കരുതലേകാം... സ്നേഹതീരത്തിനൊപ്പം താളം തെറ്റിയമനസുകള്ക്ക്...
Sunday, October 10, 2021 2:44 PM IST
ഒക്ടോബര്‍ 10, ലോകമാനസികാരോഗ്യ ദിനം. ലോകം കരുതലോട് കൂടീ നീങ്ങുമ്പോള്‍ സാമൂഹ്യമായുള്ള കരുതലും പിന്തുണയും വേണ്ടുന്ന ഒരു വിഭാഗമാണ് താളം തെറ്റിയ മനസ്സുകള്‍. മാനസികാരോഗ്യം നഷ്ടപ്പെട്ട് വേര്തിരിവുകളുടെയും ഒറ്റപ്പെടലുകളുടെയും ഇടയിലേക്ക് വലിച്ചിഴയ്ക്കുന്നവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയും സംരക്ഷിച്ച് പുനരധിവസിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രമാണ് സ്നേഹതീരം.
ജീവിതവഴിയില്‍ മാനസികാരോഗ്യം നഷ്ടപ്പെട്ടതിന്റെ ഭാഗമായി ഒറ്റപ്പെടേണ്ടിവന്നവര്‍ ഉപേക്ഷിക്കപ്പെട്ടവരുമാണ് സ്നേഹതീരത്തിലുള്ളത്. തെരുവില്‍ ആരും അലഞ്ഞുതിരിയരുത് എന്ന ആഗ്രഹത്താല്‍ സിസ്റ്റര്‍ റോസിലിന് തീര്‍ത്ത സ്നേഹഭവനമാണ് സ്നേഹതീരം.
കോവിഡിന്റെ ഭാഗമായി ഒത്തിരി പ്രതിസന്ധികളാണ് ഇന്നത്തെ കാലത്ത് ഇവര്‍ അനുഭവിക്കുന്നത്. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് പദ്ധതികള്‍ക്കും ആവശ്യമായ പിന്തുണയും സഹായങ്ങളും ലഭിക്കാതെ പോകുന്ന കാലഘട്ടമാണ് നിലവിലുള്ളത്.
ജീവിതം തിരികെപിടിക്കാന്‍ പ്രാപ്തമാക്കുക എന്ന ഉദ്ദേശത്തോടെ തൊഴിലധിഷ്ടിത പുനരധിവാസത്തിന്റെ ഭാഗമായി വ്യത്യസ്തമായ മുത്തുകള്‍ കൊണ്ട് നിറങ്ങള്‍ സംയോജിപ്പിച്ച് എറെ ആകര്‍ഷണീയമായി ജപമാലകളും അലങ്കാരമാലകളും വര്ണചവിട്ടികളും നിര്‍മ്മിച്ചെടുക്കുവാന്‍ അന്തേവാസികളെ പരിശീലിപ്പിച്ച് വരുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളെല്ലാം കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ആശങ്കയിലാണ്.
ചവിട്ടികളുടെ നിര്‍മ്മാണം സന്ദര്‍ശകര്‍ ശേഖരിച്ച് കൊണ്ട് വരുന്ന പഴയ തുണികള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത് വിറ്റഴിക്കാനുമുള്ള ബുദ്ധിമുട്ടുകളും നിലനില്ക്കുന്നു. ഈ സാഹചര്യങ്ങളെ എല്ലാം പൊതുസമൂഹത്തിന്റെ വലിയ കരുതലോട് കൂടി മാത്രമേ അതിജീവിക്കാന്‍ കഴിയുകയുള്ളു.
കുടുംബശ്രീയുമായി ചേര്‍ന്ന് സ്പെഷ്യല്‍ അയല്‍കൂട്ടങ്ങളായി രൂപീകരിച്ച് കുടനിര്‍മ്മാണം, കൂടാതെ സോപ്പ് നിര്‍മ്മാണം, അഗര്‍ബത്തി, ജൈവപച്ചക്കറി തോട്ടം തയ്യല്യുണിറ്റ് എന്നിവ പ്രയോജനപ്പെടുത്തി നിലവില്‍ പരിശീലനം നല്കി വരുന്നു.
താളം തെറ്റിയ മനസ്സുകള്‍ക്ക് സംഗീതത്തിന്റെ വിശാലലോകം പരിചയപ്പെടുത്തുന്നതിലൂടെ രോഗത്തിന്റെ തീവ്രാവസ്ഥയില്‍ നിന്ന് നേരിയമാറ്റം ഉണ്ടാകുന്നുണ്ടെന്ന നിരീക്ഷണത്തിന്റെ ഫലമാണ് സ്വന്തമായി ഒരു ബാന്‍ഡ് ട്രൂപ്പ് എന്ന ആശയം മുന്നോട്ട് വച്ചത്.
കേരള പോലീസ് മൂന്നാം ബറ്റാലിയനിലെ റിട്ട.പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.ആര്.സജീവന്റെ സഹായത്തോടെ നിരന്തരമായ പരിശീലനത്തോടെ 30 പേര് അടങ്ങുന്ന അന്തേവാസികളുടെ ബാന്‍ഡ്ട്രൂപ്പ് സ്നേഹതീരത്തില്‍ നിലവില്‍ ഉണ്ട്.
ജീവിതശൈലിരോഗങ്ങളെ നിയന്ത്രിക്കുവാനും മനോ-നിയന്ത്രണങ്ങള്‍ ശീലിക്കുവാനും വ്യായാമവും യോഗയും അഭ്യസിപ്പിക്കുകയും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന വിഭിന്ന സംസ്കാരവും വൈവിദ്യമായ സ്വഭാവ വൈകല്യങ്ങളും ഉള്ള അന്തേവാസികളെ ഒരുമയോടെ ഒരു കുടുംബാന്തരീക്ഷത്തില്‍ മുന്നോട്ട് കൊണ്ട് പോകുന്നതിനായി ഗ്രൂപ്പ് സെക്ഷനുകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
മനോവൈകല്യത്തിന് പുറമെ ശാരീരികവൈകല്യങ്ങളാലും മറ്റ് പലവിധ രോഗങ്ങളാലും യാതന അനുഭവിക്കുന്നവരും ജനിച്ച നാടോ, വീടോ, തിരിച്ചറിയാന്‍ കഴിയാത്തവരുമായ സഹോദരിമാരും അമ്മമാരും ആണ് സ്നേഹതീരം കുടുംബാംഗങ്ങള്‍.
സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ആരും ഏറ്റെടുക്കാനില്ലാതെ ഉപേക്ഷിക്കപ്പെടുന്നവര്‍, ബസ് സ്റ്റാന്‍ഡുകള്‍ റയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ മനോനിലതെറ്റി എത്തിപ്പെടുന്നവര്, അന്യസംസ്ഥനക്കാര്‍, ബന്ധുക്കളാലും മറ്റും ഉപേക്ഷിക്കപ്പെടുന്നവര്‍, ഒറ്റപ്പെടലുകളും പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നവര്‍, ഉള്‍പ്പെടെ ഉള്ളവരെയാണ് സ്നേഹതീരത്ത് സംരക്ഷിച്ച് പുനരധിവസിപ്പിക്കുന്നത്.
ജനപ്രതിനിധികള്‍, പോലീസ്, സന്നദ്ധ-സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരാണ് പ്രധാനമായും നിരാലംബരും നിരാശരുമായ അന്തേവാസികളെ കണ്ടെത്തി ഇവിടെ എത്തിക്കുന്നത്. ഇവരില്‍ ചിലരെ എത്തിക്കുമ്പോള്‍ സാമൂഹ്യവിരുദ്ധരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതരമായ പീഡനങ്ങളും ദുരനുഭവങ്ങളും നേരിട്ടായിരിക്കും എത്തുന്നത്.
അതിന്റെ ബാക്കിയെന്നോണം ആണ് അവര്‍ ജന്മം നല്കുന്ന കുഞ്ഞുങ്ങള്‍. ആ അമ്മമാര്‍ക്ക് ഇവിടെ സംരക്ഷണമേകുന്നതോടൊപ്പം കുഞ്ഞുങ്ങള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ഉറപ്പാക്കുന്നു. നാളിതുവരെയായി ഏകദേശം 600 ലധികം നിരാലംബരായ സ്ത്രീകള്‍ക്ക് സ്നേഹതീരം അഭയം നല്കി ചികിത്സയും പരിചരണവും നല്കി പുനരധിവസിപ്പിച്ചു.
സ്നേഹതീരത്തിന്റെ ആരംഭം
മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ എടക്കര കരിനെച്ചി ചിറായില് സി.ജെ ജോണ്‍ ത്രേസ്യാമ്മ ദമ്പതികളുടെ മകളായി ജനിച്ച സിസ്റ്റര്‍ റോസിലിന് പഠനം പൂര്‍ത്തീകരിച്ചതിന് ശേഷം ഉത്തരേന്ത്യയിലെ പല പിന്നോക്കഗ്രാമങ്ങളിലും ആദിവാസിമേഖലയിലും മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കടന്ന് ചെന്നപ്പോള്‍ ലഭിച്ച അനുഭവം അവിടുത്തെ സ്ത്രീകളും കുഞ്ഞുങ്ങളും നേരിടുന്ന ഒറ്റപ്പെടലുകളും, അതുമൂലം മനോനിലതെറ്റി തെരുവിലേക്ക് വലിച്ചെറിയപ്പെടുകയും വലിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്നതായിരുന്നു.
യാതൊന്നും അറിയാതെ ദുരനുഭവങ്ങള്‍ നേരിടുന്ന ഇത്തരത്തിലുള്ളവര്‍ക്ക് സ്നേഹം പങ്കുവെച്ച് കരുതലും സംരക്ഷണവുമേകാന്‍ ഉതകുന്ന ജീവകാരുണ്യപ്രവര്‍ത്തനം തുറന്നുവയ്ക്കണമെന്ന ഒരാഗ്രഹം ഉടലെടുത്തു.
ആഗ്രഹപൂര്‍ത്തീകരണത്തിനായി മാനസികാരോഗ്യം നഷ്ടപ്പെട്ട് ആരും കരുതാനില്ലാതെ തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും അഭയം നല്കി സംരക്ഷിച്ച് പുനരധിവസിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് 2002 സെപ്റ്റംബര്‍ 26ന് മൂന്ന് അന്തേവാസികളുമായി കൊല്ലം ജില്ലയിലെ കിഴക്കന്‍ പ്രദേശമായ കൊട്ടാരക്കരയ്ക്കും പുനലൂരിനുമിടയില്‍ വിളക്കുടിയില്‍ സിസ്റ്റര്‍ റോസിലിന് സ്നേഹതീരം ആരംഭിച്ചു. സഹോദരങ്ങള്‍ ചേര്‍ന്ന് വാങ്ങി നല്കിയ പഴയ ഓടിട്ട കെട്ടിടവും അതിനോട് ചേര്‍ന്ന വീടും സ്ഥലവും കൂടി വാടകയ്ക്കെടുത്താണ് സ്ഥാപനം ആരംഭിച്ചത്.
മാനസികരോഗി ആയാല്‍ തുടര്‍ന്ന് പിന്നിലേക്കാണ് സ്ഥാനം എന്ന് പറഞ്ഞു വയ്ക്കുന്നിടത്ത് നിന്നും യാതൊരു നിയന്ത്രണവും കെട്ടുപ്പാടുമില്ലാതെ എല്ലാവരും ഒന്നാണ് എന്ന സന്ദേശം നല്‍കികൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സാമൂഹിക- മാനസിക- ശാരീരിക ആരോഗ്യപരിപാലനത്തിലൂടെ കൈപിടിച്ചുയര്‍ത്തുകയാണ് സ്നേഹതീരത്തില്‍.
അന്തേവാസികളുടെ പരിപാലനത്തിനായി സ്നേഹതീരത്തില്‍ എത്തിക്കുമ്പോള്‍ ശാരീരികമായും മാനസികമായും ശുശ്രൂഷിച്ച് ആത്മീയമായ ഉത്തരവാദിത്വങ്ങളും കടമകളും ഏറ്റെടുക്കുവാനുള്ള ത്രാണി ക്രമാനുഗതമായി വികസിപ്പിച്ചെടുത്ത് സാമൂഹിക ജീവിതം നയിക്കുവാന്‍ പ്രാപ്തിയുള്ളവരാക്കി തീര്‍ക്കുന്നു.
അതിനോടൊപ്പം വിദഗ്ദരായ ഡോക്ടര്‍മാരുടെയും സൈക്ക്യാട്രിക്ക് സോഷ്യല്വര്ക്കേഴ്സിന്റെയും നഴ്സുമാരുടെയും സഹായത്തോടു കൂടി ചികിത്സയും സൈക്കോതെറാപ്പി, കൗണ്‍സിലിംഗ് എന്നിവയും നല്കിവരുന്നു. ഇതിലൂടെ ഇവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് അവരെകൊണ്ട് തന്നെ പരിഹാരം കണ്ടെത്തുവാനും സ്വന്തം ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുവാനും സാധിക്കുന്നു.
അന്തേവാസികളെ ചികിത്സക്കായി തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, പുനലൂര്‍ താലൂക്ക് ആശുപത്രി, സിഎച്ച്സി കല്ലറ, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ്, വെഞ്ഞാറമൂട് എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കുന്നു.
സ്നേഹതീരത്തോടൊപ്പം ഒന്നിക്കാം... സഹായിക്കാം
അതുകൊണ്ട് തന്നെ ഏവര്‍ക്കും സ്നേഹതീരം സന്ദര്‍ശിച്ച് പ്രാര്‍ത്ഥനയില്‍ കൂടി, ശുശ്രൂഷയില്‍ പങ്കാളിയാവാം. ജന്മദിനം, വിവാഹം, വിവാഹവാര്‍ഷികം, ജൂബിലി, ഗൃഹപ്രവേശം, ചരമവാര്‍ഷികം എന്നീ വേളകളില്‍ സ്നേഹതീരത്തില്‍ ഭക്ഷണമായും, വസ്ത്രമായും, മരുന്നായും മറ്റ് അവശ്യസാധനങ്ങളുമായും കടന്നു വരുന്നവരാണ് സ്നേഹതീരത്തെ നയിക്കാനുള്ള സിസ്റ്റര്‍ റോസിലിന്റെ ഊര്‍ജ്ജം. ഫോണ്‍ : 9496851515