പാർക്കിൻസൺസ് രോഗം: നേരത്തേ ചികിത്സ തുടങ്ങാം
Friday, May 9, 2025 2:09 PM IST
പ്രധാനമായും ലക്ഷണങ്ങള്‍ അപഗ്രഥിച്ചും ന്യൂറോളജിസ്റ്റിന്റെ സഹായത്തോടെ ക്ലിനിക്കല്‍ പരിശോധനകള്‍ നടത്തിയുമാണ് പാര്ക്കിന്സണ് രോഗം സ്ഥിരീകരിക്കുന്നത്.
കാലുകളുടെ ചലനത്തെ മാത്രമാണ് കൂടുതലായി ബാധിക്കുന്നതെങ്കില്‍ അത് ചിലപ്പോള്‍ തലച്ചോറിലെ ചെറു രക്തധമനികളുടെ അടവ് മൂലമോ (വാസ്കുലാർ പാര്‍ക്കിന്‍സോണിസം) അല്ലെങ്കില്‍ തലച്ചോറിനുള്ളിലെ ഫ്ളൂയിഡിന്റെ അളവു കൂടുന്നതു മൂലമോ (normal pressure hydrocephalus) ആകാം.
ഇതിനായി തലച്ചോറിന്റെ സ്കാനിംഗ് ആവശ്യമായി വരാം. അതുപോലെ, പ്രവര്‍ത്തികളില്‍ മന്ദത ഉണ്ടാകുന്ന മറ്റു രോഗങ്ങള്‍ ഉണ്ടോ എന്ന് അറിയാന്‍ ചില രക്തപരിശോധനകളും നടത്തേണ്ടിവരും.
ചികിത്സാരീതികള്‍
പാര്ക്കിന്സണ് രോഗം പൂര്‍ണമായും ഭേദമാക്കാനാവില്ല. എന്നാല്‍ നേരത്തേതന്നെ മരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ അസുഖത്തിന്റെ തീവ്രത കൂടുന്നത് വലിയൊരളവുവരെ നമുക്ക് നിയന്ത്രിക്കാനനാവും.അതോടൊപ്പം രോഗിക്ക് പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ നോക്കാനും സാധിക്കും.
കൃത്യമായ ചികിത്സയില്ലെങ്കില്‍ 7-10 വര്‍ഷം രോഗി കിടപ്പിലാകുകയും മരണത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും. എന്നാല്‍ നല്ല ചികിത്സ ലഭിക്കുകയാണെങ്കില്‍ 25-30 വര്‍ഷം വരെ ആയുര്‍ദൈര്‍ഘ്യം ഉണ്ടാകും.
പാർശ്വഫലമുണ്ടായാലും...
തുടക്കത്തില്‍ ചെറിയ ഡോസില്‍ ഉള്ള മരുന്നുകളോടുതന്നെ നല്ലപോലെ പ്രതികരിക്കുമെങ്കിലും വര്‍ഷം കൂടുന്നതനുസരിച്ചു മരുന്നിന്റെ ഡോസ് കൂട്ടികൂട്ടി കൊണ്ടുവരേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ മരുന്നിന്റെ പാര്‍ശ്വഫലങ്ങളും രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കാം.
അപ്പോള്‍ മരുന്ന് നിര്‍ത്തുകയല്ല വേണ്ടത്, മറിച്ചു ഡോക്ടറുടെ നിര്‍ദേശാനുസരണം ഓരോ സമയത്തുമുള്ള ഡോസ് കുറച്ചു പല നേരമായി മരുന്ന് കഴിക്കണം.
മരുന്നുകള്‍ കൊണ്ട് ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍ തലച്ചോറിനുള്ളില്‍ പേസ്മേക്കര്‍ പോലുള്ള എലെക്ട്രോഡ്സ് വച്ച് തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്ന (deep brain stimulation) ചികിത്സാരീതികളും ഇന്ന് ലഭ്യമാണ്.
രോഗം മൂര്ച്ഛിക്കുന്നതിനുമുമ്പ് രോഗിക്ക് നടക്കാന്‍ സാധിക്കുന്ന അവസ്ഥയിലാണ് ഇത് ചെയ്യുന്നത്.
വ്യായാമം
മരുന്നുകളോടൊപ്പം തന്നെ പ്രധാനമാണ് ദിവസേനയുള്ള വ്യായാമം. ഇത് പേശികളുടെ ദൃഢത കുറച്ചു വേദനയും ക്ഷീണവും മാറ്റി നടത്തം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. സൈക്ലിംഗ് ആണ് പാര്ക്കിന്സണ് രോഗികള്‍ക്ക് ഏറെ അഭികാമ്യമായ വ്യായാമം.
ന്യുമോണിയ സാധ്യത...
രോഗാവസ്ഥയുടെ അന്ത്യഘട്ടത്തില്‍ ഭക്ഷണം കഴിക്കുന്നത് വളരെയധികം കുറയുകയും പെട്ടെന്നു ന്യൂമോണിയ പോലുള്ള അണുബാധ ഉണ്ടാകുകയും ചെയ്യുന്നു. ഇതാണ് സാധാരണയായി മരണത്തിനു കാരണമാകുന്നത്.
നേരത്തേതന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചാല്‍ വലിയൊരു പരിധി വരെ ഇതിന്റെ വൈഷമ്യം കുറച്ചു രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും.
വിവരങ്ങൾ: ഡോ. സുശാന്ത് എം. ജെ.
എംഡി, ഡിഎം, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.