കല്ലുകൾ കഥപറയുന്ന മഹാബലിപുരം
Monday, January 20, 2020 2:47 PM IST
കല്ലുകൾ കഥപറയുന്ന നാടാണ് തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലുള്ള മഹാബലിപുരം. കരിങ്കല്ലിൽ കൊത്തിയെടുത്ത ശില്പങ്ങളും ഗുഹകളും ക്ഷേത്രങ്ങളുമാണ് മഹാബലിപുരത്തെങ്ങും. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ സ്മാരകങ്ങളാണ് ഇവയെല്ലാം. പല്ലവ രാജഭരണകാലത്ത് പണി തീർത്തവയാണ് ഈ നിർമിതികളെല്ലാം. നാൽപ്പതോളം ശിലാ സ്മാരകങ്ങളും ക്ഷേത്രങ്ങളുമാണ് ഇവിടെയുള്ളത്.
മനോഹരമായ കടൽത്തീരവും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. മഹാബലിപുരത്തേക്കുള്ള വഴിയിൽ ഉടനീളം ധാരാളം കൽപ്രതിമകളുടെ നിർമാണ ശാലകൾ കാണാം. പല്ലവ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരുടെ പിൻഗാമികളാണ് ഇവരെല്ലാരും. മഹാബലിപുരമെന്നാണ് പേരെങ്കിലും നമ്മുടെ മഹാബലിയുമായി ഈ പ്രദേശത്തിന് യാതൊരു ബന്ധവുമില്ല. മാമല്ലപുരം എന്നറിയപ്പടുന്നതും ഈ പ്രദേശം തന്നെയാണ്.
തീരക്ഷേത്രം
മഹാബലിപുരത്ത് ബംഗാൾ ഉൾക്കടലിലാണ് ഈ ക്ഷേത്രമുള്ളത്. പല്ലവ രാജാക്കൻമാരാണ് ക്ഷേത്രം പണികഴിപ്പിച്ചത്. ഇവിടെയുണ്ടായിരുന്ന ഏഴ് ക്ഷേത്രങ്ങളിൽ ഇന്ന് അവശേഷിക്കുന്ന ഒരേയൊരു ക്ഷേത്രം കൂടിയാണിത്. മറ്റുള്ളവയെല്ലാം തന്നെ കാലക്രമേണ കടലെടുത്തു. തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നിർമിതികളിൽ ഒന്നാണിത്.
വെണ്ണക്കല്ല്
എപ്പോൾ വേണമെങ്കിലും ഉരുണ്ടു നീങ്ങുന്ന രീതിയിൽ നിൽക്കുന്ന കൂറ്റൻ പാറക്കല്ലാണ് വെണ്ണക്കല്ല് എന്നറിയപ്പെടുന്നത്. കൃഷ്ണനുമായി ബന്ധപ്പെടുത്തിയാണ് ഈ പാറക്കല്ലിനു വെണ്ണക്കല്ല് എന്നു പേരുവന്നത്. 96 അടി നീളവും 43 അടി ഉയരവുമുണ്ട് ഈ ഭീമൻ ശിലയ്ക്ക്. ദൈവങ്ങൾക്കൊപ്പം മനുഷ്യരുടെയും പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങൾ ഈ കല്ലിൽ കൊത്തിവച്ചിട്ടുണ്ട്.
മഹിഷാസുര മർദിനി ഗുഹ
ഒറ്റപ്പാറ തുരന്ന് കൊത്തിയെടുത്തതാണ് മഹിഷാസുര മർദിനി ഗുഹ. ഗുഹയ്ക്കുള്ളിൽ ഒരു ക്ഷേത്രവും മുകളിലായി ചെറിയൊരു ക്ഷേത്രരൂപവും നിർമിച്ചിരിക്കുന്നു. ഗുഹയ് ക്കുള്ളിലെ ഭിത്തികളിൽ അനന്തശയനം, മഹിഷാസുരവധം, ബുദ്ധൻ തുടങ്ങിയ ചിത്രങ്ങൾ കൊത്തി വച്ചിട്ടുണ്ട്.
പഞ്ചരഥങ്ങൾ
ധർമരാജ രഥം, അർജ്ജുനരഥം, ഭീമ രഥം, നകുലസഹദേവ രഥം, ദ്രൗപദി രഥം എന്നീ പേരുകളിൽ കല്ലിൽ കൊത്തിയെടുത്ത രഥങ്ങളെയാണ് പഞ്ചരഥങ്ങൾ എന്നു വിളിക്കുന്നത്. ഒറ്റ കല്ലിലാണ് ഈ അഞ്ചു രഥങ്ങളും കൊത്തിയെടുത്തിട്ടുള്ളത്. മഹാഭാരതത്തിലെ പാണ്ഡവൻമാരിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ രഥങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്.
ലൈറ്റ് ഹൗസ്
1884 ലാണ് മഹാബലിപുരത്ത് ലൈറ്റ് ഹൗസ് സ്ഥാപിക്കുന്നത്. പല്ലവ രാജാവായ മഹേന്ദ്രപല്ലവയുടെ കാലത്താണ് നിർമാണം. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ലൈറ്റ് ഹൗസ് കൂടിയാണ് ഇത്. പിന്നീട് 1904ൽ ഇത് പുതുക്കിപ്പണിതു. ലൈറ്റ് ഹൗസിന്റെ മുകളിൽ കയറിയാൽ മഹാബലിപുരത്തെ ശില്പകലകളുടെ വിശാലമായ ദൃശ്യം കാണാൻ സാധിക്കും.

മാരിറ്റൈം ഹെറിറ്റേജ് മ്യൂസിയം
ഈജിപ്ഷ്യൻ പാപ്പിറസ് ബോട്ടുകൾ, ആധുനിക കപ്പലുകളുടെയും മുങ്ങിക്കപ്പലുകളുടെയും ചെറിയ രൂപങ്ങൾ, പുരാതന കാലത്തെ കടൽവഴികളെ കാണിച്ചിരുന്ന ഭൂപടങ്ങൾ, കടൽ യാത്രയിൽ ആശയ വിനിമയത്തിന് ഉപയോഗിച്ചിരുന്ന മാർഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചിരിക്കുന്ന ഇടമാണ് മാരിറ്റൈം ഹെറിറ്റേജ് മ്യൂസിയം.
സീഷെൽ മ്യൂസിയം
ഏഷ്യയിലെ ഏറ്റവും വലിയ സീഷെൽ മ്യൂസിയമാണ് മഹാബലിപുരത്തുള്ളത്. വിവിധ തരത്തിലുള്ള ഷെല്ലുകൾ, തോടുകൾ, ഫോസിലുകൾ, പവിഴപ്പുറ്റുകൾ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
സന്ദർശനത്തിന് യോജിച്ച സമയം
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവാണ് മഹാബലിപുരം സന്ദർശിക്കുന്നതിന് പറ്റിയ സമയം. മഹാബലിപുരത്ത് ഡാൻസ് ഫെസ്റ്റിവൽ നടക്കുന്നത് ജനുവരിയിലാണ്. നല്ല ചൂടുള്ള പ്രദേശമായതിനാൽ രാവിലെയോ ഉച്ച കഴിഞ്ഞോ ശിലാ ശില്പങ്ങൾ കാണാൻ എത്തുന്നതാണ് ഉചിതം.
മഹാബലിപുരത്തേക്ക് എങ്ങനെ എത്താം
ചെന്നൈയിൽ നിന്നും 57 കിലോമീറ്റർ അകലെയാണ് മഹാബലിപുരം. ചെന്നൈ സെൻട്രലിൽ നിന്ന് നിരവധി സ്വകാര്യ ബസുകളും സർക്കാർ ബസുകളും മഹാബലിപുരത്തേക്ക് സർവീസ് നടത്തുന്നുണ്ട്.
എറണാകുളത്തുനിന്നും ദേശീയപാത 544ലൂടെ ചാലക്കുടി-പുതുക്കാട്-വടക്കാഞ്ചേരി-പാലക്കാട്-കോയന്പത്തൂർ-സേലം വഴി മഹാബലിപുരത്തേക്ക് 648 കിലോമീറ്റർ ദൂരം.
തിരുവനന്തപുരത്തുനിന്നും തിരുനെൽവേലി-മധുര-തിരുച്ചിറപ്പിള്ളി-ദിണ്ഡിവനം വഴി മഹാബലിപുരത്തേക്ക് 729 കിലോമീറ്റർ ദൂരം.
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: ചെങ്കൽപ്പേട്ട്- 29 കിലോമീറ്റർ ദൂരം
അടുത്തുള്ള വിമാനത്താവളം: ചെന്നൈ- 54 കിലോമീറ്റർ ദൂരം.
കാഴ്ചകൾ
തീരക്ഷേത്രം
കടുവാ ഗുഹ
അർജുന മണ്ഡപം
ഗംഗാ അവരോഹണം
ഗണേശ രഥം
പഞ്ചരഥങ്ങൾ
വരാഹ ഗുഹ
രായർ ഗോപുരം
വെണ്ണക്കല്ല്
മഹിഷാസുര മർദിനി ഗുഹ
ലൈറ്റ് ഹൗസ്
മാരിടൈം ഹെറിറ്റേജ് മ്യൂസിയം
സീഷെൽ മ്യൂസിയം
മുതല സങ്കേതം