എല്ലാവർക്കും കാഴ്ചയുണ്ടാകട്ടെ
എല്ലാവർക്കും കാഴ്ചയുണ്ടാകട്ടെ
ഒക്ടോബർ 13 കാഴ്ചദിനം
ശാരീരിക വൈകല്യങ്ങളെ വെല്ലുവിളിയായി സ്വീകരിച്ചും അതിജീവിച്ചും ജീവിതവിജയം നേടി ലോകത്തിനു വെളിച്ചം പകർന്ന അന്ധയും ബധിരയും മൂകയുമായ ഹെലൻ കെല്ലർ എന്ന ധീര വിശ്വവനിതയെക്കുറിച്ച് ഈ ദിവസങ്ങളിൽ ധാരാളം ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഒക്ടോബറിലെ 13–15 ദിനങ്ങൾ ‘കാഴ്ച ദിനവും വെള്ളച്ചൂരൽ ദിന’വുമായി, യുഎൻ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ആചരണങ്ങളും ആഘോഷങ്ങളും ആഗോളതലത്തിൽ അലയടിക്കുമ്പോൾ കണ്ണുണ്ടായിട്ടും കണ്ണിന്റെ വിലയറിയാത്ത സമൂഹമായി നാം മാറുന്നുണ്ടോ? കാഴ്ചയില്ലാത്ത ഹതഭാഗ്യർക്കായി നമ്മുടെ മനോഭാവത്തിൽ മാറ്റം വരുത്തേണ്ടതല്ലേ? അവരോടു സംസാരിക്കാൻ പോലും നാം വിമുഖത കാണിക്കുന്നതാണ് അവരുടെ വലിയ വിഷമം. പൊതുസമൂഹത്തിന്റെ അവഗണന അന്ധരെ ഏറെ വേദനിപ്പിക്കുന്നു. ഭാരതജനസംഖ്യയുടെ പത്തു ശതമാനം അംഗപരിമിതരാണ്. എന്നാൽ, കേരളത്തിൽ അംഗവൈകല്യമുള്ളവരേക്കാൾ അധികമാണു മൂന്നര ലക്ഷം വരുന്ന കാഴ്ചയില്ലാത്തവർ. ആഗോളതലത്തിൽ കാഴ്ചയില്ലാത്ത ദശലക്ഷങ്ങൾ കാഴ്ചയ്ക്കുവേണ്ടി കാഴ്ചയും ഉൾക്കാഴ്ചയുമുളള നമ്മെ കാത്തിരിക്കുകയാണ്. അവരെ ഇരുട്ടിൽ മരിക്കാൻ അനുവദിക്കാതെ പുതിയ വെളിച്ചം നൽകാൻ നമുക്കു സാധ്യതയുണ്ട്, കടമയുണ്ട്.

ലോകത്തിലെ വലിയ നേത്രദാന സംഘടിത പ്രവർത്തനം രൂപപ്പെട്ടത് 2014 ഒക്ടോബർ 13–ലെ ലോക കാഴ്ചദിനത്തിൽ ബംഗളുരൂവിൽ നടത്തപ്പെട്ട, 1500 പേർ പങ്കെടുത്ത ‘ബ്ലൈൻഡ് വാക്ക്’ അന്ധനടത്തത്തിലൂടെയാണ്. ബംഗളൂരു ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ദി പ്രോജക്ട് വിഷൻ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു നടത്തം. കാഴ്ച നഷ്ടപ്പെട്ടവരുടെ കണക്കുകൾ ആരെയും ഞെട്ടിപ്പിക്കും. കാഴ്ച കുറവുള്ള 39.5 കോടി ജനങ്ങളിൽ ഏകദേശം 3.9 കോടി ആളുകൾ പരിപൂർണ അന്ധരാണ്. ലോകത്തിലെ കാഴ്ചയില്ലാത്തവരിൽ ഏകദേശം മൂന്നിലൊന്ന് (1.5 കോടി) ഇന്ത്യാക്കാരാണ്. ലോക ജനസംഖ്യയുടെ ഒരു ശതമാനത്തിലധികമാണിത്. പല അവികസിത രാജ്യങ്ങളിലും ആകെ ജനസംഖ്യയുടെ ഒരു ശതമാനം ജനങ്ങളെ അന്ധത ബാധിച്ചിട്ടുണ്ട്.



തികച്ചും വേദനാജനകമായ അനുഭവങ്ങളുടെ വെളിച്ചത്തിലാണു സാമൂഹികപ്രവർത്തകനായ ഫാ. ജോർജ് കണ്ണന്താനം എന്ന കത്തോലിക്കാ പുരോഹിതൻ ബംഗളൂരു ആസ്‌ഥാനമായി പ്രോജക്ട് വിഷൻ ആരംഭിക്കുന്നത്. ബംഗളുരുവിലെ കുഷ്ഠരോഗികളുടെ ക്ഷേമപ്രവർത്തനങ്ങളുമായി 12 വർഷത്തെ മികച്ച പ്രവർത്തനങ്ങളുടെ മറ്റൊരു ഫലശ്രുതിയാണ് ഈ സന്നദ്ധ സംഘടന. ദീർഘകാലത്തെ അനുഭവങ്ങൾ, ഫാ. ജോർജിനെ ശിഷ്ട ജീവിതം അന്ധജനങ്ങളോടൊപ്പം കഴിയാൻ പ്രേരിപ്പിക്കുകയും 2013–ൽ പ്രോജക്ട് വിഷൻ ജന്മമെടുക്കുന്നതിനു കാരണമാകുകയും ചെയ്തു.

അന്ധത ബാധിച്ച ഇരുപതുശതമാനത്തോളം രോഗികളെ ‘കോർണിയ’ മാറ്റിവയ്ക്കൽ കൊണ്ട് സുഖപ്പെടുത്താവുന്നതാണ്. ഇതു നേത്രദാനം കൊണ്ടു മാത്രം സാധിക്കാവുന്ന കാര്യവുമാണ്. പക്ഷേ നിർഭാഗ്യവശാൽ നേത്രദാനം നമ്മുടെ സമൂഹത്തിന്റെ ഒരു ശീലമായിട്ടില്ല. ശ്രീലങ്കയിലെ ബുദ്ധമതക്കാർ ‘നിർവാണം’ പ്രാപിക്കാൻ നേത്രദാനം ചെയ്യുന്നതുകൊണ്ടു സാധിക്കുമെന്നു വിശ്വസിക്കുന്നതിനാൽ മരണാനന്തര നേത്രദാനം ശ്രീലങ്കയിൽ സർവസാധാരണമാണ്. ശ്രീലങ്കയുടെ ആവശ്യം കഴിഞ്ഞ്, ലോകരാജ്യങ്ങളിലേക്ക് അവർ‘കോർണിയ’ അയച്ചുകൊടുക്കുന്നു. ഇന്ത്യയിൽ ഏകദേശം 750 നേത്രബാങ്കുകളുണ്ടെങ്കിലും നേത്രസംഭരണം വളരെ കുറവാണ്.

1,50,000 കോർണിയ ആവശ്യമുള്ളപ്പോൾ 53,000 എണ്ണം മാത്രമാണ് 2015–ൽ ശേഖരിക്കപ്പെട്ടത്. ഏകദേശം ഒരു ലക്ഷമാളുകൾ ‘കോർണിയ’ മാറ്റിവയ്ക്കലിനു വേണ്ടി കാത്തിരിക്കുന്നു. ഈ കുറവു പരിഹരിക്കണമെന്ന ലക്ഷ്യമാണു പ്രോജക്ട് വിഷന്റേത്. ‘‘എല്ലാവർക്കും കാഴ്ചയുണ്ടാകട്ടെ’’എന്നതാണ് പ്രോജക്ട് വിഷന്റെ ദൗത്യവും ലക്ഷ്യവും. സാമൂഹിക– സാംസ്കാരിക– സാമുദായിക– വിദ്യാഭ്യാസ പ്രസ്‌ഥാനങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്നു. ഒരു ആഗോള പ്രസ്‌ഥാനമായി മാറണമെന്ന ലക്ഷ്യവുമുണ്ട്. ഇപ്പോൾ അഞ്ചു രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയും യൂണിസെഫും സഹകരണം വാഗ്ദാനം ചെയ്തിരിക്കുന്നു. ആദ്യപടിയായി 2000 നേത്രദാന വോളണ്ടിയർമാർ വഴി കൂടുതൽ നേത്രബാങ്കുകളും ഐ കളക്ഷൻ സെന്ററുകളും തുടങ്ങുന്നതിനു തുടക്കം കുറിച്ചു കഴിഞ്ഞു.


ബ്ലൈൻഡ് വാക്ക് അഥവാ അന്ധനടത്തം ഇന്ത്യയുൾപ്പെടെ അഞ്ചുരാജ്യങ്ങളിലായി 55 കേന്ദ്രങ്ങളിൽ നാളെ നടക്കും. കറുത്ത തുണികൊണ്ട് കണ്ണുമൂടിക്കെട്ടിയ ബ്ലൈൻഡ് വാക്ക് കേരളത്തിൽ ആദ്യമായാണു നടത്തപ്പെടുക. അന്ധത എന്തെന്നു മനസിലാക്കാനും അനുഭവവേദ്യമാക്കാനുമാണിത്. അമേരിക്ക, കാനഡ, ചൈന, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും ഇതു നടക്കും. പ്രധാന വീഥികളിലെ ഒരു കിലോമീറ്റർ ദൂരമുള്ള ‘‘അന്ധ നടപ്പ്’’ നയിക്കുന്നത് അന്ധന്മാരായിരിക്കും. തുടർന്ന്, കണ്ണുദാനം ചെയ്യുകയും ലോകമെമ്പാടും കാഴ്ചയ്ക്കു തകരാറുള്ളവരെ സഹായിക്കുകയും ചെയ്യുമെന്നുള്ള നേത്രദാന പ്രതിജ്‌ഞ എടുക്കുകയും നേത്രദാനസമ്മതപത്രം സ്വീകരിക്കുകയും ചെയ്യും. അന്ധന്മാർ അവതരിപ്പിക്കുന്ന സാംസ്ക്കാരിക പരിപാടികളുമുണ്ടാകും.

ബ്ലൈൻഡ് വാക്കിനു നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്, ശ്രീശ്രീ രവി ശങ്കർ നയിക്കുന്ന ആർട്ട് ഓഫ് ലിവിംഗ്, ഐ ബാങ്ക് അസോസിയേഷൻ ഓഫ് ഇന്ത്യ, കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകൾ സഹകരണവും പിന്തുണയും നൽകുന്നുണ്ട്. വിവിധ സംഘടനകളുടെ സഹകരണത്തോടെ കോട്ടയത്ത് ഇദംപ്രഥമമായി നടക്കുന്ന ബ്ലൈൻഡ് വാക്ക് നാളെ രാവിലെ 8.30ന് ദർശന സാംസ്കാരിക കേന്ദ്രത്തിൽനിന്നു ശാസ്ത്രി റോഡ് വഴി തിരുനക്കര മൈതാനത്ത് എത്തിച്ചേരും. തുടർന്ന് സമ്മേളനം.

അന്ധർ അനുഭവിക്കുന്ന ദുരിതങ്ങൾ സമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരികയും നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുകയുമാണു ലക്ഷ്യം. ബംഗളൂരുവിൽ ഇതിനോടകം 35,000 നേത്രദാനസമ്മതപത്രങ്ങൾ സ്വീകരിക്കുകയും 4,500 തിമിര ശസ്ത്രക്രിയകൾ നടത്തുകയുമുണ്ടായി. കേരളത്തിൽ ഇന്നു നാലു ഐ ബാങ്കുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. പല മെഡിക്കൽ കോളജുകളിൽ പോലും മരണാനന്തരം കണ്ണുകൾ എടുക്കാനുള്ള സാഹചര്യങ്ങളുണ്ടാകുന്നില്ല എന്നതു വേദനാജനകമാണ്.

കേരളത്തിൽ 15 ഐ ബാങ്കുകളും പ്രാദേശികമായി നിരവധി ഐ കളക്ഷൻ സെന്ററുകളും ആരംഭിക്കുന്നതിനും കണ്ണെടുക്കുന്നതിനുള്ള കൂടുതൽ ടെക്നീഷ്യന്മാർക്കു പ്രത്യേകം പരിശീലനം നൽകുന്നതിനും പദ്ധതിയുണ്ട്. കേരളത്തിനുമാത്രമായി ഒരു മൂന്നക്കമുള്ള പ്രത്യേക ടെലിഫോൺ നമ്പരിലൂടെ ഏതവസരത്തിലും മരണവിവരം അറിയിക്കുന്നതിനും നിശ്ചിതസമയത്തിനുള്ളിൽത്തന്നെ കോർണിയ എടുക്കുന്നതിനുമുള്ള സാഹചര്യത്തിനും ശ്രമം നടക്കുന്നു. പ്രതിവർഷം 1,40,000 നേത്രദാനങ്ങൾ നടന്നെങ്കിൽ മാത്രമേ അന്ധതയെ മറികടക്കാനാവൂ.

കാഴ്ച വൈകല്യമുള്ളവരിൽ 20 ശതമാനത്തിനു മാത്രമേ കോർണിയ വച്ചു പിടിപ്പിക്കാനാവൂ. ശേഷമുള്ള കാഴ്ചവൈകല്യമുള്ള 80 ശതമാനം കുട്ടികൾക്കു വിദ്യാഭ്യാസവും യുവാക്കൾക്കു തൊഴിൽ പരിശീലനവും പ്രായമായവർക്കു പുനരധിവാസവും പ്രൊജക്ട് വിഷൻ പ്ലാൻ ചെയ്തിട്ടുണ്ട്. ആവശ്യത്തിന് ആനുപാതികമായ രീതിയിൽ ഇന്ത്യയിൽ നേത്രദാനം നടക്കുന്നില്ല. ഇത് ഒരു സാമൂഹിക ആവശ്യമായി കണ്ടു സമൂഹം പ്രതികരിച്ചില്ലെങ്കിൽ സർക്കാരിന്റെ ഉദ്യമങ്ങൾ വിജയിക്കില്ല. ശക്‌തമായ ബോധവത്കരണശ്രമങ്ങൾ ഇനിയും ധാരാളം ആവശ്യമാണ്.

–ബേബിച്ചൻ ഏർത്തയിൽ