഴ്ച സമയം ഭാരം കുറയ്ക്കാൻ തരും. എന്നാൽ ഇന്നു യുഎസ് സർക്കാരിനു ഭാരത്തിന്റെയോ, ഉയരത്തിന്റെയോ കാര്യത്തിൽ പ്രത്യേകം നിബന്ധനയില്ല.


എന്തു ധരിക്കണമെന്ന് എയർലൈൻ അധികൃതരാണ് തീരുമാനിക്കുന്നത്. ആദ്യകാലഘട്ടങ്ങളിൽ എയർഹോസ്റ്റസുകൾക്ക് പാന്റ്സും, അതിനോടു കിടപിടിക്കുന്ന കോട്ടുകളുമൊക്കെയായിരുന്നു. എന്നാൽ കാലങ്ങൾ കഴിഞ്ഞതോടെ അതിനും മാറ്റങ്ങളുണ്ടായി. 1964ലെ മനുഷ്യാവകാശ നിയമംവഴി സ്ത്രീകൾക്കു മികച്ച രീതിയിൽ ജോലി

ചെയ്യുവാനുളള അവസരമുണ്ടായി. വിവാഹശേഷവും സ്ത്രീകൾ ജോലിയിലേക്കു മടങ്ങിവരുവാൻ കാരണമായെന്നും ഇവർ പറയുന്നു. അന്ന് ഇവരോടൊപ്പം അഞ്ചുപേരാണു ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഇന്ന് അതിൽ ബാറ്റ് മാത്രമാണു ജോലിയിൽ തുടരുന്നത്.

വർഷങ്ങൾ പിന്നിട്ടപ്പോൾ ആധുനിക യുഗത്തിന്റെ മാറ്റങ്ങൾ എയർലൈനുകളിലും വന്നു. ആദ്യമായി താൻ ജോലി ചെയ്യുന്ന സമയത്തു വിമാന സമയം രേഖപ്പെടുത്തുന്നതൊക്കെ ചോക്കിന്റെ സഹായത്തോടെ ബോർഡിലായിരുന്നു. മറ്റു വിവരങ്ങൾ രേഖപ്പെടുത്തുന്നതു ബുക്കിലും. പക്ഷേ ഇന്നു ബുക്കുകളും ബോർഡുകളും പഴങ്കഥയായി. പകരം സ്ക്രീനുകളായി. പേപ്പറുകൾ മാറ്റി ഐപ്പാഡും, ടാബ്ലെറ്റുകളും ആദ്യമായി ഉപയോഗിക്കുന്നതും അമേരിക്കൻ എയർലൈനുകളായിരുന്നു. എന്നാൽ ഇതു ബെറ്റിക്ക് നെഞ്ചിടിപ്പിനു കാരണമായി. കാരണം ഇവർക്ക് ടെക്നോളജിയുമായി അധികം ബന്ധമുണ്ടായിരുന്നില്ല. ഇവിടെ നിൽക്കണമോ? അതോ പോകണമോ എന്ന രീതിയിലേക്കു കാര്യങ്ങൾ അടുത്തു. എന്നാൽ പുതിയ യുഗവുമായി ഇഴുകിച്ചേരുവാൻ ബെറ്റി തയാറായി. അതിനാൽ തന്നെ ഈ കാലഘട്ടത്തിലും പിടിച്ചുനിൽക്കുവാൻ സാധിച്ചുവെന്നാണ് അവർ പറയുന്നതു. ആദ്യനാളുകളിൽ ശാരീരികമായ അധ്വാനം ഇതിനാവശ്യമായിരുന്നു.

അക്കാലഘട്ടങ്ങളിൽ എയർഹോസ്റ്റസായി ഒരാൾ മാത്രമാണ് എയർലൈനുകളിൽ ഉണ്ടായിരുന്നത്. ഭക്ഷണവും മറ്റുമടങ്ങിയ ട്രേ ഇവർ ഒറ്റയ്ക്കു കൈകാര്യം ചെയ്യണമായിരുന്നു. കൂടാതെ എല്ലാ യാത്രക്കാരേയും ശ്രദ്ധിക്കുകയും വേണം. കഴിഞ്ഞ അറുപതു വർഷത്തിനിടെ ടെക്നോളജിയുടെ കുതിപ്പിൽ ഒരുപാടു മാറ്റങ്ങൾ എയർലൈനിൽ വന്നു. എന്നാൽ ടെക്നോളജിക്കു മാറ്റാൻ കഴിയാത്ത ഒരു മേഖലയായിരുന്നു എയർഹോസ്റ്റസുകളുടെ ചിരിയാർന്ന മുഖമെന്നാണ് ഇവരുടെ അഭിപ്രായം. ആ മുഖം ബെറ്റി ഇന്നും സൂക്ഷിച്ചുപോരുന്നു.

അമേരിക്കൻ എയർലൈനുകളിൽ ഇന്നു 55,000ൽപരം ജോലിക്കാരുണ്ട്. ഇതിൽ 39 ശതമാനം പേർക്കും 31നും 40നും ഇടയിലാണു പ്രായം. 33 ശതമാനം പേർ 41–50നും ഇടയിലൂളളവരും 23 ശതമാനം ജീവനക്കാർ 51–60നും ഇടയിൽ പ്രായമുളളവരുമാണ്. അറുപതു വയസിനു ശേഷം എല്ലാവരും ജോലി ഉപേക്ഷിച്ച് വിശ്രമ ജീവിതത്തിലേക്കു കടക്കുകയാണു പതിവ്. ആ സാഹചര്യത്തിലാണ് ബെറ്റിയുടെ ഒറ്റയാൾ പോരാട്ടം ഇവിടെ ശ്രദ്ധയാകർഷിക്കുന്നത്.

ബെറ്റിയുടെ ജീവിതം പുതുതലമുറയ്ക്കു മുന്നിലെ തുറന്ന പുസ്തകമാണ്, ഇവരുടെ ജീവിതശൈലി ഇന്നത്തെ സമൂഹത്തിനുളള മാർഗനിർദേശവും. പ്രായമല്ല ഒരിക്കലും കാര്യങ്ങൾ നിയന്ത്രിക്കുന്നത്. പ്രായമായി എന്ന തോന്നൽ എന്നാണോ നാം അകറ്റിനിർത്തുന്നത്, അന്നായിരിക്കും നാം ജീവിതത്തിൽ വിജയിക്കുവാൻ തുടങ്ങുന്നത്. പ്രയാസങ്ങളും കഷ്‌ടപ്പാടുകളുമടങ്ങിയതാണു ജീവിതം. ഇത്തരം കാര്യങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. അവയെ തരണം ചെയ്യുക എന്നതു നാം ഓരോരുത്തരുടെയും കടമയാണ്.

കാലത്തിനനുസരിച്ചു മാറുന്നതാവണം ജീവിതം. മാറ്റങ്ങൾ നിറഞ്ഞ ജീവിതത്തിൽ പുതിയ കാര്യങ്ങൾ നേടിയെടുത്തും സന്തോഷം നിറച്ചുമാവണം നാം മുന്നേറുന്നത്. അതിനുളള ഉത്തമ ഉദാഹരണമാണ് എൺപതുകാരിയായ ബെറ്റി ബൂർക്കേ നാഷിന്റെ ജീവിതം.