ലഹരിയെ തളയ്ക്കാന്‍ ‘യോദ്ധാവ് ’
Monday, February 17, 2020 2:25 PM IST
കോഴിക്കോട്: യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് പുതിയ പദ്ധതിയുമായി പോലീസ്.
മയക്കുമരുന്നുകളുടെ വിതരണത്തെക്കുറിച്ചു പോലീസിന് രഹസ്യവിവരം കൈമാറുന്നതിനും മയക്കുമരുന്ന് വ്യാപനം തടയുന്നതിനും വേണ്ടി യോദ്ധാവ് എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയാണ് പോലീസ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
ആപ്ലിക്കേഷന്‍വഴി പൊതുജനങ്ങള്‍ക്ക് രഹസ്യമായി വിവരങ്ങള്‍ കൈമാറാം. ഇതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.45 ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്‍ഫോപാര്‍ക്ക് ടിസിഎസ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു.
മയക്കുമരുന്നുകളുടെ വിതരണത്തെക്കുറിച്ചുള്ള രഹസ്യ വിവരശേഖരണം മയക്കുമരുന്നിനെതിരായ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് മാഫിയയുടെ പ്രതികാര നടപടി ഭയന്ന് പൊതുജനങ്ങള്‍ ഇത്തരം രഹസ്യങ്ങള്‍ സാധാരണ പങ്കുവയ്ക്കാന്‍ സന്നദ്ധരാകുന്നില്ല. വിവരങ്ങള്‍ നല്‍കുന്നതിന് ആളുകള്‍ ഭയപ്പെടുകയാണ്. ഇതിനൊരു മാറ്റംകുറിക്കാന് മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പോലീസുമായി പങ്കിടുന്നതിനാണ് യോദ്ധാവ് മൊബൈല്‍ ആപ് തയാറാക്കിയത്.
യോദ്ധാവ് എന്ന വാട്ട്സ്ആപ് പ്ലാറ്റ്ഫോമിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ പ്ലേസ്റ്റോറില്‍നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ഒരു പ്രത്യേക ആപ്ലിക്കേഷന്‍ ഡൗണ്ലോഡുചെയ്യേണ്ടതില്ല. മറ്റേതൊരു വാട്ട്സ്ആപ് സന്ദേശത്തെയും പോലെ യോദ്ധാവ് നമ്പറിലേക്ക് അയക്കാവുന്നതാണ്. വാട്ട്സ്ആപ് നമ്പര്‍ ഉദ്ഘാടന വേളയില്‍ പ്രഖ്യാപിക്കുന്നതാണെന്നു പോലീസ് അറിയിച്ചു.
സോഷ്യല്‍ മീഡിയയിലും യോദ്ധാവ് ഇതിനകം വൈറാലായി മാറി. മോഹന്‍ലാലിന്റെ ഫോട്ടോ സഹിതമാണ് ആപ്പിനെ പോലീസ് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചത്. മോഹന്‍ലാലും ഫേസ്ബുക്ക് വഴി യോദ്ധാവ് ആ പ്പിനെ പരിചയപ്പെടുത്തിയിട്ടുണ്ട്.