മനസ് കൊണ്ടൊരു കളി
Saturday, August 4, 2018 2:38 PM IST
ശരീരഭാഷയിലും സംസാരത്തിലും നിഗൂഢതയൊളിപ്പിച്ച കഥാപാത്രമായിരുന്നു പ്രേതത്തിലെ ജോൺ ഡോൺബോസ്കോ. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത പ്രേതം എന്ന ചിത്രത്തിൽ ജയസൂര്യ അവതരിപ്പിച്ച ജോൺ ഡോൺബോസ്കോ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായി മാറി. പ്രേതസിനിമകളിലെ സ്ഥിരം ഫോർമുലകളായ അലർച്ചയോ ആവാഹിക്കലോ ഒന്നുമില്ലാതെയാണ് ജോൺ ഡോൺബോസ്കോ റിസോർട്ടിൽ ബാധിച്ച പ്രേതബാധയെ ഒഴിപ്പിക്കുന്നത്. കാരണം ഒരു മെന്റലിസ്റ്റായാണ് ജയസൂര്യ ചിത്രത്തിൽ എത്തുന്നത്.ഒരു മെന്റലിസ്റ്റിനെ ആദ്യമായി മലയാളസിനിമയിൽ അവതരിപ്പിച്ച ജയസൂര്യയുടെ പ്രകടനം എടുത്തു പറയേണ്ട ഒന്നായിരുന്നു. ജോൺ ഡോൺബോസ്കോ എന്ന കഥാപാത്രം മാത്രമല്ല മെന്റലിസവും മലയാളികളുടെ മനസിൽ ഇടംനേടിയ ഒന്നായിരുന്നു 2016 ൽപുറത്തിറങ്ങിയ പ്രേതം എന്ന ചലച്ചിത്രം. എന്നാൽ പ്രേതം ഇറങ്ങുന്നതിന് മുന്‍പ് കണ്ണൂർ അഴീക്കോട് സ്വദേശിയായ പ്രീത്ത് അഴീക്കോട് മലയാളികളുടെ മനസ് വായിച്ചു തുടങ്ങിയിരുന്നു.
ലോകകപ്പ് ഫുട്ബോൾ ജേതാക്കളെ പ്രവചിച്ചു
2018 ൽ നടന്ന ലോകകപ്പ് ഫുട്ബോള്‍ വിജയികളെ പ്രഖ്യാപിച്ച് ആരാധകരെ അത്ഭുതപ്പെടുത്തി മെന്റലിസ്റ്റ് പ്രീത്ത് അഴീക്കോട്. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ തുടങ്ങുമ്പോഴെ ആരാകും വിജയിയെന്നും എത്ര ഗോളിന് വിജയിക്കുമെന്നും പ്രീത്ത് പ്രവചിച്ചിരുന്നു. ചില്ല് പെട്ടിക്കകത്ത് സൂക്ഷിച്ച പ്രവചനം അടങ്ങിയ കടലാസ് തിരുവനന്തപുരം മേയർ വി.കെ. പ്രശാന്തിന്റെ സാന്നിധ്യത്തിലാണ് പുറത്തെടുത്തത്. ജൂലൈ ആറിന് തന്നെ ലോകകപ്പില്‍ ആരാകും മുത്തമിടുന്നതെന്ന് പ്രീത്ത് അഴീക്കോട് പ്രവചിച്ചിരുന്നു. പ്രഖ്യാപനമടങ്ങിയ കടലാസ് ചില്ല് പെട്ടിക്കകത്ത് അടച്ച് താക്കോല്‍ തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിന് കൈമാറുകയായിരുന്നു. ഫൈനല്‍ ഫലം വന്ന് മേയറുടെ നേതൃത്വത്തില്‍ തന്നെ പെട്ടി പൊട്ടിച്ചപ്പോള്‍ എല്ലാവരും അദ്ഭുതപ്പെട്ടു ഫൈനല്‍ ആരു കളിക്കും, ആരു ജയിക്കും, എത്ര ഗോളിനു ജയിക്കും എന്നെല്ലാം കൃത്യമായി പ്രവചിച്ചിട്ടുണ്ട്. മെന്റലിസത്തിന്റെയും മാജിക്കിന്റെയും ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും സുതാര്യമായ പ്രവചനം എന്നും കാര്യങ്ങള്‍ മുന്‍കൂട്ടിയറിയാന്‍ ഒരു മന്ത്രവാദിയുടേയും അടുത്ത് പോകണ്ട ആവശ്യമില്ല എന്നതുമാണ് താന്‍ മുന്നോട്ട് വയ്ക്കുന്ന ആശയമെന്നും പ്രീത് പറഞ്ഞു.
പത്രങ്ങളെയും ഞെട്ടിച്ചു
2014ല്‍ ലോക്സഭാ ഇലക്ഷന് ഫലം വരുന്ന ദിവസത്തെ ആറു പ്രധാനപ്പെട്ട ദിനപത്രങ്ങളിലെ തലക്കെട്ടുകള്‍ പ്രവചിച്ചും പ്രീത്ത് ശ്രദ്ധനേടിയിരുന്നു. ബിജെപി ഭൂരിപക്ഷത്തോടെ വിജയിച്ച തെരഞ്ഞടുപ്പിൽ ആറു പത്രങ്ങളിലെ ആറ് വ്യത്യസ്ത തലക്കെട്ടുകളാണ് തലേദിവസം തന്നെ എഴുതി കണ്ണൂരിൽ പെട്ടിയിലാക്കിയത്.പിറ്റേ ദിവസം പത്രം ഇറങ്ങിയപ്പോൾ പ്രീത്ത് പ്രവചിച്ച തലക്കെട്ടുകളുമായാണ് ആറുപത്രവും ഇറങ്ങിയത്.
മാജിക്കിലേക്ക്
മാജിക്കിലായിരുന്നു പ്രീത്തിന്റെ തുടക്കം. രണ്ടാം ക്ലാസ് മുതൽ ചെറിയ ചെറിയ മാജിക്കുകൾ കൂട്ടുകാർക്ക് മുന്നിൽ കാണിച്ചു കൊടുത്തു. കണ്ണൂർ തോട്ടട ഗവ. പോളിടെക്നിക് സ്കൂളിൽ പഠിക്കുന്പോഴാണ് പൊതുസദസിനു മുന്നിൽ ആദ്യമായി മാജിക്ക് അവതരിപ്പിച്ചത്. പിന്നെ നിരവധി വേദികൾ പങ്കിട്ടു. മാജിക്കിനൊപ്പം മെന്റലിസവും ഭാഗമാക്കാൻ തുടങ്ങി. 2014 മുതൽ 2016വരെ പ്രീത്ത് അഴീക്കോട് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ മജീഷ്യനായിരുന്നു.
മനസ് വായനയിലേക്ക്
സൈക്കോളജി ചെറുപ്പം മുതൽ ഇഷ്ടമായിരുന്നു. അതിനാൽ ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ഇന്ത്യയിൽ മെന്റലിസത്തിന് വലിയ പ്രാധാന്യമില്ല. അതിനാൽ വിദേശരാജ്യങ്ങളിൽ നടക്കുന്ന മെന്റലിസ്റ്റ് ഷോ വീക്ഷിക്കുകയായിരുന്നു. മെന്റലിസവുമായി ബന്ധപ്പെട്ട ബുക്കുകൾ വായിച്ചായിരുന്നു പഠനം. മാജിക്കിനൊപ്പം മെന്റലിസവും ഷോകളിൽ ചെയ്യുവാൻ തുടങ്ങി. 2014 മുതൽ പൂർണമായും മെന്റലിസ്റ്റ് ആയി മാറി.
കണ്ണൂർ നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരേ വ്യത്യസ്തമായ ഒരു പ്രതിഷേധവും പ്രീത്ത് നടത്തിയിരുന്നു.കണ്ണൂർ നഗരത്തിലൂടെ കണ്ണും കെട്ടി ബൈക്ക് ഓടിച്ചായിരുന്നു പ്രതിഷേധം. എയ്ഡ്സ് രോഗികളോട് കാണിക്കുന്ന വിവേചനത്തിനെതിരേ പ്രീത്ത് പ്രതിഷേധിച്ചു.മെറ്റൽ ഷീറ്റ് കൊണ്ട് കണ്ണ് മൂടി കണ്ണൂർ നഗരത്തിലൂടെ ബൈക്കിലായിരുന്നു പ്രതിഷേധ യാത്ര. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിലും പ്രീത്ത് ഇടം നേടിയിട്ടുണ്ട്.
ഭാവി ചോദിച്ച് ആളുകൾ
ലോകകപ്പ് ഫുട്ബോൾ പ്രവചനത്തിനു ശേഷം പല ജ്യോത്സ്യൻമാരും പ്രീത്തിനെ വിളിച്ചിരുന്നു. നിങ്ങൾക്ക് മനുഷ്യരുടെ ഭാവി പ്രവചിക്കുന്നവർ ആയിക്കൂടെയെന്നായിരുന്നു ചോദ്യം. കൂടാതെ വിദേശരാജ്യങ്ങളിൽ ബിസിനസ് ചെയ്യുന്ന മലയാളികളും ചില സഹായങ്ങൾ തേടി വിളിക്കാൻ തുടങ്ങിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റെടുക്കുന്നവർ ടിക്കറ്റിന്റെ നന്പർ നോക്കി വിളിക്കുമെന്നും പ്രീത്ത് പറയുന്നു. ഇവരെയെല്ലാം കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയും ചെയ്യും. കാര്യങ്ങൾ മുൻകൂട്ടി അറിയാൻ ഒരു മന്ത്രവാദിക്കും സാധിക്കുകയില്ലെന്നും ഇത് ഒരു പെർഫോമൻസ് മാത്രമാണെന്നുമാണ് താൻ മുന്നോട്ട് വയ്ക്കുന്ന ആശയമെന്നാണ് പ്രീത്തിന്റെ അഭിപ്രായം. സൈക്കോളജിക്കൽ ടെക്നിക്ക് ഉപയോഗിച്ച് പെർഫോം ചെയ്യുന്ന ആർട്ടാണ് മെന്റലിസം എന്നാണ് പ്രീത്ത് പറയുന്നത്.
കുടുംബം
ഭാര്യ ഷിജിന വിദേശരാജ്യങ്ങളിൽ മാത്രം ഏറെ പ്രാധാന്യമുള്ള ബലൂണ്‍ ആർട്ട് ഷോ നടത്തുന്നവരിൽ ഒരാളാണ്. ഏക മകൾ ജ്വാലയും ബലൂൺ ഷോ നടത്തുന്നുണ്ട്.കണ്ണൂരാണ് സ്വദേശമെങ്കിലും തിരുവനന്തപുരം കഴക്കൂട്ടത്താണ് താമസിക്കുന്നത്. ഇപ്പോൾ രണ്ടുപേരും ചേർന്ന് മിസ്റ്റർ ആൻഡ് മിസിസ് അഴീക്കോട് എന്ന പ്രോഗ്രാം നടത്തുന്നു.
റെനീഷ് മാത്യു