കോവിഡ് 19 രോഗം ബാധിച്ച് സംസ്ഥാനത്ത് നിരവധി പേര് ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഉയരുന്ന ആശങ്കകള്‍ക്ക് ആശ്വാസമായി ദിശ. ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും സംയുക്ത സംരംഭമായ ദിശയിലേക്ക് ഇതിനോടകം ആയിരക്കണക്കിന് കോളുകളാണ് കൊറേണ സംശയ നിവാരണത്തിനായി എത്തിയിട്ടുള്ളത്. 24 മണിക്കൂര്‍ സേവനം ലഭ്യമാക്കുന്ന ദിശയുടെ പ്രവര്‍ത്തനം ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയിലെ അനാവശ്യ ആശങ്കകള്‍ക്ക് തടയിടാന്‍ സഹായകമായെന്നാണ് വിലയിരുത്തല്‍. ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ക്ക് പുറമേയാണ് കൊറോണയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി ദിശ സജ്ജമായിട്ടുള്ളത്.
ആദ്യ സമ്പൂര്‍ണ ആരോഗ്യ സഹായിയായ ദിശ ആരോഗ്യ കാര്യങ്ങളില്‍ ഉപദേശങ്ങള്‍ക്കും സംശയ നിവാരണത്തിനും ഏറെ പ്രയോജനപ്പെടുന്നുണ്ടെന്നാണ് പൊതുജനാഭിപ്രായം. പ്രാഥമിക ശുശ്രൂഷ, ചികിത്സ, രോഗപ്രതിരോധം എന്നിവ സംബന്ധിച്ച ഉപദേശങ്ങള്‍ ഡോക്ടര്‍മാര്‍ നല്കിവരുന്നു. ആരോഗ്യസംബന്ധമായ ഏത് സംശയങ്ങള്‍ക്കും അപ്പപ്പോള്‍ തന്നെ വിദഗ്ധ ഡോക്ടര്‍മാര്‍ മറുപടി നല്‍കും. ദിശയുടെ 1056(ടോള്‍ഫ്രീ)/0471 2552056 എന്ന നമ്പറിലൂടെ പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും സേവനം ലഭ്യമാണ്. പരീക്ഷാക്കാലത്തെ കുട്ടികള്‍ക്കു കൗണ്‍സലിംഗ് നല്‍കുന്നതിനായി 2013 മാര്‍ച്ചില്‍ ആരംഭിച്ച ദിശ ഏതെങ്കിലും പ്രദേശത്ത് ആരോഗ്യഭീഷണിയുയര്‍ത്തുന്ന പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അവ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അറിയിക്കാനും സര്‍ക്കാര്‍ ആശുപത്രിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉന്നത അധികാരികളെ അറിയിക്കാനുമെല്ലാമുള്ള സംവിധാനമായി മാറിക്കഴിഞ്ഞു. അതാതു ജില്ലയിലെ പ്രശ്നങ്ങള്‍ അപ്പപ്പോള്‍ ബന്ധപ്പെട്ടവരെ അറിയിച്ച് പരിഹാരം കാണുന്നതിനും ഉടന്‍ പരിഹരിക്കേണ്ടതാണെങ്കില്‍ അപ്പോള്‍ തന്നെ ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനും ദിശ സുപ്രധാന പങ്ക് വഹിക്കുന്നു. കേരളത്തിലുള്ളവര്‍ക്ക് പുറമേ ലക്ഷദ്വീപ് നിവാസികള്‍ക്കും ദിശയുടെ സേവനം ലഭ്യമാണ്.
ദിശയുടെ സേവനങ്ങള്‍ കൗണ്‍സലിംഗ്
ചൈല്‍ഡ് കൗണ്‍സലിംഗ്, പരീക്ഷാഭയത്തിനുള്ള കൗണ്‍സലിംഗ്, ലഹരി വിമുക്ത കൗണ്‍സിലിംഗ്, പ്രീമാരിറ്റല്‍/മാരിറ്റല്‍ കൗണ്‍സലിംഗ്, മാനസിക സംഘര്‍ഷത്തിനുള്ള കൗണ്‍സലിംഗ്, കൗമാര പ്രായക്കാര്‍ക്കുള്ള കൗണ്‍സലിംഗ്, എഡ്യൂക്കേഷണല്‍ കൗണ്‍സലിംഗ്, ഡയറ്റ് കൗണ്‍സിലിംഗ്, എച്ച്ഐവി/എയ്ഡ്സ് കൗണ്‍സലിംഗ്, ആത്മഹത്യപ്രവണത അതിജീവിക്കാനുള്ള വയോജനങ്ങള്‍ക്കുവേണ്ടിയുള്ള കൗണ്‍സലിംഗ് തുടങ്ങിയ ദിശയുടെ ടെലി കൗണ്‍സലിംഗ് സേവനങ്ങളാണ്. സംസ്ഥാനത്ത് കൊറേണ സ്ഥിരീകരിച്ചതിനു പിന്നാലെ ജനങ്ങളുടെ സംശയങ്ങള്‍ അകറ്റുന്നതിനും ദിശ നേതൃത്വം നല്കുന്നു. ജനങ്ങളില്‍നിന്നു അറിയുന്ന സംശയങ്ങള്‍ക്ക് വിദഗ്ധരാണ് മറുപടി നല്‍കുന്നത്. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെടുന്നതടക്കമുള്ള നിര്‍ദേശങ്ങളും ദിശ നല്കി വരുന്നു.
ആശുപത്രി സേവന വിവരങ്ങള്‍
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ വിവിധ സേവന വിവരങ്ങള്‍ അറിയുന്നതിനും ദിശയുടെ ഹെല്‍പ്പ്ലൈനുകള്‍ പ്രയോജനപ്പെടുത്താം. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തന സമയവും അവിടെ ലഭ്യമാകുന്ന സേവനങ്ങളും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന വിവരങ്ങള്‍, കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇവയെല്ലാം ലഭ്യമാണ്.
ഡോക്ടറോട് സംസാരിക്കാം
പൊതുജനങ്ങള്‍ക്ക് ആരോഗ്യപരമായ സംശയനിവാരണത്തിന് 24 മണിക്കൂറും ഫോണിലൂടെ വിദഗ്ധ ഡോക്ടര്‍മാരുമായി സംസാരിച്ച് നിര്‍ദേശങ്ങള്‍ സ്വീകരിക്കാവുന്ന സംവിധാനമാണ് ഡയല് എ ഡോക്ടര്‍ പദ്ധതി. ഫസ്റ്റ് എയ്ഡ് നിര്‍ദേശങ്ങളും ഇതോടൊപ്പം നല്കിവരുന്നു. ജനറല്‍ മെഡിസിന്, ത്വക്ക് രോഗവിദഗ്ധന്, ജനറല്‍ സര്ജന്, ഗൈനക്കോളജി വിഭാഗം, ഇഎന്‍ടി, ശിശുരോഗ വിദഗ്ധന്‍, ഓങ്കോളജി, എല്ല് രോഗവിദഗ്ധന് തുടങ്ങിയ സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്.
അതിക്രമങ്ങള്‍ അറിയിക്കാന്‍
സമൂഹത്തില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന ഏതൊരു വ്യക്തിക്കും ദിശയിലേക്കു വിളിച്ച് അടിയന്തര സഹായം തേടാം. സഹായം തേടുന്ന വ്യക്തിയുടെ വിവരങ്ങള്‍ ദിശ കൗണ്‍സലേഴ്സ് ശേഖരിച്ച് പ്രശ്നത്തിന്റെ തീവ്രതയനുസരിച്ച് അടിയന്തര സഹായം നല്‍കുന്നതിന് അതാതു ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജിബിവിഎം സെന്ററായ ഭൂമിക വഴി നടപടികള്‍ സ്വീകരിക്കും.
മാതൃശിശു പരിചരണം അറിയാന്‍
ഗര്‍ഭകാല പരിചരണങ്ങളെക്കുറിച്ചും മാതൃശിശു പരിചരണത്തെക്കുറിച്ചുമുള്ള സംശയങ്ങള്‍ക്കും ഫോണിലൂടെ വിദഗ്ധരായ ഡോക്ടര്‍മാരുടെ മറുപടി ദിശയിലൂടെ ലഭിക്കും. വിദഗ്ധപരിശീലനം നല്കിയ കൗണ്‍സലര്‍മാരും ഡോക്ടര്‍മാരുമാണ് മറുപടി നല്‍കുക. കുട്ടികളുടെ അമിത ദേഷ്യവും വാശിയും മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മാനസിക പ്രയാസങ്ങള്‍ വരെ വിശദമായി പറയാനും അതു പരിഹരിക്കപ്പെടാനും ദിശയിലൂടെ സാധിക്കും. പ്രത്യേക കൗണ്‍സലിംഗ് നല്കാന് മനഃശാസ്ത്രജ്ഞരുടെ പാനലുമുണ്ട്.