സുഖമോ ദേവി...എന്നു ചോദിച്ചത് 30 വർഷം മുമ്പ്
സുഖമോ ദേവി...എന്നു ചോദിച്ചത് 30 വർഷം മുമ്പ്
30 വർഷം മുമ്പ് നന്ദൻ ദേവിയോട് ചോദിച്ചു....സുഖമോ ദേവി... പൂർണതയിലെത്താതെ പോയ പ്രണയത്തിന്റെ വേദനയും നൊമ്പരവുമായി വേണുനാഗവള്ളിയുടെ സുഖമോ ദേവി 30 വർഷം തികയ്ക്കുകയാണ്. മലയാളസിനിമയിലെ എക്കാലത്തേയും മികച്ച പ്രണയസിനിമകളിൽ ഒന്നായി വേണുനാഗവള്ളി സംവിധാനം ചെയ്ത സുഖമോ ദേവി ഇടംപിടിച്ചിട്ടുണ്ട്. മോഹൻലാലും ശങ്കറും ഗീതയും ഉർവശിയും ജഗതിശ്രീകുമാറുമൊക്കെ അഭിനയിച്ച സുഖമോ ദേവി 1986ലാണ് റിലീസ് ചെയ്തത്.

ഒരുമിച്ചു പഠിച്ച കൂട്ടൂകാർ, അവരിൽ നാലുപേരുടെ പ്രണയം, സണ്ണിയും താരയും, നന്ദനും ദേവിയും..പ്രണയത്തിന്റെ പൂക്കാലം..പക്ഷേ കാലം അവരെ വേർപിരിക്കുന്നു..ആർക്കും പരസ്പരം ഒന്നിക്കാനാകുന്നില്ല. ഒന്നാകണമെന്നാഗ്രഹിച്ചവർ ഒന്നാകാതെ പോവുകയും ഒരിക്കലും ഒന്നാകണമെന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാത്തവർ ഒന്നാവുകയും ചെയ്യുന്ന കാലത്തിന്റെ വികൃതി....അപൂർണമായ പ്രണയത്തിന്റെ എല്ലാ മധുരനൊമ്പരങ്ങളും ചാലിച്ചെഴുതിയ ചിത്രമായിരുന്നു സുഖമോ ദേവി.

പ്രണയത്തിന്റെ മഴനനഞ്ഞ് നന്ദനും ദേവിയും

ദേവി നന്ദനെ ആദ്യം കാണുകയല്ല, കേൾക്കുകയാണ് ചെയ്യുന്നത്. ശ്രീലതികകൾ തളിരണിഞ്ഞൊഴുകവേ വാ കിളിമകളേ....എന്ന പാട്ടിലൂടെ നന്ദന്റെ ശബ്ദമാണ് ദേവിയെ തേടി ആദ്യമെത്തുന്നത്. പിന്നെയാണ് ദേവി നന്ദനെ കാണുന്നത്. എല്ലാ അർത്ഥത്തിലും വളരെ പാവമായ നന്ദനെ കുറച്ചൊന്നു വട്ടംകറക്കിയാണ് ദേവി പ്രണയിക്കുന്നത്. നന്ദനും ദേവിയും തമ്മിലുള്ള ചെറിയ പിണക്കങ്ങളും വഴക്കുകളുമെല്ലാം ഒടുവിൽ ചെന്നെത്തുന്നത് പ്രണയത്തിന്റെ തീരത്താണ്. ദേവി തന്നെയാണ് നന്ദനോട് ഇഷ്‌ടം തുറന്നുപറയുന്നത്. പിന്നെയവരുടെ പ്രണയകാലമാണ്. ശങ്കറും ഉർവശിയും നന്ദനും ദേവിയുമായി മനോഹരമായി അഭിനയിച്ചു. എല്ലാ എതിർപ്പുകളേയും അവഗണിച്ച് അവർ പ്രണയതീരത്തലഞ്ഞു നടന്നു. പക്ഷേ...കാലം കാത്തുവച്ചിരുന്നത് മറ്റു പലതുമാണ്..

അടിച്ചുപൊളിച്ച് സണ്ണിയും താരയും

നന്ദനും ദേവിയും പ്രണയിച്ചപോലെയല്ല സണ്ണിയുടേയും താരയുടേയും പ്രണയം. ഇളകിമറിയുന്ന ഒരു ഫുട്ബോൾ ഗ്രൗണ്ടിലാണ് സണ്ണിയേയും താരയേയും പ്രേക്ഷകർ ആദ്യം കാണുന്നത്. അവരുടെ പ്രണയവും അതുപോലെയാണ്. ഇളകി മറിയുന്ന പ്രണയം. ആർപ്പും ആരവുമായുള്ള പ്രണയം. മോഹൻലാലും ഗീതയും സണ്ണിയും താരയുമായി ഓരോ ഫ്രെയ്മിലും നിറഞ്ഞാടി.

അരണ്ട വെളിച്ചം പൊഴിയുന്ന ബാറിലേക്ക് സണ്ണി താരയെ കൂട്ടിക്കൊണ്ടുപോകുന്ന സീനുണ്ട് ചിത്രത്തിൽ. തന്റെ പ്രണയം വേറൊരു സ്റ്റൈലിലാണെന്നും അത് നന്ദന്റെയും ദേവിയുടേയും പ്രണയം പോലെയല്ലെന്നും സണ്ണി പറയുന്നുണ്ട് താരയോട്. അതെല്ലാം കേട്ട് ബാറിലൊറ്റയ്ക്കിരുന്ന മദ്യപിക്കുന്ന ഒരാൾ കൈയടിക്കുന്നുണ്ട്. സംവിധായകൻ വേണുനാഗവള്ളി തന്നെയാണ് ആ മദ്യപാനിയെ അവതരിപ്പിച്ചത്്.

ചെറുപ്പം ചെറുപ്പകാലത്ത് ജീവിച്ചുതീർത്ത വിനോദ്

എന്റെ ഫൗജീഭായ്...ചെറുപ്പം ചെറുപ്പകാലത്ത് ജീവിച്ചുതീർക്കണമെന്നാണ് ഞങ്ങളുടെയൊക്കെ ആഗ്രഹം. അതിങ്ങനെ വലിച്ചുനീട്ടി ദാ ഇതുപോലെയാക്കാൻ താത്പര്യമില്ല എന്ന് ശങ്കരാടിയുടെ ഫൗജിഭായിയോട് ഡയലോഗടിക്കുന്ന ജഗതിശ്രീകുമാറിന്റെ വിനോദ് എന്ന കഥാപാത്രം ആദ്യപകുതിയിൽ കോമഡികൊണ്ട് നമ്മെ ചിരിപ്പിക്കുകയും രണ്ടാംപകുതിയിൽ അനന്യസാധാരണമായ പ്രകടനം കൊണ്ട് നമ്മെ കരയിപ്പിക്കുകയും ചെയ്യുന്നു.

വിശപ്പാണ് വിനോദിന്റെ പ്രശ്നം. എത്ര കഴിച്ചാലും മതിയാകാത്ത വിശപ്പ്. വാതോരാതെ സംസാരിക്കുന്ന വിനോദ്. പക്ഷേ പിന്നീട് ഈ കഥാപാത്രം അപ്പാടെ മാറുന്നു. ജഗതി ശ്രീകുമാറിന്റെ മികച്ച കഥാപാത്രമാണ് വിനോദ്. ഇന്ന് സുഖമോ ദേവി ടിവിയിൽ കാണുമ്പോൾ അറം പറ്റിയ ഒരു കഥാപാത്രം പോലെ തോന്നിപ്പോകും...

നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്...

ഒറ്റപ്പെടലിന്റെ വേദനയാണ് സുഖമോ ദേവി പറയുന്നത്. ഒരുമിച്ചുണ്ടായിരുന്നയാൾ ഒരു നിമിഷത്തിൽ ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന വേദന. അതാണ് സുഖമോ ദേവി എന്ന സിനിമ പറയുന്നത്. നന്ദൻ–ദേവി പ്രണയം പൂർണതയിലെത്താതെ പോകുന്നതും സണ്ണി–താര പ്രണയം അപൂർണമാകുന്നതും ഏതാണ്ട് ഒരേസമയത്താണ്.

നന്ദന്റെ ജീവിതത്തിൽ നിന്ന് ദേവിയെ ഡോ.വേണുഗോപാൽ കൊണ്ടുപോകുമ്പോൾ താരയിൽ നിന്ന് സണ്ണിയെ വേർപെടുത്തിക്കൊണ്ടുപോകുന്നത് വിധിയാണ്. നോവിന്റെ തീരങ്ങളിൽ ഒറ്റപ്പെട്ടുപോയ നന്ദനും താരയും പിന്നീട് ക്ലൈമാക്സിൽ ഒന്നിക്കാൻ തീരുമാനിക്കുന്നതും ഭർത്താവിനെ ഉപേക്ഷിച്ച് വരുന്ന ദേവിയെ ഉപദേശിച്ച് ഭർത്താവിന്റെയടുത്തേക്ക് നന്ദൻ തിരിച്ചയയ്ക്കുന്നതുമാണ് ചിത്രത്തിന്റെ ക്ലൈമാക്സ്.

ഇതെക്കുറിച്ചൊന്നും ഓർത്ത് വിഷമിക്കേണ്ടെന്നും കുറേക്കാലം കഴിഞ്ഞ് നീ ഒരു അപ്പൂപ്പനും താര ഒരു അമ്മൂമയുമൊക്കെയായി തിരിഞ്ഞുനോക്കുമ്പോൾ ഇതെല്ലാം ഒരു തമാശയായി മാത്രമേ തോന്നൂവെന്നും സണ്ണിയുടെ വോയ്സ് ഓവറുണ്ട് അവസാന ഷോട്ടിൽ. താരയോട് മോളെ നീ വിഷമിക്കണ്ട, നിന്റെ സണ്ണിച്ചൻ ഇവിടെയുണ്ട്, നന്ദനോട് നന്ദാ, എന്റെ താരയെ നോക്കിക്കോണെ..ഓൾ ദി ബെസ്റ്റ് എന്ന് മോഹൻലാലിന്റെ വോയ്സ് ഓവറിൽ പറയുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.ഹൃദയത്തിൽ തൊടുന്ന ക്ലൈമാക്സാണ് ചിത്രത്തിന്റേത്.


രവീന്ദ്ര – ശ്രീനിവാസ സംഗീതം

സംഗീത സാന്ദ്രമാണ് സുഖമോ ദേവി.. സിനിമയുടെ ടൈറ്റിലിനെ പല ലെവലുകളിൽ ഈണം പകർന്ന രവീന്ദ്രനും ചിത്രത്തിന്റെ പശ്ചാത്തലസംഗീതമൊരുക്കിയ എം.ബി.ശ്രീനി

വാസനും സുഖമോ ദേവിയെ സംഗീതസാന്ദ്രമാക്കുന്നു.

ശ്രീലതികകൾ തളിരണിഞ്ഞുലയവേ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ചിത്രീകരണവും മനോഹരമാണ്. സ്റ്റേജിൽ നന്ദൻ പാടുന്ന ഷോട്ടുകളിൽ നിന്നാരംഭിച്ച് കന്യാകുമാരിയിലെ സൂര്യോദയവും സൂര്യനെ നമിക്കുന്ന കലാകാരൻമാരും തിരുവനന്തപുരത്തെ ഘോഷയാത്രയും എല്ലാം ചേർന്നുള്ള വ്യത്യസ്തമായ ചിത്രീകരണമാണ് ഈ ഗാനത്തെ വേറിട്ടതാക്കുന്നത്. ഒ.എൻ.വി.കുറുപ്പിന്റെ വരികളിലേക്ക് രവീന്ദ്രസംഗീതം പടർന്നുകയറുന്നത് അനുഭവം തന്നെയാണ്.

കവിത തുളുമ്പുന്ന സംഭാഷണങ്ങൾ

ചിത്രത്തിൽ പലയിടത്തും ഡയലോഗുകൾക്ക് കവിതയുടെ ചാരുത കൈവരുന്നത് കാണാം. പ്രത്യേകിച്ച് നന്ദനും ദേവിയും തമ്മിലുള്ള സംഭാഷണങ്ങളിൽ. ഫർണീച്ചറില്ലാത്ത വീടും മൂന്നു കുരങ്ങൻമാരും എന്നു തുടങ്ങുന്ന ദേവിയുടെ ഡയലോഗ് ചിത്രത്തിന്റെ അവസാനവും ഭംഗിയായി ഉപയോഗിക്കുന്നുണ്ട്.. അത്രമേൽ ഇഷ്‌ടത്തോടെ നന്ദൻ മോളെ എന്നുവിളിക്കുമ്പോൾ എന്തോ എന്ന് വിളികേൾക്കുന്ന ദേവിയും, ദേവിയെ ഉപദേശിച്ച് ഭർത്താവിനൊപ്പം തിരിച്ചയയ്ക്കുന്ന നന്ദന്റെ വാക്കുകളും ഹൃദയസ്പർശിയാണ്.

സണ്ണിയില്ലാത്ത കോളജിലേക്ക് മടങ്ങിയെത്തുന്ന നന്ദന്റെ ആത്മഗതങ്ങളും കവിതകളുടെ രൂപത്തിലാണ്. ഞാനിന്ന് ഞങ്ങളുടെ പഴയ കോളജിലെത്തി. സണ്ണിയില്ലാത്ത കോളജ്. ഓർമകൾ നിറഞ്ഞുനിൽക്കുന്ന കോളജ്...

ജീവിതത്തിൽനിന്നു കഥാപാത്രങ്ങളായവർ

വേണുനാഗവള്ളി തിരുവനന്തപുരത്ത് കണ്ടുമുട്ടിയതും പരിചയപ്പെട്ടതുമായവരെ കഥാപാത്രങ്ങളാക്കി മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് ആ കഥാപാത്രങ്ങൾക്ക് ലൈഫ് കിട്ടിയത്.

സൈക്യാട്രിസ്റ്റായി കാവി വേഷമണിഞ്ഞെത്തുന്ന സോമനും താരയുടെ ജ്യേഷ്ഠനായ പോലീസുകാരൻ ഔസേപ്പച്ചനായി എത്തിയ ജനാർദ്ദനനും സണ്ണിയുടെ ചേട്ടനായി വരുന്ന കെ.പി.എ.സി സണ്ണിയും ഫൗജിഭായിയായി എത്തിയ ശങ്കരാടിയുമൊക്കെ തിരുവനന്തപുരത്തെ ഇടവഴികളിലോ നഗരവീഥികളിലോ നമ്മൾ പലപ്പോഴായി കണ്ടുമുട്ടിയവർ തന്നെ. ദേവിയുടെ കർക്കശക്കാരനായ അച്ഛനായി അഭിനയിച്ച ജഗന്നാഥവർമയും അമ്മയായി എത്തിയ സുകുമാരിയും നന്ദന്റെ അമ്മയായ കവിയൂർ പൊന്നമ്മയും ദേവിയുടെ അനുജനായി അഭിനയിച്ച ഗണേഷ്കുമാറും ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത കഥാപാത്രങ്ങളാണ്.

നല്ലസിനിമയ്ക്കായി അവരൊത്തുചേർന്നു

നല്ല സിനിമയ്ക്ക് വേണ്ടി മനസർപ്പിച്ച് ഒത്തുചേർന്ന് 1986ൽ സുഖമോ ദേവി റിലീസ് ചെയ്യുമ്പോൾ അത് കാലത്തെ അതിജീവിക്കുന്ന അപൂർണമായ പ്രണയസിനിമയായി മാറുമെന്നാരും കരുതിയതല്ല. നടനിൽ നിന്നും എഴുത്തുകാരനിൽ നിന്നും സംവിധായകന്റെ വേഷത്തിലേക്ക് വേണുനാഗവള്ളി മാറിയ ആദ്യചിത്രമായിരുന്നു അത്. ഗാന്ധിമതി ഫിലിംസ് ബാലനാണ് ചിത്രം നിർമിച്ചത്. എസ്.കുമാർ ഛായാഗ്രഹണം നിർവഹിച്ചു. എഡിറ്റിംഗ് കെ.പി.പുത്രനും.

അക്കാലത്ത് സൂപ്പർതാരമായി തിരക്കിൽ നിന്നും തിരക്കിലേക്ക് ഓടിനടക്കുകയായിരുന്ന മോഹൻലാൽ സുഖമോ ദേവിയിൽ ഏതാനും സീനുകളിൽ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളുവെങ്കിലും ചിത്രത്തിന്റെ ജീവൻ ലാൽ അവതരിപ്പിക്കുന്ന സണ്ണിയെന്ന കഥാപാത്രത്തിലാണ്. സണ്ണിയെന്ന കഥാപാത്രത്തിനെ വേണുനാഗവള്ളിക്ക് വളരെ അടുത്തു പരിചയമുള്ള ഒരാളിൽ നിന്നാണ് രൂപപ്പെടുത്തിയതത്രെ.

മോഹൻലാലിന്റെ കഥാപാത്രം ബൈക്കപകടത്തിൽ മരിക്കുന്നത് ആരാധകരെ നിരാശരാക്കുന്നുണ്ടെങ്കിലും ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് ലാലിന്റെ കഥാപാത്രം തന്നെയാണ്. കാമുകനായും ഗായകനായും ശങ്കറും തിളങ്ങി.

ഇപ്പോൾ...

നന്ദനും താരയും ഇപ്പോൾ സണ്ണി പറഞ്ഞതുപോലെ 60–65 വയസുള്ളവരായി മാറിയിരിക്കും. അവരുടെ കുട്ടികളോട് അവർ സണ്ണിച്ചനെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നുണ്ടാകും. ദേവിയും വേണുഗോപാലും കുട്ടിയും വിദേശത്തായിരിക്കും.

തിരുവനന്തപുരത്തെ വീടും നന്ദന്റെ പാടത്തിനക്കരെയുള്ള വീടും ഇപ്പോഴുണ്ടാകുമോ എന്തോ...ഒന്നുമിണ്ടാൻ പോലുമാകാതെ വിനോദ്് ഇപ്പോഴും സണ്ണിയുടെ ശവക്കല്ലറയിൽ പൂക്കൾ വച്ച് സല്യൂട്ട് ചെയ്യുന്നുണ്ടാകും...ഫൗജിഭായ് ഇപ്പോഴുണ്ടാവില്ല.

കാതോർത്താൽ കേൾക്കാം...പതിഞ്ഞ ശബ്ദത്തിൽ നന്ദൻ ചോദിക്കുന്നത്..
സുഖമോ ദേവി...

<യ> –ഋഷി