ഓൺലൈൻ ഇലക്ഷൻ മാനിപ്പുലേഷൻ
ഓൺലൈൻ ഇലക്ഷൻ മാനിപ്പുലേഷൻ
കെ. ജയകുമാർ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്‌ഥാനാർഥി ഡോണൾഡ് ട്രംപ് തനിക്കെതിരായ വാർത്തകൾപോലും അനുകൂലമാക്കി ഗൂഗിൾ ട്രെൻഡ് റിസൽറ്റിൽ മുന്നിൽ. ഓൺലൈൻ ലോകത്തെ സെർച്ച് എൻജിൻ മാനിപ്പുലേഷൻ ഇഫക്ടിലൂടെയാണ് ട്രംപ് ഇതു സാധ്യമാക്കിയിരിക്കുന്നത്.

ഓൺലൈൻ പത്രങ്ങൾ, ബ്ലോഗുകൾ, സോഷ്യൽ മീഡിയ എന്നിവയുടെ വർധിച്ചുവരുന്ന പ്രചാരം വിദ്യാഭ്യാസം, തൊഴിൽ, കല, സാഹിത്യം, വ്യവസായം, സിനിമ, രാഷ്ട്രീയം തുടങ്ങി സമസ്ത മേഖലകളിലും ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതോടൊപ്പം തന്നെ ചില തത്പരകക്ഷികൾ അനഭിമതമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനു വേണ്ടിയും മാധ്യമങ്ങളെ ദുരുപയോഗം ചെയ്തുവരുന്നു. ഇതു പലപ്പോഴും തെറ്റായ ധാരണകൾ ജനങ്ങളിൽ വളർത്തും. ഇത്തരം വാർത്തകൾ പലപ്പോഴും വ്യക്‌തിപ്രഭാവങ്ങൾക്കു കോട്ടം തട്ടുന്നതിനും സ്‌ഥാപനങ്ങളുടെ യശസിനെ ഹനിക്കുന്നതിനും ഉത്പന്നങ്ങളെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്നതിനും കാരണമാകുന്നു.

ഓൺലൈൻ വാർത്തകൾ ചുരുങ്ങിയ സമയം കൊണ്ടു കൂടുതൽ പേരിൽ എത്തുന്നതുകൊണ്ട് തന്നെ ഇത്തരം വാർത്തകൾക്കു നിമിഷനേരംകൊണ്ടു വൻ പ്രചാരവും ലഭിക്കുന്നു. പ്രസ്തുത വാർത്തകളുടെ പ്രസക്‌തി നഷ്‌ടപ്പെട്ടാൽ തന്നെ കാലങ്ങൾക്കുശേഷവും വാർത്തകൾ ചികയുമ്പോൾ ഇത്തരം വാർത്തകൾ സോഷ്യൽ മീഡിയായിലും സെർച്ച് റിസൽറ്റുകളായും വീണ്ടും പൊന്തിവരുന്നതു പലപ്പോഴും മോശം പ്രതിച്ഛായയ്ക്കു കാരണമാകുന്നു. ഈ പശ്ചാത്തലത്തിലാണ് ഓൺലൈൻ റെപ്യൂട്ടേഷൻ മാനേജ്മെന്റിന്റെ പ്രസക്‌തി (Online Reputation Management).

ഓൺലൈൻ വഴിയുള്ള ബാഡ് റെപ്യൂട്ടേഷനും അതുവഴി ഉരുത്തിരിയുന്ന സെർച്ച് റിസൽറ്റുകളും ഇന്റർനെറ്റ് നിലവിൽ വന്ന കാലം മുതൽ നിലനിന്നുവരുന്നു. ജോർജ് ബുഷുമായി ബന്ധപ്പെട്ട് 2003 ൽ പ്രചരിപ്പിച്ച ദയനീയ പരാജയം’( Miserable Failure )’ എന്ന പ്രയോഗം 2004 ലെ അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷനിൽ വലിയ രീതിയിൽ ഓൺലൈൻ വാർത്തകളിൽ പ്രയോഗിച്ചു കണ്ടു. ഇതുമായി ബന്ധമില്ലാത്ത വാർത്തകൾപോലും സെർച്ച് റിസൽറ്റുകളിൽ മുന്നിലെത്തിക്കാൻ അനാവശ്യമായി ഇത്തരം വാക്കുകൾ (Key words) കൂട്ടിച്ചേർത്ത് വാർത്തകൾ നിർമിക്കുന്നത് ഒരു പ്രവണതായി മാറിയിരിക്കുന്നു. ഇത്തരം രീതി ഗൂഗിൾ ബോംബിംഗ് (Google Bombing) എന്നാണ് അറിയപ്പെടുന്നത്. ഗൂഗിൾ അൽഗൊരിതം ഇത്തരത്തിലുള്ള പ്രചരണരീതിയെ അധാർമിക മാർഗമായാണു കണക്കാക്കുന്നത്.

സെർച്ച് റിസൽറ്റുകളിൽ കടന്നുകൂടുന്ന ഇത്തരം വാർത്തകളെ നീക്കംചെയ്ത് തങ്ങൾക്കു പ്രയോജനപ്രദമായ വാർത്തകൾ ആൾക്കാരിൽ എത്തിക്കുക എന്ന ദൗത്യം പുതിയൊരു തൊഴിൽ സാധ്യതയുടെ ആവിർഭാവത്തിന് കാരണമായിരിക്കുന്നു. ആസ്ട്രോ ടർഫിംഗ് (Astroturfing ) എന്നറിയപ്പെടുന്ന ഈ രീതി പ്രാവർത്തികമാക്കുന്നതിന് സാങ്കേതികവിദ്യ, യുക്‌തി, വസ്തുതകൾ (Data) എന്നിവയുടെ സൂക്ഷ്മമായ സമന്വയം ആവശ്യമാണ്.


നമുക്കു ഹാനികരമാകുന്ന വാർത്തകൾ ലെക്സിക്കൽ അനാലിസിസിലൂടെ (Lexical Anayisis) പുനഃസൃഷ്‌ടിച്ച് സെർച്ച് എൻജിൻ ബോട്ടു (Search Engine Bot)കളുടെ കണക്കുകൂട്ടലിൽ (Algorithms) താത്കാലികമായ കുഴപ്പം സൃഷ്‌ടിച്ച് (canonical issue) അതിലൂടെ Search Engine Manipulation Effect (SEME) എന്ന സ്‌ഥിതി സംജാതമാക്കി ബാഡ് റെപ്യൂട്ടേഷൻ വാർത്തകളിൽനിന്ന് ആൾക്കാരെ നമുക്കു പ്രയോജനപ്രദമായ മറ്റു വാർത്താ ലിങ്കുകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന രീതി ഇന്നു വികസിത രാജ്യങ്ങളിൽ സർവസാധാരണമാണ്. ഈ രീതി ഇലക്ഷൻ പ്രചാരണ രംഗത്തു വളരെ സ്വാധീനം ചെലുത്തുന്നു.

ഇതുവരെയുള്ള അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷനുകളിൽ വിജയത്തിൽ എത്തിയ വിഭാഗം നേടിയ വോട്ടിംഗ് മേൽക്കോയ്മ 7.6 ശതമാനത്തിനും താഴെ മാത്രമായിരുന്നു. 2012 അതു വീണ്ടും താണ് 3.9 ശതമാനമായി മാറി. 2016 ലെ പ്രസിഡൻഷ്യൽ ഇലക്ഷനിൽ നിഷ്പക്ഷ സമ്മതിദായകരെ സ്വാധീനിക്കാൻ ഇരുവിഭാഗവും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അമേരിക്കയിൽ 50 സ്റ്റേറ്റുകൾ ഉള്ളതിൽ 47ലും ജനങ്ങൾ ഡോണൾഡ് ട്രംപുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായുന്നതിൽ മുന്നിൽ നിൽക്കുന്നതായി ഗൂഗിൾ ട്രെൻഡ്സ് സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ സെർച്ച് റിസൽറ്റുകളിൽ ഒപ്പത്തിനൊപ്പം ഹില്ലരി ക്ലിന്റണും എത്തിയെങ്കിലും നേരിയ ഭൂരിപക്ഷത്തിൽ ട്രംപ് തന്നെയാണു മുന്നിൽ.

തനിക്കെതിരായ വാർത്തകൾ പോലും ഓൺലൈൻ റെപ്യൂട്ടേഷൻ മാനേജ്മെന്റിലൂടെയും സെർച്ച് എൻജിൻ മാനിപ്പുലേഷൻ ഇഫക്ടിലൂടെയും തനിക്ക് അനുകൂലമായി മാറ്റാൻ കഴിഞ്ഞു എന്നതു നിഷ്പക്ഷ വോട്ടർമാരിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ കാരണമാകുമെന്നാണു ഗൂഗിൾ ട്രെൻഡ് റിസൽട്ട് സൂചിപ്പിക്കുന്നത്. ഇതു ട്രംപിന്റെ സാധ്യകൾക്കു കൂടുതൽ ആക്കം നൽകുന്നു.

(ഡിജിറ്റൽ മാർക്കറ്റിംഗ് വിദഗ്ധനും ക്ലിയർസ്ലെഗ് ടെക്നോളജീസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണു ലേഖകൻ. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട രൂപരേഖ തയാറാക്കി നൽകിയിട്ടുണ്ട്.)